Sunday, November 27, 2011

സഖാവ് എമ്മെന്റെ 27-ാം ചരമവാര്‍ഷികം രാഷ്ട്രീയ മുന്നേറ്റങ്ങളുടെ വഴികാട്ടി

എം എന്‍ ഗോവിന്ദന്‍നായര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രത്തില്‍ സ്ഥാനം നേടിത്തന്ന മഹത്തായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ വഴികാട്ടിയാണ്. ആ സ്മരണ നമ്മെ സംബന്ധിച്ച് കടമകള്‍ നിറവേറ്റാനും പ്രതിജ്ഞപുതുക്കാനുള്ള ആഹ്വാനമാണ്. പ്രതിസന്ധികളെ  മുറിച്ചുകടക്കാനും സാധ്യതകളെ കയ്യെത്തിപ്പിടിക്കാനുമുള്ള ഉള്‍ക്കാഴ്ചയായിരുന്നു എം എന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ സവിശേഷത. പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ ലക്ഷ്യങ്ങളിലേയ്ക്ക് തൊഴിലാളി വര്‍ഗത്തെയും ജനങ്ങളെയാകെയും നയിക്കാനുള്ള അസാമാന്യമായ കഴിവായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സ്‌നേഹവും ശാസനയും ഒരുപോലെ ഇഴചേര്‍ന്ന ആ നേതൃപാടവത്തിലൂടെ എമ്മെന്‍ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും മാഞ്ഞുപോകാത്ത വിപ്ലവനേതാവായി വളര്‍ന്നുവന്നു. മാര്‍ക്‌സിസം എന്ന പരിവര്‍ത്തനശാസ്ത്രത്തെ ലളിതമായി വ്യാഖ്യാനിക്കാനും ഫലപ്രദമായി പ്രാവര്‍ത്തികമാക്കാനുമുള്ള എം എന്റെ കഴിവിന് കേരളചരിത്രത്തില്‍ ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ട്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് സഖാവ് എം എന്‍ ഗോവിന്ദന്‍ നായര്‍ക്ക്. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്ന 1957 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ആ ചരിത്ര സൃഷ്ടിക്ക് നേതൃത്വം നല്‍കിയത് എം എന്‍ ആയിരുന്നു. 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന് ഏറ്റവും ആത്മവിശ്വാസത്തോടെ എം എന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാലത്തെ നിരോധനത്തിനുശേഷം നിയമവിധേയമായ പാര്‍ട്ടിക്ക് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും കടന്നുചെന്നു പ്രവര്‍ത്തിക്കുവാന്‍ അന്നു സാധിച്ചു.

ഒരു പുതിയ ജീവിതവും ഭാവിയും വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, തൊഴിലാളി-കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ചു. വിദ്യാര്‍ഥി-യുവജനവിഭാഗങ്ങള്‍ക്കിടയില്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി. സാംസ്‌കാരിക മേഖലകളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സ്വാധീനതയുടെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു. ഒരു ബഹുജന പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി, ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചു.
എണ്ണമറ്റ സമരങ്ങളിലൂടെ വളര്‍ന്നുവന്ന, നിരവധി പ്രമുഖ നേതാക്കന്‍മാരുള്ള ഒരു വലിയ പ്രസ്ഥാനമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ വലിയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു സഖാവ് എം എന്‍.

