Saturday, October 29, 2011

നിയമസഭാ ചോദ്യോത്തരങ്ങള്‍ - വാളകം, ക്രൈബ്രാഞ്ച്, റോഡപകടം..

വാളകം സംഭവം സി ബി ഐക്ക് വിടുന്നകാര്യം പരിഗണനയില്‍ 

വാളകം ആക്രമണം സി ബി ഐയ്ക്ക് വിടുന്നകാര്യം സര്‍ക്കാരിന്റെ പരിശോധനയിലാണെന്ന് പി കെ ഗുരുദാസന്‍, പി അയിഷാപോറ്റി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, രാജു എബ്രഹാം, എന്നിവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാനത്ത് ചില തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് സി ദിവാകരന്‍, ഇ കെ വിജയന്‍, ഇ എസ് ബിജിമോള്‍, ജി എസ് ജയലാല്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. സിമി എന്ന സംഘടനയാണ് ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ളത്. സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ നിന്നും വിദേശസഹായം സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. നിരോധനം മൂലം സിമി എന്ന സംഘടന സംസ്ഥാനത്ത് ഇപ്പോള്‍ പ്രത്യക്ഷമായി പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നില്ല. എന്നാല്‍ ഇസ്ലാമിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐ എസ് എ), മൈനോറിറ്റി റൈറ്റ്‌സ് വാച്ച് (എം ആര്‍ ഡബ്ല്യു) എന്നീ ചില സംഘടനകളുടെ പേരില്‍ പരോക്ഷമായി പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 14 ഐ എ എസ് ഓഫിസര്‍മാര്‍ക്കെതിരെ കേസുകളും അന്വേഷണവും നടക്കുന്നുണ്ടെന്ന് എ എ അസീസിനെ മുഖ്യമന്ത്രി അറിയിച്ചു. പി ഐ ഷെയ്ഖ് പരീത്, ടി ബാലകൃഷ്ണന്‍, ശാരദാ മുരളീധരന്‍, ഗ്യാനേഷ് കുമാര്‍, കെ സുരേഷ് കുമാര്‍, ബിശ്വനാഥ് സിന്‍ഹ, എക്‌സ് അനില്‍, ടിങ്കു ബിസ്വാള്‍, ടി ഒ സൂരജ്, വി ആര്‍ പത്മനാഭന്‍, എ പി എം മുഹമ്മദ് ഹനീഷ്, ജോസ് ഐസക്ക്, ജിജി തോംസണ്‍, ടി ജെ മാത്യു എന്നിവര്‍ക്കെതിരെയാണ് കേസും അന്വേഷണവും നടക്കുന്നത്. കേരള പൊലീസ് അന്വേഷിച്ചുവരുന്ന 14 കേസുകളില്‍ വിവിധ തലങ്ങളില്‍ നിന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011 സെപ്റ്റംബര്‍വരെയുള്ള കണക്ക് പ്രകാരം പ്രതിമാസം ശരാശരി 2914 റോഡപകടങ്ങളിലായി 341പേര്‍ മരിക്കുകയും 3373പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ ശരാശരി ആറു വിദ്യാര്‍ഥികള്‍ മരിക്കുകയും 128 വിദ്യാര്‍ഥികള്‍ക്ക് പരിക്കുപറ്റുകയും 37 ഡ്രൈവര്‍മാര്‍ മരിക്കുകയും 562 ഡ്രൈവര്‍മാര്‍ക്ക് പരിക്ക് പറ്റുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2010ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗുമായി ബന്ധപ്പെട്ട് 43 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി 31കേസുകള്‍ കോടതിയില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേവനാവകാശ നിയമത്തില്‍ ആഭ്യന്തരവകുപ്പിലെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികള്‍, പ്രഥമവിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കല്‍, പ്രധാനപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പൊലീസ് ഇടപെടല്‍ ഉറപ്പാക്കല്‍, സമയബന്ധിതമായ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് , സമയബന്ധിതമായ തൊഴില്‍പരിശോധന റിപ്പോര്‍ട്ട് എന്നിവ സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനത്തിന് 164 ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവനമാണ് ആവശ്യമുള്ളതെന്ന് മുല്ലക്കര രത്‌നാകരനെ മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്നത് 105 ഐ എ എസുകാരാണ്. കേരള കേഡറില്‍പ്പെട്ട 46 ഐ എ എസുകാര്‍ കേന്ദ്രത്തില്‍ സേവനം അനുഷ്ടിക്കുന്നു. കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിന് ഐ എ എസിലേക്ക് പ്രമോഷന്‍ വഴിയുള്ള നിയമനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ യു പി എസ് സിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എട്ടു ഐ എ എസുകാര്‍, ഒരു ഐ പി എസ്, ഒരു ഐ എഫ് എസ് ഉദ്യോഗസ്ഥനും കേന്ദ്രസര്‍വീസില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 27 ഐ പി എസുകാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും മൂന്നു ഐ പി എസുകാര്‍ അന്തര്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിക്കുന്നു. ഐ എ എസിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് റവന്യു, പൊതുഭരണകാര്യങ്ങളില്‍ പ്രവര്‍ത്തനപരിചയമുള്ള തസ്തികകളെ സ്റ്റേറ്റ് സിവില്‍സര്‍വീസിന്റെ ഭാഗമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കൂടി പുതിയതായി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനും യു പി എസ് സിക്കും കത്തയച്ചിട്ടുണ്ട്. പൊതുഭരണവകുപ്പിനെ സിവില്‍സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തില്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ സെക്രട്ടറിയേറ്റിലെ മറ്റുവകുപ്പുകളെ കൂടി ഉള്‍പ്പെടുത്തണമെന്ന നിവേദനങ്ങള്‍ പരിഗണിക്കാനും അനുകൂലനടപടികള്‍ എടുക്കാനും തീരുമാനിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടേറിയറ്റ് ജീവനക്കാരെക്കൂടി  ഐ എ എസിന് പരിഗണിക്കുന്നതിന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സര്‍വീസുകളെ  ഉള്‍ക്കൊള്ളിക്കുന്നതിന് നിയമവശമില്ലെന്ന മറുപടിയാണ് ലഭിച്ചത്. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ തുടര്‍പ്രതികരണത്തിനനുസരിച്ച് ധനകാര്യ, നിയമ, നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെക്കൂടി ഐ എ എസില്‍ പരിഗണിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും.

