Monday, November 28, 2011

കടലില്‍ മണല്‍ വാരിയാലെന്താ?

അറബിക്കടല്‍ തീരത്തുനിന്ന് മണല്‍ വാരിയാലെന്താ എന്ന ചോദ്യം കേരളത്തില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നു. മുന്‍പൊരിക്കല്‍ ഉയര്‍ന്നുവന്നതും വ്യാപകമായ എതിര്‍പ്പുകള്‍മൂലം പിന്‍വലിക്കപ്പെട്ടതുമായ ഒരു നിര്‍ദ്ദേശമാണിത്. കേരളത്തിലാണെങ്കില്‍ കെട്ടിട നിര്‍മ്മാണ വ്യവസായം ഇപ്പോഴും മുമ്പോട്ടു കുതിക്കുകയാണ്. മണലിന് വ്യാപകമായി ആവശ്യക്കാരുണ്ട്. പുഴകളാണ് ഇപ്പോള്‍ നമ്മുടെ മണല്‍ സ്രോതസ്സ്. മണല്‍വാരല്‍കൊണ്ട് എല്ലാ പുഴകളും നാശോന്മുഖമായിക്കഴിഞ്ഞു. ആ നിലയ്ക്ക് ഒരു പുതിയ വിഭവസ്രോതസ്സ് എന്ന നിലയില്‍ കടല്‍തീരത്തേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. കടലിലെ മണല്‍ ലഭ്യതയെക്കുറിച്ച് പക്ഷേ, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് വിദഗധന്മാര്‍ക്കുതന്നെയുള്ളത്.

തിരുവനന്തപുരത്തുള്ള ഭൗമശാസ്ത്ര പഠനകേന്ദ്രം 2002 മേയ് മാസത്തില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പുറത്തുവിട്ടത് കേരള തീരത്ത് കരയില്‍നിന്ന് 20 കി.മീ. മാറി മുപ്പതുമുതല്‍ നാല്‍പതുവരെ മീറ്റര്‍ ആഴത്തില്‍ 98% ശുദ്ധമായ കടല്‍ മണല്‍ ലഭ്യമാണെന്നും ഏതാണ്ട് 4000 കോടി ടണ്‍ മണല്‍ നിക്ഷേപം അവിടെയുണ്ടെന്നും ആയിരുന്നു. എന്നാല്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഒരു പഠനത്തില്‍ തീരക്കടലില്‍ 65% മണലും 32% ചെളിയും 3% കടല്‍ ജീവികളുടെ അവശിഷ്ടങ്ങളുമാണെന്നാണ് പറയുന്നത്. കൊച്ചി സര്‍വ്വകലാശാല 2002ല്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ഇതേ തീരത്ത് മണലിെന്‍റ അംശം ഏറ്റവും കൂടിയത് 74.36% ആണ് എന്ന് കാണുന്നു. ഇതാകട്ടെ 40-50 മീറ്റര്‍ ആഴംവരുന്ന കടല്‍ഭാഗത്താണ് കാണപ്പെടുന്നത്. ഇവിടെയാണ് ജൈവ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതലായി കാണപ്പെടുന്നതും.

അതെന്തുമാകട്ടെ, തീരക്കടലില്‍ ലഭ്യമായ മണലിന്റെ കൃത്യമായ അളവ് ഇനിയും ഒരു വിദഗ്ധ പഠനത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് കരുതാം. കടല്‍മണല്‍ ഖനനം എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്നതാണ് മുഖ്യമായും പരിശോധിക്കേണ്ടത്. എങ്ങനെയാണ് മണല്‍ ഖനനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും പ്രത്യാഘാതങ്ങളും. സാധാരണയായി അടിത്തട്ടില്‍നിന്ന് യന്ത്ര സംവിധാനങ്ങളോടെ മണല്‍ ഡ്രഡ്ജ്ചെയ്ത് എടുക്കുന്നതാണ് കാണാറുള്ളത്. അങ്ങനെ വന്നാല്‍ അടിത്തട്ടിലെ മണലും ചെളിയും ജൈവാവശിഷ്ടങ്ങളും ഒന്നിച്ച് വലിചെടുക്കുകയും ചെളിയും അവശിഷ്ടങ്ങളും മാറ്റി മണല്‍ ശുദ്ധീകരിക്കുകയും വേണം. ഇതിനായി ഒരു ഡ്രഡ്ജിംഗ് കപ്പല്‍ ഒരു നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കണം. ഇതിന്റെ ഒന്നാമത്തെ അപകടം മുമ്പ് സൂചിപ്പിച്ച കൊച്ചി സര്‍വ്വകലാശാലയുടെ പഠനത്തില്‍ കണ്ടതാണ്. ഏറ്റവും കൂടുതല്‍ മണല്‍ ലഭിക്കുന്ന ഭാഗത്താണ് ഏറ്റവും കൂടുതല്‍ ജൈവ സാന്നിദ്ധ്യം. ഇവിടെ ഖനനം നടത്തിയാല്‍ മത്സ്യോല്‍പാദനത്തിന് നിദാനമായ ഭൂരിപക്ഷം ജൈവ പദാര്‍ത്ഥങ്ങളും കടലിന്റെ അടിത്തട്ടില്‍നിന്ന് നീക്കംചെയ്യപ്പെടാന്‍ ഇടവരും. യഥാര്‍ത്ഥത്തില്‍ ഇത് ജൈവ ആവാസ വ്യവസ്ഥയുടെ ഖനനമായി പരിണമിക്കും. കടലിന്റെ അടിത്തട്ടില്‍ കേവലം 15 സെ.മീ. വരെ ആഴത്തില്‍ ആഘാതം ചെലുത്തുന്ന ട്രോളിംഗ്പോലും സമുദ്രജലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന പശ്ചാത്തലത്തില്‍ 2-3 അടി ആഴത്തിലെങ്കിലും അടിത്തട്ടിനെ തുളയ്ക്കുന്ന ഡ്രഡ്ജിംഗ് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

