Monday, October 31, 2011

നബാര്‍ഡ് വായ്പകള്‍ നിര്‍ത്തലാക്കി; ഗ്രാമീണ സമ്പദ്ഘടന പ്രതിസന്ധിയില്‍

നബാര്‍ഡ് നല്‍കിവന്ന കാര്‍ഷികവായ്പകള്‍ നിര്‍ത്തലാക്കിയത് സഹകരണബാങ്കുകളെയും കൃഷിക്കാരെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി കാര്‍ഷിക വായ്പയിനത്തില്‍ ഒരു രൂപപോലും നബാര്‍ഡ് കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതുമൂലം സഹകരണബാങ്കുകള്‍ കൃഷിക്കാര്‍ക്ക് ആറ് ശതമാനത്തിന് നല്‍കിയിരുന്ന കാര്‍ഷികവായ്പ ഇപ്പോള്‍ നല്‍കാന്‍ കഴിയുന്നില്ല. നബാര്‍ഡ് സംസ്ഥാന സഹകരണബാങ്കിനും അതുവഴി ജില്ലാബാങ്കിനും ജില്ലാബാങ്കുകള്‍ സഹകരണ ബാങ്കുകള്‍ സഹകരണസംഘങ്ങള്‍ക്കും വായ്പക്കുള്ള തുക അനുവദിച്ചാണ് കര്‍ഷകര്‍ക്ക് വായ്പ നല്‍കിയിരുന്നത്. ഇത് നിലച്ചിട്ട് മൂന്നുവര്‍ഷം തികയുന്നു. 18 ശതമാനംവരെ പലിശയുള്ള സാധാരണ വായ്പകള്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍വഴി വിതരണം ചെയ്യുന്നത്. ബാങ്കുകളുടെ സ്ഥിരംനിക്ഷേപങ്ങളും ഹ്രസ്വാകാല നിക്ഷേപങ്ങളും ചേര്‍ത്താണ് ഒഎല്‍ ലോണുകള്‍ നല്‍കിവരുന്നത്. ഇതിനാകട്ടെ ഉയര്‍ന്ന പലിശയാണ് ചുമത്തുന്നത്.

കേന്ദ്രഗവണ്‍മെന്റ് പിന്തുടരുന്ന സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ചാണ് നബാര്‍ഡ് സഹകരണരംഗത്ത് പിടിമുറുക്കുന്നത്. 2000ല്‍ സഹകരണ മേഖലയുടെ പ്രവര്‍ത്തനം വിലയിരുത്താനും പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി വൈദ്യനാഥന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമീഷന്റെ ശുപാര്‍ശയനുസരിച്ച് കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന സഹകരണരംഗത്തെ ത്രിതല സംവിധാനം (സംസ്ഥാന-ജില്ലാ-പ്രാഥമിക ബാങ്കുകള്‍) നിര്‍ത്തലാക്കണമെന്നും നബാര്‍ഡ് കൃഷിക്കാര്‍ക്ക് നേരിട്ട് വായ്പ നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. സഹകരണബാങ്കുകള്‍ , ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും സഹകരണബാങ്കുകള്‍ ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ അടച്ചുതീര്‍ത്ത ഓഹരി മൂലധനമുള്ള സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാമെങ്കിലും സഹകരണബാങ്കുകളെ ബാങ്കിങ് റഗുലേഷന്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ബന്ധ ശുപാര്‍ശയും ഉണ്ടായിരുന്നു. സഹകരണബാങ്കുകള്‍ നീതി മെഡിക്കല്‍ സ്റ്റോറോ മറ്റ് സ്ഥാപനങ്ങളോ തുടങ്ങാനോ നിലവിലുള്ളത് തുടരാനോ പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു.

പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് ഗ്രാമീണ മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള പരവതാനി വിരിക്കുകയാണ് കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യംവയ്ക്കുന്നത്. വൈദ്യനാഥന്‍ കമീഷന്റെ ശുപാര്‍ശകള്‍ അപ്പാടെ അംഗീകരിച്ച് കേന്ദ്രഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പുവച്ചാല്‍മാത്രമെ നബാര്‍ഡ് വഴിയുള്ള കൃഷിവായ്പകള്‍ കേരളത്തിന് നല്‍കൂ എന്നാണ് കേന്ദ്രനിലപാട്. കമീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെമാത്രമെ അംഗീകരിക്കാന്‍ കഴിയൂ എന്നും സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നതുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരണന്റെ നിലപാട്.

അതേസമയം കേന്ദ്രനിര്‍ദേശം അംഗീകരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു .നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കേന്ദ്രവുമായി എംഒയു ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലായ സഹകരണമേഖലയെ തകര്‍ക്കും. ഇഎംഎസ് ഭവനനിര്‍മാണ പദ്ധതിക്ക് 500 കോടി വായ്പ നല്‍കി കേരളത്തിന്റെ വികസനത്തിന് കുതിപ്പേകിയത് സഹകരണബാങ്കുകളാണ്. യുഡിഎഫ് തുരുമാനം നടപ്പാക്കുന്നതിലൂടെ സഹകരണബാങ്കുകള്‍ക്ക് പകരം വെറും സൊസൈറ്റികള്‍ മാത്രമാണുണ്ടാവുക.

deshabhimani 311011

1 comment:

  1. പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് ഗ്രാമീണ മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള പരവതാനി വിരിക്കുകയാണ് കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യംവയ്ക്കുന്നത്. വൈദ്യനാഥന്‍ കമീഷന്റെ ശുപാര്‍ശകള്‍ അപ്പാടെ അംഗീകരിച്ച് കേന്ദ്രഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പുവച്ചാല്‍മാത്രമെ നബാര്‍ഡ് വഴിയുള്ള കൃഷിവായ്പകള്‍ കേരളത്തിന് നല്‍കൂ എന്നാണ് കേന്ദ്രനിലപാട്. കമീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെമാത്രമെ അംഗീകരിക്കാന്‍ കഴിയൂ എന്നും സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നതുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരണന്റെ നിലപാട്.അതേസമയം കേന്ദ്രനിര്‍ദേശം അംഗീകരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു .നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കേന്ദ്രവുമായി എംഒയു ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്.

    ReplyDelete