Saturday, November 19, 2011

പുഷ്പന്‍ "രക്തസാക്ഷി" ജീവിതം എഴുതുന്നു


കണ്ണൂര്‍ : പുഷ്പന്‍ ആത്മകഥ കുറിക്കുമ്പോള്‍ അക്ഷരങ്ങളുടെ വക്കില്‍ ചോരപൊടിയുന്നുണ്ട്. കാഞ്ചിയില്‍നിന്ന് വേര്‍പെട്ട വെടിയുണ്ടകള്‍ വേഗമാര്‍ന്ന് വാക്കിന്റെ പച്ച ഞരമ്പുകളിലൂടെ ചോര പിടഞ്ഞൊഴുകുന്നുണ്ട്. പോരാട്ടത്തിന്റെ പാതിവഴിയില്‍ വീണുപോയ ഭൂമുഖത്തെ എല്ലാ പോരാളികള്‍ക്കുംവേണ്ടിയാണ് പുഷ്പന്റെ ആത്മകഥ. പതിനേഴ് വര്‍ഷത്തെ "രക്തസാക്ഷി" ജീവിതത്തിന്റെ അനുഭവം കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 17-ാം വാര്‍ഷിക ദിനത്തില്‍ പ്രകാശിതമാവും. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് "പുഷ്പന്‍ - സഹനത്തിന്റെ മഹാസൂര്യന്‍" എന്ന പുസ്തകം പുറത്തിറക്കുന്നത്.

വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരത്തില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായ, 1994 നവംബര്‍ 25ന് നടന്ന കൂത്തുപറമ്പ് വെടിവയ്പ്പിനിടെ കഴുത്തിലൂടെ വെടിയുണ്ട തുളച്ചുകയറി എഴുന്നേല്‍ക്കാനാവാതെ രോഗശയ്യയിലാണ് ചൊക്ലി മേനപ്രത്തെ പുഷ്പന്‍ ഇപ്പോഴും. പുഷ്പനുവേണ്ടി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് കഥ കേട്ടെഴുതുന്നത്.

"ഒരില കൊഴിയുന്ന ലാഘവത്തില്‍ തിളച്ച മരൂഭൂമിയിലെന്ന പോലെയാണ് രാവും പകലും എന്റെ കിടത്തം. ചെറുതായൊന്നു ചൂടുകൂടിയാല്‍പോലും സഹിക്കാനാവാത്തവിധം ശരീരം മാറിപ്പോയിരിക്കുന്നു. സദാ തിളച്ച വെള്ളത്തില്‍ കൈകുത്തിയതുപോലുള്ള അനുഭവം. ഒരു ഉറുമ്പ് കടിച്ചാല്‍ നൂറു സൂചി പച്ചയ്ക്ക് കയറ്റുന്ന പിടച്ചിലാണ് എനിക്ക്"- ആത്മകഥയുടെ തുടക്കത്തില്‍ പുഷ്പന്‍ കുറിച്ചിടുന്നു.

എട്ടാംതരം മാത്രം പഠിപ്പുള്ള പരുക്കന്‍ നാട്ടിന്‍പുറത്തുകാരന്റെ രാകിമിനുക്കാത്ത വാക്കുകളാണ് താളുകളില്‍ . മരണത്തേക്കാള്‍ ഭയാനകമായ കിടപ്പ് ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഇടര്‍ച്ചയോ നിരാശയോ വരികള്‍ക്കിടയില്‍പോലും വായിച്ചെടുക്കാനാവില്ല.