മണലെടുത്തുകഴിഞ്ഞാലോ? കടല്‍ മണലായതിനാല്‍ ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. 50 ലക്ഷം ടണ്‍ മണല്‍ സംസ്കരിക്കാന്‍ 250 മുതല്‍ 300 വരെ ലക്ഷം ക്യൂബിക് മീറ്റര്‍ ശുദ്ധജലം വേണ്ടിവരും. കേരളത്തിലെ ഭൂഗര്‍ഭ ജല സമ്പത്തായിരിക്കും ഇതിനായി വിനിയോഗിക്കപ്പെടാന്‍പോകുന്നത്. ഇപ്പോള്‍തന്നെ ശുദ്ധജലക്ഷാമംകൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളത്തില്‍ ഇതുണ്ടാക്കാന്‍പോകുന്ന ജലക്ഷാമം ഭീകരമായിരിക്കും. ഭാവിയില്‍ ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ മണല്‍ ശുദ്ധീകരിക്കുന്നു എന്ന് വിചാരിക്കുക. ഇതില്‍നിന്ന് 17.5 ലക്ഷം ടണ്‍ മാലിന്യവും പാഴ്വസ്തുക്കളും ഉണ്ടാകും. ഇത് കടലിലേക്കുതന്നെയാവും പുറന്തള്ളപ്പെടുന്നത്. തീരക്കടല്‍ ജലത്തില്‍ കലക്കല്‍ വ്യാപിക്കുകയാവും ഇതിന്റെ ഫലം. ഇത് അടിത്തട്ടില്‍ അടിഞ്ഞുകൂടാന്‍ എത്രകാലം വേണ്ടിവരും? നാല് മൈക്രോണില്‍ താഴെയുള്ള പൊടിപടലങ്ങള്‍ അടിത്തട്ടിലെത്താന്‍ കുറഞ്ഞത് 100 വര്‍ഷമെങ്കിലും വേണ്ടിവരും. ഇത് കടലിന്റെ പ്രാഥമിക ഉല്‍പാദനക്ഷമതയെ ബാധിക്കും. അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയ വാതകങ്ങള്‍ അടിത്തട്ടില്‍നിന്ന് ബഹിര്‍ഗമിക്കപ്പെടും. മെര്‍ക്കുറി, അഴ്സനിക്ക്, ലെഡ് തുടങ്ങിയ വിഷ ഘന ലോഹങ്ങള്‍ അടിത്തട്ടില്‍നിന്ന് ജലോപരിതലത്തിലേക്കും പിന്നെ മത്സ്യങ്ങളിലേക്കും വ്യാപിക്കും. അതുവഴി അത് മനുഷ്യരിലേക്കും വ്യാപിക്കാം. ഈ ഒരൊറ്റ കാരണംകൊണ്ട് കേരളത്തിലെ മത്സ്യ സമ്പത്തിന്റെ കയറ്റുമതി തടയപ്പെടാം.