സ്വാതന്ത്ര്യസമരത്തിലേയ്ക്ക് കടന്നുവന്ന എം എന്‍ ഗാന്ധിസത്തിലേയ്ക്ക് അന്ന് ആകൃഷ്ടമായതില്‍ സ്വാഭാവികതയുണ്ട്. അധഃസ്ഥിതരുടെ പ്രശ്‌നങ്ങളും അവര്‍ നേരിടുന്ന സാമുഹിക അവശതകളും മര്‍ദനങ്ങളും എന്നും വളരെ സ്വാധീനിച്ചിരുന്നു എം എന്റെ ജീവിതത്തെ. ഗാന്ധിജിയുടെ മാര്‍ഗം സ്വീകരിച്ച എം എന്‍ ഗാന്ധി ആശ്രമത്തില്‍ വലിയ പ്രതീക്ഷകളോടെ ചെന്നുചേര്‍ന്നു. എന്നാല്‍ അവിടത്തെ ജീവിതവും പഠനങ്ങളും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് ഗാന്ധിജിയോടുള്ള എല്ലാ ആദരവുകളും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ, മനുഷ്യമോചനത്തിന്റെ മറ്റൊരു മാര്‍ഗം സ്വീകരിക്കുവാനാണ് - മാര്‍ക്‌സിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മാര്‍ഗം.

അങ്ങിനെ കമ്മ്യൂണിസ്റ്റുകാരനായി ദീര്‍ഘകാലം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹമെന്നും അവശതയനുഭവിക്കുന്നവരുടെ ഭാഗത്തായിരുന്നു; സാമൂഹ്യനീതിയുടെ പക്ഷത്തായിരുന്നു.

''ഐശ്വര്യപൂര്‍ണമായ കേരളത്തിനുവേണ്ടി'' എന്നായിരുന്നു 1957 ലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോവിനു നല്‍കിയ പേര്. ഐശ്വര്യപൂര്‍ണമായ ഒരു പുതിയ കേരളത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നു അന്നുണ്ടായത്.

''ലക്ഷംവീട് പദ്ധതി'' രാഷ്ട്രീയ സമീപനങ്ങളുടെ നിദര്‍ശനമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതുപോലെതന്നെ കൃഷിമന്ത്രി എന്ന നിലയില്‍ കാര്‍ഷികമേഖലയ്ക്ക് അദ്ദേഹം നല്‍കിയ ജനപങ്കാളിത്തത്തോടെയുള്ള ചൈതന്യാത്മകമായ മുന്നേറ്റവും നേതൃത്വവും ആധുനിക കേരളസൃഷ്ടിക്ക് അദ്ദേഹം നല്‍കിയ എക്കാലത്തെയും വലിയ സംഭാവനയാണ്. ഇടുക്കി ജലവൈദ്യുതി പദ്ധതി കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കും ഇന്നും ഏറ്റവും വലിയ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഗാന്ധിജിയുടെ സ്വാധീനമായിരുന്നിരിക്കണം അദ്ദേഹത്തെ എക്കാലത്തും സാമൂഹിക അസമത്വത്തിനും മര്‍ദനത്തിനും പീഡനത്തിനും എതിരെയുള്ള സമരങ്ങളുടെ മുന്‍നിരയില്‍ എത്തിച്ചത്. അവരുടെ പ്രശ്‌നപരിഹാരത്തിനുള്ള പ്രത്യേക പ്രാധാന്യം തിരിച്ചറിഞ്ഞു പൊരുതാന്‍ പ്രേരിപ്പിച്ചത്.

1977 ല്‍ പാര്‍ലമെന്റിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട എം എന്‍ ദേശവ്യാപകമായി വീണ്ടും ശ്രദ്ധേയമായത് ഉത്തര്‍പ്രദേശിലെ പന്ത് നഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ''ഹരിജന്‍'' മര്‍ദനത്തിനെതിരെ രാജ്യവ്യാപകമായ ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ്. സാധാരണഗതിയില്‍ അവഗണിക്കപ്പെട്ട് വിസ്മൃതിയിലാകുമായിരുന്ന ഒരു പ്രശ്‌നം ദേശീയ തലത്തിലേക്കുയര്‍ത്തിയത് എം എന്‍ നടത്തിയ ദേശീയ ജാഥയും തുടര്‍ന്ന് പാര്‍ലമെന്റിനു മുമ്പില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ നിരാഹാരസമരവുമായിരുന്നു. അതു പാര്‍ലമെന്റിന്റെ ഇരുസഭകളെയും പിടിച്ചുകുലുക്കി. ഏറ്റവും കൂടുതല്‍ മെമ്പര്‍മാര്‍ ഒരുമിച്ചൊപ്പിട്ട ഒരു ശ്രദ്ധക്ഷണിക്കല്‍, ഈ വിഷയത്തില്‍ ഭൂപേഷ് ഗുപ്തയുടെ നേതൃത്വത്തില്‍ രാജ്യസഭയിലും ഇന്ദ്രജിത് ഗുപ്തയുടെ നേതൃത്വത്തില്‍ ലോക്‌സഭയിലുമുന്നയിച്ചപ്പോള്‍ അതിനു കക്ഷിഭേദമന്യേ ലഭിച്ച വമ്പിച്ച പിന്തുണയും അഭൂതപൂര്‍വമായിരുന്നു.

