Wednesday, November 23, 2011

ഐടി മിഷന്‍ തലപ്പത്ത് യോഗ്യതയില്ലാത്തവര്‍

കേരള ഐടി മിഷന്റെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ല. വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്ററായി നിയമിച്ച ഉദ്യോഗസ്ഥന് എന്‍ജിനിയറിങ് യോഗ്യതയോ ഈ ഗവേണന്‍സില്‍ പ്രവൃത്തിപരിചയോ ഇല്ലെന്ന് ഐടി മിഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരിക്കെ മദ്യപിച്ച് ഓഫീസിലെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ ഇ- ഗവേണന്‍സ് തലവനായി നിയമിച്ചു.

ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് എന്‍ജിനിയറിങ് ബിരുദവും ഇ ഗവേണന്‍സില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. എന്നാല്‍ , അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ നൗഫലിന്റെ അക്കാദമിക യോഗ്യത എംഎസ്സി, എംഫില്‍ ആണ്. അദ്ദേഹത്തിന് എത്ര വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്, ഏതെല്ലാം ഇ- ഗവേണന്‍സ് പ്രോജക്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് തുടങ്ങിയ വിവരം ഓഫീസില്‍ ലഭ്യമല്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. യോഗ്യതയില്ലാത്ത ഈ ഉദ്യോഗസ്ഥന്‍ നാലു മാസത്തിനുള്ളില്‍ 1.63 കോടി രൂപയാണ് ചെലവഴിച്ചത്. കെഎസ്ഐഡിസിയില്‍നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജി ഉണ്ണിക്കൃഷ്ണനെയാണ് ഇ ഗവേണന്‍സ് തലവനായി നിയമിച്ചത്. കെഎസ്ഐഡിസിയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരിക്കെ മദ്യപിച്ചെത്തി ഡയറക്ടര്‍ അല്‍കേഷ് കുമാറിനെ കൈയേറ്റം ചെയ്തെന്നായിരുന്നു ഉണ്ണിക്കൃഷ്ണനെതിരായ ആരോപണം. തുടര്‍ന്ന് അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനുശേഷം സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിനെതിരെ ഉണ്ണിക്കൃഷ്ണന്‍ കോടതിയെ സമീപിച്ചു. കേസ് നിലവിലിരിക്കെ അത് തീര്‍പ്പാക്കാതെ മാനേജര്‍ തസ്തികയില്‍ പ്രവേശനം നല്‍കി. അതിനുശേഷമാണ് ഐടി മിഷനില്‍ ഇ- ഗവേണന്‍സ് തലവനായി നിയമിച്ചത്. ഉണ്ണിക്കൃഷ്ണന് എന്‍ജിനിയറിങ്ങില്‍ ഡിഗ്രിയുണ്ടെങ്കിലും ഇ- ഗവേണന്‍സില്‍ മുന്‍പരിചയമില്ല.

deshabhimani 231111

1 comment:

  1. കേരള ഐടി മിഷന്റെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ല. വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്ററായി നിയമിച്ച ഉദ്യോഗസ്ഥന് എന്‍ജിനിയറിങ് യോഗ്യതയോ ഈ ഗവേണന്‍സില്‍ പ്രവൃത്തിപരിചയോ ഇല്ലെന്ന് ഐടി മിഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.

    ReplyDelete