Monday, October 31, 2011

സ്വകാര്യ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുന്നതില്‍ അഴിമതി: വി എസ്

പുതുതലമുറ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുന്നതിനുപിന്നില്‍ നഗ്നമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

കൊച്ചി മെട്രോ പദ്ധതിയുടെ അക്കൗണ്ട് എസ്ബിഐയിലോ എസ്ബിടിയിലോ തുടങ്ങുന്നതിനു പകരം രണ്ട് പുതുതലമുറ ബാങ്കുകള്‍ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു സര്‍ക്കാരിന്റെ നിക്ഷേപം താന്‍ ജോലിചെയ്യുന്ന സ്വകാര്യബാങ്കിലേക്ക് തരപ്പെടുത്തി. നഗ്നമായ പ്രീണനവും അഴിമതിയുമാണ് മുഖ്യമന്ത്രി കാണിച്ചത്. കേരളത്തിന്റെ ബാങ്കിങ് മേഖല കൈയടക്കാന്‍ ശ്രമിക്കുന്ന പുതുതലമുറ ബാങ്കുകളുടെ സ്പോണ്‍സര്‍മാരായി സര്‍ക്കാര്‍ മാറി. സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപം പുതുതലമുറ ബാങ്കുകളിലേക്ക് തിരിച്ചുവിടാന്‍ ഉത്തരവിറക്കി. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഈ ബാങ്കുകളിലേക്ക് എത്തിക്കാനുള്ള ചരടുവലിയും തുടങ്ങി. ക്ഷേമനിധികളിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ഇങ്ങനെ മാറ്റാന്‍ ഉത്തരവായി.

കേരളാ സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായി മാറിയ മൂന്ന് സ്വകാര്യ ബാങ്കില്‍ കേരളത്തില്‍നിന്ന് എണ്ണായിരം കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്നാല്‍ , ഇവയില്‍ രണ്ട് ബാങ്കിന് ഗ്രാമങ്ങളില്‍ ശാഖയില്ല. നിക്ഷേപത്തിന്റെ പത്ത് ശതമാനംപോലും കാര്‍ഷികവായ്പ നല്‍കുന്നില്ല. ചെറുകിട വ്യാപാരികള്‍ക്ക് വായ്പ അനുവദിക്കുന്നില്ല. വിദ്യാഭ്യാസ വായ്പയ്ക്കായി എത്തുന്നവര്‍ക്കുമുന്നില്‍ കൈമലര്‍ത്തും. ഇങ്ങനെ സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ സഹകരിക്കാത്ത സ്വകാര്യബാങ്കുകള്‍ക്ക് നിക്ഷേപം പിടിച്ചുകൊടുക്കുന്ന പണിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് വി എസ് പറഞ്ഞു.

deshabhimani 311011

1 comment:

  1. കേരളാ സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായി മാറിയ മൂന്ന് സ്വകാര്യ ബാങ്കില്‍ കേരളത്തില്‍നിന്ന് എണ്ണായിരം കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്നാല്‍ , ഇവയില്‍ രണ്ട് ബാങ്കിന് ഗ്രാമങ്ങളില്‍ ശാഖയില്ല. നിക്ഷേപത്തിന്റെ പത്ത് ശതമാനംപോലും കാര്‍ഷികവായ്പ നല്‍കുന്നില്ല. ചെറുകിട വ്യാപാരികള്‍ക്ക് വായ്പ അനുവദിക്കുന്നില്ല. വിദ്യാഭ്യാസ വായ്പയ്ക്കായി എത്തുന്നവര്‍ക്കുമുന്നില്‍ കൈമലര്‍ത്തും. ഇങ്ങനെ സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ സഹകരിക്കാത്ത സ്വകാര്യബാങ്കുകള്‍ക്ക് നിക്ഷേപം പിടിച്ചുകൊടുക്കുന്ന പണിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് വി എസ് പറഞ്ഞു.

    ReplyDelete