ജനതാസര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രി ചരണ്‍സിംഗ് യു പി സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകാര്യമായ നിര്‍ദേശം സഭയില്‍ പ്രഖ്യാപിച്ചപ്പോള്‍ എം എന്റെ നിരാഹാരം അവസാനിപ്പിച്ചു.

സഭയ്ക്കുപുറത്ത് ഒരു ജനകീയ പ്രശ്‌നത്തില്‍ രാജ്യമാകെ പ്രക്ഷോഭണം നടത്തി, നിരാഹാരത്തിലൂടെ പാര്‍ലമെന്റില്‍ പ്രകമ്പനം സൃഷ്ടിച്ചു വിജയിച്ച എം എന്‍ അന്ന് പാര്‍ലമെന്റില്‍ നിറഞ്ഞുനിന്നു, ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഗാന്ധിജിയുടെ പരിശീലനവും കമ്മ്യൂണിസ്റ്റുകാരന്റെ നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്ന് കൈവരിച്ച അസാമാന്യമായൊരു വിജയമായിരുന്നു ആ സമരത്തിന്റെ ഫലം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ചതില്‍ എം എനെപോലെ കഠിനമായി ദുഃഖിച്ചവര്‍ വേറെ അധികം കാണുകയില്ല. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ ആ ദുഃഖം, നഷ്ടബോധം എന്നും പ്രകടമായിരുന്നു.

എന്നാല്‍ ഭിന്നിച്ച രണ്ടു പാര്‍ട്ടികളും രണ്ടു ചേരിയില്‍ നിന്നു സമരം ചെയ്ത സന്ദര്‍ഭങ്ങളില്‍ എം എന്‍ ആ സമരത്തില്‍ ശക്തിയായി പങ്കെടുത്തു; വിജയകരമായിത്തന്നെ.1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി പി എമ്മിനെ പരാജയപ്പെടുത്തി വമ്പിച്ച വിജയമാണ് അന്നത്തെ മുന്നണി കരസ്ഥമാക്കിയത്. എന്നാല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെ ഇന്ത്യയിലെ ജനം ശിക്ഷിച്ചു; കോണ്‍ഗ്രസ് കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടിയില്‍ നൂറോളം ആര്‍ എസ് എസുകാര്‍ പല വേഷത്തില്‍ ഉണ്ടായിരുന്നു എന്നത് വരാനിരിക്കുന്ന അപകടത്തിലേയ്ക്കു വിരല്‍ചൂണ്ടുന്ന ഒരു പരമാര്‍ഥവുമായിരുന്നു. കൂടെ മറ്റൊരു യാഥാര്‍ഥ്യവും, കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേറ്റ തിരിച്ചടി.

ഈ അപകടം തിരിച്ചറിഞ്ഞ എം എന്‍, തിരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കു കടന്നു വന്നതു ഞാനോര്‍ക്കുന്നു.

