Thursday, October 27, 2011

സിബിഐ അന്വേഷണം: ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്

ടൈറ്റാനിയം അഴിമതി: സിബിഐക്ക് വിടാന്‍ നിയമതടസ്സമില്ല

ടൈറ്റാനിയം അഴിമതിക്കേസന്വേഷണം സിബിഐക്കു വിടുന്നതില്‍ നിയമതടസ്സമുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം നുണ. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ നിയമസഭയില്‍ ചര്‍ച്ചചെയ്യാനേ പാടില്ലെന്നാണ് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച പറഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഒരു കോടതിയുടെയും പരിഗണനയിലില്ലെന്ന് വെളിപ്പെട്ടിരിക്കയാണ്. ഇതോടെ, ഹര്‍ജി കോടതി പരിഗണിക്കുന്നുണ്ടെന്നുപറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. വിവിധ കോടതികള്‍ പരിഗണിക്കുന്ന ഒട്ടേറെ കേസുകള്‍ സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം സഭയില്‍ പ്രഖ്യാപിക്കുന്നതിനും അത് കോടതിയെ അറിയിക്കുന്നതിനും നിയമപരമായി തടസ്സമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യം നിരാകരിക്കാനാണ് കോടതിയില്‍ ഹര്‍ജി നിലവിലുണ്ടെന്ന വാദം ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയത്. കോടതിയെ സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ തയ്യാറാകുന്നതിനുപകരം മുടന്തന്‍ ന്യായമുന്നയിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതി അനുവദിച്ചാല്‍ സിബിഐക്കു വിടാമെന്നു പറയുന്നതിനു പകരം കോടതിയില്‍ ഹര്‍ജിയുള്ളതായി പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം, അന്യസംസ്ഥാന ലോട്ടറി ക്രമക്കേടുകള്‍ , പാമൊലിന്‍ അഴിമതി തുടങ്ങി കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ സഭയില്‍ പലപ്പോഴായി ചര്‍ച്ച ചെയ്തതുമാണ്.

അതിനിടെ സിബിഐ അന്വേഷണം നടത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ത്തതായി ചില ദൃശ്യമാധ്യമങ്ങള്‍ ബുധനാഴ്ച പ്രചാരണം അഴിച്ചുവിട്ടു. മനോരമ വിഷനാണ് ഇതിനു തുടക്കമിട്ടത്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാനഭ്യര്‍ഥിച്ച് അബ്ദുള്‍ ലത്തീഫ് എന്നയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നായിരുന്നു വാര്‍ത്ത. നൂറ് കോടിയുടെ അഴിമതി പദ്ധതിക്ക് ഒത്താശ ചെയ്ത ടൈറ്റാനിയം കമ്പനിയിലെ ചീഫ് ജനറല്‍ മാനേജര്‍ (വര്‍ക്സ്) ഗംഗാധരനാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 2007 ജൂലൈ 19ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും സാഹചര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിക്ക് യുക്തമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നുമാണ് പറഞ്ഞിരുന്നത്. ഗംഗാധരനെ 2007 ജൂലൈയില്‍ത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ട ഉടനെയായിരുന്നു ഈ നടപടി. പിന്നീട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പദ്ധതിയെക്കുറിച്ച് പഠനം നടത്താന്‍ പുഷ്പവനം കമ്മിറ്റിയെ നിയോഗിച്ചു. 2008 സെപ്തംബറില്‍ പദ്ധതി അപ്രായോഗികമാണെന്നുകാണിച്ച് പുഷ്പവനം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. ഇതേതുടര്‍ന്ന് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാം മറച്ചുപിടിച്ചാണ് കുരുക്കിലകപ്പെട്ട ഉമ്മന്‍ചാണ്ടിയെ തുണയ്ക്കാന്‍ മനോരമവിഷനും മറ്റും രംഗത്തിറങ്ങിയത്.

സിബിഐ അന്വേഷണം: ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്

സംസ്ഥാനത്തെ കേസുകളില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്. അന്യസംസ്ഥാന ലോട്ടറിതട്ടിപ്പു കേസില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിക്കുന്നത്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ , പൊലീസ് കേസുകളുടെ വിശദാംശം മാത്രം നല്‍കിയാല്‍മതിയെന്നും ഇതിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടെന്നും ലോട്ടറി കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിജ്ഞാപനമല്ല, ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് ടൈറ്റാനിയം അഴിമതികേസില്‍ നിന്ന് സിബിഐയെ അകറ്റിനിര്‍ത്തുന്നതെന്ന് ഇതോടെ വ്യക്തമായി.

ലോട്ടറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എയും തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഏപ്രില്‍ അഞ്ചിന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം പ്രത്യേക വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ലോട്ടറി ചട്ടലംഘനത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അഭിനന്ദനീയമാണെന്നും അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ധനമന്ത്രി തോമസ് ഐസക്കും സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രം അംഗീകരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍ഡിഎഫിനെതിരെ പുകമറ സൃഷ്ടിക്കാനാണ് സതീശന്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. കേന്ദ്ര ലോട്ടറി ചട്ടലംഘനത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം ആരാഞ്ഞ് മാര്‍ച്ച് ഏഴിന് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചെന്നും ഇവ ലഭ്യമായാല്‍ ഉടന്‍ കേസുകള്‍ സിബിഐക്ക് കൈമാറുമെന്നും അന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം വിശദാംശം നല്‍കിയില്ലെങ്കിലും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കേസ് ഫയലുകള്‍ പൊലീസില്‍നിന്ന് നേരിട്ട് ഏറ്റെടുക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ഒഴിവാക്കാനാണ് യുഡിഎഫ് മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചതെന്ന് അന്ന് വ്യക്തമായി. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എംഎല്‍എ തന്നെ സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.