"എനിക്കറിയില്ല, മടുക്കാതെ ഒരേതരത്തില്‍ എങ്ങനെയാണ് കിടക്കുന്നതെന്ന്. ഒരു മിനിറ്റുപോലും അടങ്ങി ഒരിടത്തിരിക്കാത്തവന്‍ എന്നാണ് എന്നെക്കുറിച്ച് പറയാറ്. എന്നിട്ടും വേദനകളിലൂടെ നിരന്തരം കടന്നുപോകുമ്പോള്‍ എപ്പോഴും ചിരിക്കാന്‍ എനിക്കാവുന്നുണ്ട്. ഇത്രയും കാലം ഞാന്‍ ചിരിച്ചത് നിങ്ങളെനിക്ക് തന്ന സ്നേഹത്തിന് പകരമാണ്. ആ ഉശിരില്‍ ഞാന്‍ ഉണ്ടാവും. അവസാനിക്കാത്ത പോരാട്ടങ്ങള്‍ക്ക് കണ്ണും കാതും നല്‍കാന്‍"- ആത്മകഥയുടെ തുടക്കം ഇങ്ങനെ.

സൈമണ്‍ ബ്രിട്ടോയുടെ സമാന അനുഭവങ്ങളും അടുപ്പവും ജീവതത്തെ മാറ്റിമറിച്ചതിന്റെ ഓര്‍മകളുമുണ്ടിതില്‍ . നിരന്തരമായ ആശുപത്രി ജീവിതത്തിനിടെ പരിചയിച്ച, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഡിലെ ചിറകും ചലനവും അറ്റുപോയ അന്തേവാസികളുടെ ജീവിതം ചെലുത്തിയ സ്വാധീനവും പറയുന്നു ഒരധ്യായത്തില്‍ .

വീല്‍ചെയറിലിരുന്ന് അരങ്ങില്‍ നാടകം അവതരിപ്പിച്ച അജയന്റെ ധീരതയും ആത്മകഥയില്‍ ഓര്‍ക്കുന്നു. ചൊക്ലിയില്‍ മാമന്‍ വാസു ദിനാചരണത്തിന് അജയന്റെ "മരംപെയ്യുന്നു" നാടകാവതരണം വീല്‍ചെയറിലിരുന്ന് കണ്ടതോടെയാണ് സമാനഹൃദയരുടെ അടുപ്പം ആരംഭിച്ചത്. ഇത് അജയന്റെ മരണം വരെയും തുടര്‍ന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തകനും സൃഹുത്തുമായ ജി ടി കെ അനിലാണ് ആത്മകഥ തയ്യാറാക്കിയത്. പുഷ്പന്റെ സുഹൃത്ത് ടി ജയേഷ്, ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി എന്‍ അനൂപ് എന്നിവരും പാര്‍ടി സഖാക്കളും സഹായിച്ചു. 120 പേജുകളില്‍ സ്മരണിക രൂപത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നവംബര്‍ 25ന് പകല്‍ നാലിന് മേനപ്രത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്യും. കൂട്ടിച്ചേര്‍ക്കലുകളോടെ ഉടന്‍ പുസ്തകരൂപത്തിലും ഇത് പുറത്തിറങ്ങും.

deshabhimani 191111

1 comment:

  1. പുഷ്പന്‍ ആത്മകഥ കുറിക്കുമ്പോള്‍ അക്ഷരങ്ങളുടെ വക്കില്‍ ചോരപൊടിയുന്നുണ്ട്. കാഞ്ചിയില്‍നിന്ന് വേര്‍പെട്ട വെടിയുണ്ടകള്‍ വേഗമാര്‍ന്ന് വാക്കിന്റെ പച്ച ഞരമ്പുകളിലൂടെ ചോര പിടഞ്ഞൊഴുകുന്നുണ്ട്. പോരാട്ടത്തിന്റെ പാതിവഴിയില്‍ വീണുപോയ ഭൂമുഖത്തെ എല്ലാ പോരാളികള്‍ക്കുംവേണ്ടിയാണ് പുഷ്പന്റെ ആത്മകഥ. പതിനേഴ് വര്‍ഷത്തെ "രക്തസാക്ഷി" ജീവിതത്തിന്റെ അനുഭവം കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 17-ാം വാര്‍ഷിക ദിനത്തില്‍ പ്രകാശിതമാവും. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് "പുഷ്പന്‍ - സഹനത്തിന്റെ മഹാസൂര്യന്‍" എന്ന പുസ്തകം പുറത്തിറക്കുന്നത്.

    ReplyDelete