കേരളത്തിലെ വിജയം അദ്ദേഹത്തെ അത്രയേറെ സന്തോഷിപ്പിച്ചില്ല. മറിച്ച് ഇന്ത്യ നേരിടുന്ന അപകടം തിരിച്ചറിഞ്ഞ അദ്ദേഹം യോഗത്തിലേയ്ക്കു കടന്നുവന്നത് ഏതാണ്ട് ഒരു പ്രഖ്യാപനത്തോടെയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇനി മറ്റൊന്നും വലുതായി ചര്‍ച്ച ചെയ്യേണ്ടതില്ല. എന്തുവിലകൊടുത്തും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ഐക്യത്തിനുവേണ്ടി പോരാടുക. അതാണിന്നത്തെ ഏറ്റവും വലിയ കടമ. എം എന്റെ ഈ പ്രഖ്യാപനം എല്ലാവരും കേട്ടു, സമ്മിശ്രമായ വികാരങ്ങളോടെ.

എന്നാല്‍ എം എന്‍ പാറപോലെ ഉറച്ചുനിന്നു വാദിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും അതുവഴി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷവിരുദ്ധ ശക്തികളെ ഒറ്റക്കെട്ടായെതിരിടാനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ആലോചിച്ച് സുശക്തമായ ഒരടിത്തറയില്‍ ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനത്തെ വളര്‍ത്തി, അതിനെ ഒരു രാഷ്ട്രീയ ബദലാക്കിത്തീര്‍ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്. അത്തരം ഒരു ബദല്‍ ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഒരു ശക്തിയായി മാറുന്നതിനെക്കുറിച്ച്.തുടര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പ്രമേയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം എം എന്റെ ഒരു സ്വപ്‌നമായിരുന്നു.

കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടെ, ഏതാണ്ട് ഈ സന്ദര്‍ഭത്തില്‍ത്തന്നെയാണ് മധുലിമായെ എന്ന പ്രസിദ്ധ സോഷ്യലിസ്റ്റ് നേതാവ് ഇന്ത്യയിലെ എല്ലാ സോഷ്യലിസ്റ്റ് ശക്തികളും ഒരുമിച്ചു ചേര്‍ന്ന് വലതുപക്ഷ മുന്നേറ്റത്തെ ഫലപ്രദമായി തടയണം എന്ന ആഹ്വാനവും പുറപ്പെടുവിച്ചത്.

ഈ സ്വപ്‌നങ്ങളൊക്കെ ഇന്നും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കാലം മുന്നോട്ടുപോകുമ്പോള്‍, ഈ പ്രശ്‌നം കൂടുതല്‍ കൂടുതല്‍ പ്രസക്തിയോടെ കമ്മ്യൂണിസ്റ്റുകാരുടെയും പുരോഗമനശക്തികളുടെയും എന്തിന് രാജ്യത്തിന്റെ ഭാവിയുടെ മുന്നില്‍ തന്നെയും വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നു.

സാമൂഹികനീതി, വികസനം, അധഃസ്ഥിതരോടുള്ള അനുകമ്പയും സ്‌നേഹവും, മാനവികത, കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ കാലിക പ്രസക്തി, സുശക്തമായ പാര്‍ട്ടിയും ബഹുജന സംഘടനകളും ശക്തിപ്പെടുത്തി അവയെ മാറ്റത്തിന്റെ ചാലകശക്തിയാക്കി മാറ്റുക തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ എം എന്‍ സ്മരണ നമ്മോട് ആവശ്യപ്പെടുന്നു.
ആരെയും മയക്കുന്ന ഹൃദ്യമായ പെരുമാറ്റത്തോടെ കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന വലിയ മനുഷ്യനായ എം എന്‍ ചരിത്രം സൃഷ്ടിച്ച, ചരിത്രത്തെ മാറ്റിമറിച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു; മാനവികതയുടെ നിദര്‍ശനമായിരുന്നു.