കേരളത്തിന്റെ തീരത്ത് വാണിജ്യപ്രാധാന്യമുള്ള അധോതലമത്സ്യങ്ങള്‍ ധാരാളമുണ്ട്. ചെമ്മീന്‍ ആവോലി, ആയിരംവല്ലി, നങ്ക് തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്. ഇവയെല്ലാം നശിപ്പിക്കപ്പെടും. രൂപപ്പെടുന്ന കലക്കല്‍ , മണല്‍ ഖനനം ചെയ്യുന്ന പ്രത്യേക സ്ഥലത്ത് മാത്രം ഒതുങ്ങി നില്‍ക്കണമെന്നില്ല. കേരളതീരത്ത് ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ തെക്കോട്ടും ഒക്ടോബര്‍ മുതല്‍ ജനുവരി വരെ വടക്കോട്ടുമാണ് കടലൊഴുക്ക്. സെക്കന്‍റില്‍ 53 സെന്‍റീമീറ്റര്‍വരെയാണ് ഇതിന്റെ കൂടിയ വേഗത. കടലൊഴുക്കിനൊപ്പം ഒഴുകുന്ന കലക്കല്‍ തീരമേഖലയാകെ ബാധിക്കും. തുടര്‍ച്ചയായി നടക്കുന്ന ഡ്രഡ്ജിംഗ് കലക്കല്‍ സ്ഥിരമായി നിലനില്‍ക്കാന്‍ കാരണമാകും. ഇത് കടല്‍ജലത്തിലെ പ്രകാശിതമേഖലയുടെ വ്യാപ്തം ഗണ്യമായി കുറയ്ക്കും. കൊച്ചി തുറമുഖത്തിനുവേണ്ടി വളരെയധികം സൂക്ഷ്മമായും നിയന്ത്രിതമായും നടത്തുന്ന ഡ്രഡ്ജിംഗ്പോലും ജലത്തില്‍ വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഇതുസംബന്ധിച്ച് 1998-ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ട വിവരങ്ങള്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നത് നോക്കുക.
കുറഞ്ഞത് 6.5 കോടി വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ട് നമ്മുടെ തീരക്കടലിന്റെ പ്രായം. ഭൗമോപരിതലത്തിെന്‍റ മാറ്റങ്ങളും ചലനങ്ങളും ഭൂകമ്പങ്ങളും പ്രളയങ്ങളും ഒക്കെ കൂടി പാകപ്പെടുത്തിയെടുത്തതാണീ ഭൂ രൂപം. ഈ തീരത്തിന്റെ പ്രാഥമിക ഉല്‍പാദനക്ഷമത വളരെ ഉയര്‍ന്നതാണ്. കേരളതീരത്ത് വന്നുചേരുന്ന 41 നദികളുടെ സംഭാവന ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നു. തീരത്തിെന്‍റ ആഴംകുറഞ്ഞ കോണ്ടിനന്‍റല്‍ ഷെല്‍ഫും വിസ്തൃതമായ ജല സുതാര്യമേഖലയും മത്സ്യോല്‍പാദനത്തെ വലിയതോതില്‍ സഹായിക്കുന്നു. ഏതാണ്ട് 40-60 വരെ മീറ്റര്‍ ആഴത്തിലുള്ള അടിത്തട്ട് പ്രധാനപ്പെട്ട എല്ലാ മത്സ്യങ്ങളുടെയും പ്രജനന മേഖലയാണ്. ഇവിടെയുണ്ടാകുന്ന ആഘാതങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇങ്ങനെ നോക്കിയാല്‍ യന്ത്രസംവിധാനങ്ങളോടെ കടലില്‍നിന്ന് മണല്‍ ഖനനംചെയ്യുന്നത് വലിയ ഭാവി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

ജോജി കൂട്ടുമ്മേല്‍ chintha 021211

4 comments:

  1. അറബിക്കടല്‍ തീരത്തുനിന്ന് മണല്‍ വാരിയാലെന്താ എന്ന ചോദ്യം കേരളത്തില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നു. മുന്‍പൊരിക്കല്‍ ഉയര്‍ന്നുവന്നതും വ്യാപകമായ എതിര്‍പ്പുകള്‍മൂലം പിന്‍വലിക്കപ്പെട്ടതുമായ ഒരു നിര്‍ദ്ദേശമാണിത്. കേരളത്തിലാണെങ്കില്‍ കെട്ടിട നിര്‍മ്മാണ വ്യവസായം ഇപ്പോഴും മുമ്പോട്ടു കുതിക്കുകയാണ്. മണലിന് വ്യാപകമായി ആവശ്യക്കാരുണ്ട്. പുഴകളാണ് ഇപ്പോള്‍ നമ്മുടെ മണല്‍ സ്രോതസ്സ്. മണല്‍വാരല്‍കൊണ്ട് എല്ലാ പുഴകളും നാശോന്മുഖമായിക്കഴിഞ്ഞു. ആ നിലയ്ക്ക് ഒരു പുതിയ വിഭവസ്രോതസ്സ് എന്ന നിലയില്‍ കടല്‍തീരത്തേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. കടലിലെ മണല്‍ ലഭ്യതയെക്കുറിച്ച് പക്ഷേ, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് വിദഗധന്മാര്‍ക്കുതന്നെയുള്ളത്.

    ReplyDelete
  2. Great article ജോജി കൂട്ടുമ്മേല്‍...

    ReplyDelete
  3. ഈ നല്ല ലേഖനത്തിന് നന്ദി. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഈ ലേഖനം ആവശ്യം വരും . ലിങ്ക് അന്ന് നിലവില്‍ ഇല്ലെങ്കിലോ എന്നതിനാല്‍ സ്ക്രീന്‍ ഷോട്ട് എടുത്തു വെയ്ക്കുന്നു..

    ReplyDelete
  4. 4.5 കൊല്ലം മതിയാവും. പ്രതീക്ഷ നല്ലത് തന്നെ. നിരാശപ്പെടേണ്ടി വരാതിരിക്കട്ടെ..:)

    ReplyDelete