കേന്ദ്രത്തിന്റെ സത്യവാങ്മൂലം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കള്ളക്കളി തുറന്നുകാട്ടി. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പുകാരുടെ നിയമലംഘനം സംബന്ധിച്ച് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നതായി സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ടൈറ്റാനിയം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നടക്കാത്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാത്തതുകൊണ്ടാണെന്നാണ് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച നിയമസഭയില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ലോട്ടറി കേസിലെ കേന്ദ്ര സത്യവാങ്മൂലം ഉമ്മന്‍ചാണ്ടിക്കുള്ള മറുപടിയാണ്. വിജ്ഞാപനം വേണം എന്ന മുടന്തന്‍ ന്യായമുന്നയിച്ച് ടൈറ്റാനിയം അഴിമതിക്കേസില്‍നിന്ന് ഓടിയൊളിക്കാനുള്ള ശ്രമമാണ് നിയമസഭയില്‍ കണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ടൈറ്റാനിയം അഴിമതി അന്വേഷണം സിബിഐക്കു വിടാന്‍ കേന്ദ്രം തയ്യാറായില്ല. ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാത്തതിനു തടസ്സം വിജ്ഞാപനമല്ല, ഉമ്മന്‍ചാണ്ടിയുടെ നിലപാടാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. സംസ്ഥാനം പ്രത്യേക വിജ്ഞാപനം ഇറക്കണമെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വാദിച്ച് ഉമ്മന്‍ചാണ്ടി വീണ്ടും പരിഹാസ്യനായി.

സിബിഐ അന്വേഷണം നിരസിച്ചതിന് പിന്നിലും ഉമ്മന്‍ചാണ്ടി: കോടിയേരി

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടൈറ്റാനിയം അഴിമതിപ്രശ്നത്തില്‍ ആവശ്യപ്പെട്ട സിബിഐ അന്വേഷണം നിരസിച്ചതിന് പിന്നിലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്വാധീനമായിരുന്നുവെന്ന് ഇപ്പോള്‍ നിയമസഭയില്‍ അദ്ദേഹമെടുത്ത സമീപനം തെളിയിച്ചുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാരാരിക്കുളം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി എസ്എല്‍ പുരത്ത് ചേര്‍ന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ടൈറ്റാനിയം അഴിമതിപ്രശ്നത്തില്‍ സിബിഐ അന്വേഷണം നടത്തില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ തന്റെ പങ്ക് പുറത്തുവരുമെന്നും അഴിമതിക്കേസില്‍ പ്രതിയാകുമെന്നും ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുണ്ട്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണ ആവശ്യം അംഗീകരിപ്പിക്കാതിരുന്നതും. സ്വയം അഴിമതി നടത്തുകമാത്രമല്ല, അഴിമതിക്കാരായ സഹമന്ത്രിമാരെ വഴിവിട്ട് സംരക്ഷിക്കുന്നതും ഉമ്മന്‍ചാണ്ടിയുടെ പതിവായിരിക്കുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ അഴിമതികളുടെയും ഉല്‍ഭവകേന്ദ്രം ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തിന്റെ നാല് സഹമന്ത്രിമാരാണ് വിവിധ കേസുകളില്‍ വിജിന്‍സ് അന്വേഷണം നേരിടുന്നത്. 20 വര്‍ഷംനീണ്ട കോടതി നടപടികള്‍ക്കുശേഷമാണ് ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ള ജയിലഴിക്കുള്ളിലായത്. അല്‍പ്പംവൈകിയാലും ഉമ്മന്‍ചാണ്ടിയും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും വന്‍ അഴിമതി നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാഭൂരിപക്ഷംവരുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒരുനടപടിയും ആ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഈ മാതൃകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നത്. ആഗോളവ്യാപകമായി മുതലാളിത്തം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍പോലും മുതലാളിത്തം കടുത്ത പ്രതിസന്ധി നേരിടുന്നു.ഇവക്കെതിരായ പ്രക്ഷോഭങ്ങളാണെങ്ങും ഉയരുന്നത്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പ്രക്ഷോഭങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലമാണിതെന്നും കോടിയേരി പറഞ്ഞു.

deshabhimani 271011

2 comments:

  1. ടൈറ്റാനിയം അഴിമതിക്കേസന്വേഷണം സിബിഐക്കു വിടുന്നതില്‍ നിയമതടസ്സമുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം നുണ. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ നിയമസഭയില്‍ ചര്‍ച്ചചെയ്യാനേ പാടില്ലെന്നാണ് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച പറഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഒരു കോടതിയുടെയും പരിഗണനയിലില്ലെന്ന് വെളിപ്പെട്ടിരിക്കയാണ്. ഇതോടെ, ഹര്‍ജി കോടതി പരിഗണിക്കുന്നുണ്ടെന്നുപറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

    ReplyDelete
  2. Nice work...

    http://theprogenitor.blogspot.com/2011/10/ghost-of-titanium-scam.html

    ReplyDelete