കൊല്ലം എം എന്റെ നഗരമായിരുന്നു. പാവങ്ങളെ സംഘടിപ്പിക്കാനും അവര്‍ക്ക് വിപ്ലവബോധത്തിന്റെ പടച്ചട്ട അണിയിക്കാനും അദ്ദേഹം സാഹസികമായി തുനിഞ്ഞിറങ്ങിയ തട്ടകം. കശുഅണ്ടിതൊഴിലാളികളും കൈത്തറിതൊഴിലാളികളും എം എന്റെ ശിക്ഷണത്തില്‍ കണ്ണിലെ കൃഷ്ണമണിപോലെ പ്രസ്ഥാനത്തെ സ്‌നേഹിച്ച നഗരമാണ് കൊല്ലം. ജയില്‍ചാടിയിറങ്ങിവന്ന എം എന്‍ ജനയുഗം ആരംഭിക്കാന്‍ കണ്ടെത്തിയ സ്ഥലവും കൊല്ലം ആയിരുന്നു. ആ കൊല്ലത്തുവച്ച് 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സംസ്ഥാനസമ്മേളനത്തിന് നാം ഒരുങ്ങുമ്പോഴാണ് ഇത്തവണ എം എന്‍ സ്മരണ നമ്മെ വിളിച്ചുണര്‍ത്തുന്നത്. രാജ്യത്തിനുമുന്നില്‍ വലതുപക്ഷം അവതരിപ്പിച്ച വികസനസങ്കല്‍പം സമ്പൂര്‍ണമായി തകര്‍ന്നുവീഴുകയാണ്. ലോകമെമ്പാടും സ്ഥിതി ഇതുതന്നെ. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതപാതയിലേയ്ക്ക് നാടിനെ നയിക്കാനുള്ള കര്‍മപദ്ധതികളാണ് 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചാവിഷയം. സംസ്ഥാനസമ്മേളനം അതിന് അര്‍ഥവും ആഴവും പകരുന്ന അന്വേഷണത്തിന്റെ വേദിയാകും. സഖാവ് എം എന്റെ സ്വപ്‌നങ്ങള്‍ വീണുകിടക്കുന്ന കൊല്ലത്തിന്റെ മണ്ണില്‍ സംസ്ഥാനസമ്മേളനത്തെ ചരിത്രസംഭവമാക്കിമാറ്റാന്‍ നമുക്ക് കൈകോര്‍ത്തു നീങ്ങാം. എം എന്റെ സ്‌നേഹമസൃണമായ പുഞ്ചിരി നമുക്കതിന് കരുത്തുപകരും.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 271111

1 comment:

  1. എം എന്‍ ഗോവിന്ദന്‍നായര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രത്തില്‍ സ്ഥാനം നേടിത്തന്ന മഹത്തായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ വഴികാട്ടിയാണ്. ആ സ്മരണ നമ്മെ സംബന്ധിച്ച് കടമകള്‍ നിറവേറ്റാനും പ്രതിജ്ഞപുതുക്കാനുള്ള ആഹ്വാനമാണ്. പ്രതിസന്ധികളെ മുറിച്ചുകടക്കാനും സാധ്യതകളെ കയ്യെത്തിപ്പിടിക്കാനുമുള്ള ഉള്‍ക്കാഴ്ചയായിരുന്നു എം എന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ സവിശേഷത. പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ ലക്ഷ്യങ്ങളിലേയ്ക്ക് തൊഴിലാളി വര്‍ഗത്തെയും ജനങ്ങളെയാകെയും നയിക്കാനുള്ള അസാമാന്യമായ കഴിവായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സ്‌നേഹവും ശാസനയും ഒരുപോലെ ഇഴചേര്‍ന്ന ആ നേതൃപാടവത്തിലൂടെ എമ്മെന്‍ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും മാഞ്ഞുപോകാത്ത വിപ്ലവനേതാവായി വളര്‍ന്നുവന്നു. മാര്‍ക്‌സിസം എന്ന പരിവര്‍ത്തനശാസ്ത്രത്തെ ലളിതമായി വ്യാഖ്യാനിക്കാനും ഫലപ്രദമായി പ്രാവര്‍ത്തികമാക്കാനുമുള്ള എം എന്റെ കഴിവിന് കേരളചരിത്രത്തില്‍ ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ട്.

    ReplyDelete