Monday, November 28, 2011

ശെന്തുരുണിക്കാട്ടില്‍ അത്യപൂര്‍വ ചിത്രശലഭങ്ങള്‍

അത്യപൂര്‍വ വര്‍ണശലഭങ്ങള്‍ അഴക് വിടര്‍ത്തുന്ന ശെന്തുരുണിക്കാട് കേരളത്തിലെ മികച്ച ശലഭ നിരീക്ഷക സങ്കേതമാകുന്നു. 176 ഇനം ചിത്രശലഭങ്ങളെയാണ് ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷംമുമ്പ് അപൂര്‍വയിനത്തില്‍പ്പെട്ട 97 ഇനം ശലഭങ്ങളെ ശെന്തുരുണിയില്‍ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. ഇവയും കൂടിച്ചേര്‍ത്താല്‍ 273 ഇനം വര്‍ണപ്പൂമ്പാറ്റകള്‍ ശെന്തുരുണിയിലുണ്ട്. ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വന്യജീവി സങ്കേതവുമായി സഹകരിച്ച് സര്‍വെ പൂര്‍ത്തിയാക്കിയത്. സൊസൈറ്റി പിആര്‍ഒ ഡോ. എസ് കലേഷിന്റെ നേതൃത്വത്തില്‍ 31 പേര്‍ മൂന്നുദിവസമാണ് 171 കിലോമീറ്റര്‍ വിസ്തൃതിയുള്ള ശെന്തുരുണി വനത്തിന്റെ വിവിധ സോണുകളില്‍ പരിശോധിച്ചത്.

കേരളത്തില്‍തന്നെ ആദ്യമായി പ്ലെയിന്‍ ബാന്‍ഡില്‍ ഓള്‍ എന്ന കാട്ടുശര ശലഭത്തെ ശെന്തുരുണിയില്‍ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സര്‍വേസംഘം. തെക്കന്‍ കര്‍ണാടകം മുതല്‍ കേരളം വരെയുള്ള മലനിരകളില്‍ അത്യപൂര്‍വ സാന്നിധ്യമായി ട്രാവന്‍കൂര്‍ ഈവനിങ് ബ്രൗണ്‍ എന്ന തിരുവിതാംകൂര്‍ കരിയില ശലഭത്തെയും ശെന്തുരുണിയില്‍ കണ്ടെത്താനായിട്ടുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട ഉമയാര്‍ , റോസ്മല, റോക്ക്വുഡ്, പാണ്ടിമൊട്ട, കല്ലാര്‍ , കട്ടിളപ്പാറ എന്നിവിടങ്ങളിലാണ് കൂടുതല്‍ ശലഭങ്ങളുള്ളത്. ഉമയാറാണ് ശലഭപാര്‍ക്കുപോലെ വര്‍ണത്തുമ്പികളുടെ നിറസാന്നിധ്യത്താല്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇന്‍ഡിഗോ ഫ്ളാഷ് എന്ന അപൂര്‍വ ശലഭങ്ങള്‍ ഉള്‍പ്പെടെ 105 ഇനങ്ങളാണ് ഉമയാറിലുള്ളത്.

കല്ലാര്‍ വനത്തില്‍ 96 ഇനത്തിലുള്ള പൂമ്പാറ്റകളുണ്ട്. ബുഷ് ബ്രൗണ്‍ എന്ന തവിടന്‍ ശലഭം, സ്ലിപ്പര്‍ ബട്ടര്‍ഫ്ളൈ എന്നിവയാണത്. പാണ്ടിമൊട്ടയില്‍ സര്‍വേസംഘം 85 ഇനം ശലഭങ്ങളെ കണ്ടെത്തി ചിത്രങ്ങള്‍ പകര്‍ത്തി. അതിവേഗത്തില്‍ പറന്നുനീങ്ങുന്ന ഇന്ത്യന്‍ ഓള്‍ കിങ് എന്ന ശരരാജനും സ്മാള്‍ പാം ബോബ് എന്ന പനംകുള്ളന്‍ ശലഭവും ഗോള്‍ഡന്‍ ട്രീ ഫില്‍ട്ടര്‍ തുടങ്ങിയവയാണ് പാണ്ടിമൊട്ട വനത്തിലുള്ളത്. റോസ്മലയില്‍ 66 തരം ശലഭങ്ങളുണ്ട്. പാംകിങ് എന്ന തെങ്ങോല രാജനെ റോസ്മലയില്‍ കണ്ടെത്തി. ആണ്‍ശലഭത്തെ നേരില്‍ കാണാനാകുന്നത് അത്യപൂര്‍വമായാണ്. റോസ്മലയില്‍ സര്‍വേസംഘത്തിന് ആണ്‍ശലഭത്തെ കാണാന്‍ കഴിഞ്ഞു. കട്ടിളപ്പാറയില്‍ 61, റോക്ക്വുഡില്‍ 57 തരത്തിലുള്ള പൂമ്പാറ്റകളുടെ സാന്നിധ്യം ഉറപ്പാക്കാനായി. തിരുവിതാംകൂര്‍ കരിയില ശലഭം, നീലഗിരി കടുവ, റെഡ് ഡിസ്ക് ബുഷ് ബ്രൗണ്‍ എന്നിവയെ സമുദ്രനിരപ്പില്‍നിന്ന് 1400 മീറ്റര്‍ ഉയരമുള്ള പാണ്ടിമൊട്ട, റോസ്മല ഭാഗങ്ങളില്‍ കാണാനായത് ഗവേഷകസംഘത്തിന് പഠനത്തിന് പുതിയ വഴിതുറന്നിട്ടുണ്ട്.
(അരുണ്‍ മണിയാര്‍)

deshabhimani 281111

1 comment:

  1. അത്യപൂര്‍വ വര്‍ണശലഭങ്ങള്‍ അഴക് വിടര്‍ത്തുന്ന ശെന്തുരുണിക്കാട് കേരളത്തിലെ മികച്ച ശലഭ നിരീക്ഷക സങ്കേതമാകുന്നു. 176 ഇനം ചിത്രശലഭങ്ങളെയാണ് ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷംമുമ്പ് അപൂര്‍വയിനത്തില്‍പ്പെട്ട 97 ഇനം ശലഭങ്ങളെ ശെന്തുരുണിയില്‍ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. ഇവയും കൂടിച്ചേര്‍ത്താല്‍ 273 ഇനം വര്‍ണപ്പൂമ്പാറ്റകള്‍ ശെന്തുരുണിയിലുണ്ട്. ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വന്യജീവി സങ്കേതവുമായി സഹകരിച്ച് സര്‍വെ പൂര്‍ത്തിയാക്കിയത്. സൊസൈറ്റി പിആര്‍ഒ ഡോ. എസ് കലേഷിന്റെ നേതൃത്വത്തില്‍ 31 പേര്‍ മൂന്നുദിവസമാണ് 171 കിലോമീറ്റര്‍ വിസ്തൃതിയുള്ള ശെന്തുരുണി വനത്തിന്റെ വിവിധ സോണുകളില്‍ പരിശോധിച്ചത്.

    ReplyDelete