Sunday, November 27, 2011

കിഷന്‍ജി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന്

വ്യാഴാഴ്ച സംയുക്തസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ജാര്‍ഗ്രാമിനടുത്ത ബുരിഷോള്‍ വനത്തില്‍ മേദിനിപ്പുരില്‍ എത്തിച്ച മൃതദേഹം പൊലീസ് അധികാരികള്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം തിരിച്ചറിയാനായി കിഷന്‍ജിയുടെ സഹോദരപുത്രി ദീപയും കിഷന്‍ജിയുടെ സുഹൃത്തും നക്സല്‍ നേതാവുമായ വരവരറാവുവും ആന്ധ്രപ്രദേശില്‍ നിന്ന് കൊല്‍ക്കത്തയിലെത്തി. മൃതദേഹം കൊല്‍ക്കത്തയില്‍ എത്തിക്കുമെന്നാണ് സൂചന. മൃതദേഹം ഹൈദരാബാദില്‍ എത്തിക്കണമെന്ന ആവശ്യവും പരിഗണിച്ചേക്കും.

കിഷന്‍ജിയെ വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന് മാവോയിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. കിഷന്‍ജിയെ അറസ്റ്റുചെയ്തശേഷം വെടിവച്ചു കൊല്ലുകയായിരുന്നെന്ന് മാവോയിസ്റ്റ് നേതാവ് ആകാശ് പ്രസ്താവനയില്‍ പറഞ്ഞു. കിഷന്‍ജിയെ അറസ്റ്റുചെയ്യുന്നതിന് തൊട്ടടുത്തുള്ള സ്ഥലത്ത് തങ്ങളുടെ ആളുകള്‍ ഉണ്ടായിരുന്നെന്നും അറസ്റ്റുചെയ്തു കൊണ്ടുപോകുന്നത് കണ്ടെന്നും ആകാശ് പറഞ്ഞു. കിഷന്‍ജിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹര്‍ത്താലിന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കിഷന്‍ജിയുടെ അമ്മ മധുരമ്മ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. വ്യാജ ഏറ്റുമുട്ടലിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ , വ്യാജ ഏറ്റുമുട്ടല്‍ ആരോപണം സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ വിജയകുമാര്‍ നിഷേധിച്ചു. സാധാരണഗതിയിലുള്ള സുരക്ഷ പോലും ഇല്ലാതിരുന്ന കിഷന്‍ജി ഏറ്റുമുട്ടലില്‍ തന്നെയാണ് കൊല്ലപ്പെട്ടത്-അദ്ദേഹം പറഞ്ഞു. കിഷന്‍ജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വരവരറാവുവും ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന സുജാതഭദ്രയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കിഷന്‍ജിക്കൊപ്പം ഉണ്ടായിരുന്ന സുചിത്ര മഹതോയെ കണ്ടെത്താന്‍ സംയുക്തസേന തെരച്ചില്‍ ആരംഭിച്ചു. പരിക്കേറ്റ സുചിത്ര ദൂരെയെങ്ങും പോകാനിടയില്ലെന്ന നിഗമനത്തിലാണ് തെരച്ചില്‍ . കിഷന്‍ജി മരിച്ച സ്ഥലത്തുനിന്ന് രണ്ട് എകെ-47 തോക്ക്, ഹിയറിങ് എയ്ഡ്, ബാഗ് എന്നിവ കണ്ടെടുത്തു. ബാഗില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പെന്‍ ഡ്രൈവും കണ്ടെടുത്തു. മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗാളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

deshabhimani news

1 comment:

  1. വ്യാഴാഴ്ച സംയുക്തസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ജാര്‍ഗ്രാമിനടുത്ത ബുരിഷോള്‍ വനത്തില്‍ മേദിനിപ്പുരില്‍ എത്തിച്ച മൃതദേഹം പൊലീസ് അധികാരികള്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം തിരിച്ചറിയാനായി കിഷന്‍ജിയുടെ സഹോദരപുത്രി ദീപയും കിഷന്‍ജിയുടെ സുഹൃത്തും നക്സല്‍ നേതാവുമായ വരവരറാവുവും ആന്ധ്രപ്രദേശില്‍ നിന്ന് കൊല്‍ക്കത്തയിലെത്തി. മൃതദേഹം കൊല്‍ക്കത്തയില്‍ എത്തിക്കുമെന്നാണ് സൂചന. മൃതദേഹം ഹൈദരാബാദില്‍ എത്തിക്കണമെന്ന ആവശ്യവും പരിഗണിച്ചേക്കും.

    ReplyDelete