എക്‌സൈസില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കും

എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേജര്‍ കേസുകള്‍ അന്വേഷിക്കുന്നതിനായി എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കുമെന്ന് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. എക്‌സൈസ് കേസുകളുടെയും പ്രതികളുടെയും വിവരം സംസ്ഥാനാടിസ്ഥാനത്തില്‍ ലഭിക്കുന്നതിനായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോടതി ഭാഷ മലയാളത്തിലാക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ റിവ്യു/അപ്പീല്‍ പെറ്റീഷനുകളില്‍ 1646 എണ്ണം ഹൈക്കോടതിയുടെയും 1315 എണ്ണം സുപ്രീംകോടതിയുടെയും 27 എണ്ണം ഡല്‍ഹി ഹൈക്കോടതിയുടെയും പരിഗണനയിലാണെന്ന് നിയമന്ത്രി കെ എം മാണി പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്നശേഷം കോടതിവിധികള്‍ക്കെതിരെ 221 റിവ്യു/അപ്പീല്‍ പെറ്റീഷനുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 46കേസുകളില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനായി സുപ്രീംകോടതി സ്റ്റാന്റിംഗ് കൗണ്‍സിലിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസുകാര്‍ക്ക് ഓണക്കാല അവധിഡ്യൂട്ടിക്ക് 500 രൂപ അലവന്‍സ് ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നൂറു അഗ്നിശമനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അക്വാകള്‍ച്ചര്‍ നയം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ ഒഴികെ മറ്റൊരംഗത്തെയും ഇതുവരെ നിയമിച്ചിട്ടില്ലാത്തതിനാല്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്ന് തോമസ് ഉണ്ണിയാടനെ മുഖ്യമന്ത്രി അറിയിച്ചു. അംഗങ്ങളെ ഉടന്‍ നിയമിച്ച് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ-ഗവേണന്‍സ് പദ്ധതി കൂടുതല്‍ വകുപ്പുകളില്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഐ ടി മിഷന്‍, കെ എസ് യു ഡി പി, അക്ഷയ, സിറ്റിസെന്‍ കോള്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം സോഫ്റ്റ്‌വെയര്‍ നടപ്പാക്കി. അനര്‍ട്ട്, ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കാറ്റ്‌ഫ്രോസ് എന്നീ സ്ഥാപനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ നടപ്പാക്കുമെന്നും പി ഉബൈദുള്ളയെ മുഖ്യമന്ത്രി അറിയിച്ചു. കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തി കാസര്‍കോട് ജില്ലയിലെ 4475കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 298 തോക്ക് ലൈസന്‍സ് പുതുക്കി നല്‍കി. 703 ലൈസന്‍സ് പുതുക്കി നല്‍കാനുണ്ട്. എസ് പിയുടെ അനുകൂല റിപ്പോര്‍ട്ടിന്റെ അഭാവമാണ് വൈകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കിവരുകയാണ്. 2012 ജനുവരി ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പില്‍വരുമെന്നും എം എ വാഹിദ്, കെ.ശിവദാസന്‍ നായര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ അനര്‍ഹരായ അപേക്ഷകരെ ആരംഭത്തില്‍തന്നെ കണ്ടെത്തി അവരുടെ അപേക്ഷകള്‍ നിരസിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14 ജില്ലകളിലായി 3,03,691 പേര്‍ തൊഴില്‍രഹിതവേതനം കൈപ്പറ്റുന്നതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. പ്രതിവര്‍ഷം സംസ്ഥാനത്ത് നഴ്‌സിംഗ് കോളജുകളില്‍ 7995 ഉം നഴ്‌സിംഗ് സ്‌കൂളുകളില്‍ 7662 കുട്ടികളും പ്രവേശനം നേടുന്നുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സ്വകാര്യമേഖലയിലെ 331 സ്ഥാപനങ്ങളും സര്‍ക്കാര്‍ മേഖലയിലെ 31 സ്ഥാപനങ്ങളിലും ഉള്‍പ്പടെ 15,657 സീറ്റുകള്‍ ഉണ്ട്. സ്വകാര്യമേഖലയില്‍ പുതിയ നഴ്‌സിംഗ് കോളജുകള്‍ക്ക് അനുവാദം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

janayugom 291011

1 comment:

  1. വാളകം ആക്രമണം സി ബി ഐയ്ക്ക് വിടുന്നകാര്യം സര്‍ക്കാരിന്റെ പരിശോധനയിലാണെന്ന് പി കെ ഗുരുദാസന്‍, പി അയിഷാപോറ്റി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, രാജു എബ്രഹാം, എന്നിവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

    ReplyDelete