Saturday, November 26, 2011

ബംഗാള്‍ രാഷ്ട്രീയം വഴിത്തിരിവില്‍

മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെന്ന കോടേശ്വരറാവുവിന്റെ കൊലപാതകം പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവിന് തുടക്കം കുറിക്കും. സംസ്ഥാനത്ത് മാവോയിസ്റ്റുകളേയില്ലെന്ന് പറഞ്ഞ മമതബാനര്‍ജിക്ക് അവരുടെ സാന്നിധ്യമുണ്ടെന്നും അവര്‍ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരാണെന്നും സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ഇവിടെ ജയിക്കുന്നത് സിപിഐ എമ്മും ഇടതുപക്ഷവും ഉയര്‍ത്തിപിടിച്ച രാഷ്ട്രീയമാണ്. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കിഴക്കന്‍ മേദിനിപ്പുരില്‍ മാവോയിസ്റ്റുകള്‍ വധിക്കാന്‍ ശ്രമിച്ചപ്പോള്‍പോലും സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്നും സിപിഐ എം കൃത്രിമമായി സൃഷ്ടിച്ചതാണ് വധശ്രമ സംഭവമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിക്കുപിന്നിലും മാവോയിസ്റ്റുകളല്ലെന്ന് പറഞ്ഞ് സിഐഡി അന്വേഷണം തടഞ്ഞതും മമത തന്നെ. അധികാരമേറ്റ ഉടന്‍ തന്നെ മമതബാനര്‍ജി കൈക്കൊണ്ട നടപടി മാവോയിസ്റ്റുകള്‍ക്കെതിരെ സിആര്‍പിഎഫും പൊലീസും ചേര്‍ന്നുള്ള സംയുക്തനീക്കം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ സംയുക്തനീക്കത്തിന്റെ ഫലമായി മാവോയിസ്റ്റുകള്‍ക്ക് ജാര്‍ഖണ്ഡിലേക്കും മാറേണ്ടി വന്നിരുന്നു. സംയുക്ത സേന രണ്ടുതവണ കിഷന്‍ജിയെ പിടികൂടുന്നതിന്റെ വക്കിലെത്തുകയുംചെയ്തു. മമത അധികാരത്തില്‍ വന്നതോടെ സംയുക്ത നീക്കം ഉപേക്ഷിക്കുകയും മാവോയിസ്റ്റുകള്‍ വീണ്ടും ജംഗല്‍മഹലിലേക്ക് വന്ന് സ്വാധീനം ശക്തമാക്കാന്‍ ശ്രമം ശക്തമാക്കി. ഇതോടെയാണ് മാവോയിസ്റ്റുകള്‍ക്കെതിരെ സംയുക്തനീക്കം പുനഃരാംരംഭിക്കാന്‍ മമതബാനര്‍ജി തയ്യാറായത്.

ഇടതുപക്ഷ ഭരണകാലത്ത് സംയുക്ത സൈനികനീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുറവിളി കൂട്ടിയ മമതബാനര്‍ജി സൈനികനീക്കം ആരംഭിച്ചപ്പോള്‍ ഇടതുപക്ഷം അനുകൂലിച്ചിരുന്നു. സൈനികനീക്കം പുനഃരാംരംഭിച്ചപ്പോള്‍ നാല് മാവോയിസ്റ്റ്പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതിന്റെ തുടര്‍ച്ചയായാണ് കിഷന്‍ജിയുടെ കൊല. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍നിന്ന് പുറത്താക്കപ്പെട്ട സിപിഐ എം കേഡര്‍മാര്‍ക്ക് തിരിച്ചുപോകാനും കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നേടാനും പുതിയ സംഭവവികാസങ്ങള്‍ അവസരമൊരുക്കുമെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോത്പല്‍ ബസു പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടം വീണ്ടെടുക്കാനും ഇത് സഹായിക്കും- അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കാനാണ് മമതയെയും മാവോയിസ്റ്റുകളെയും ഒരുമിപ്പിച്ചത്. സിപിഐ എം കേഡര്‍മാരെ ഉന്മൂലനം ചെയ്യുന്നതിലും ഇരുപക്ഷത്തിനും ഏകാഭിപ്രായമായിരുന്നു. ഇരുകൂട്ടരും സ്വാധീനമേഖലകള്‍ വികസിപ്പിക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്.
(വി ബി പരമേശ്വരന്‍)

deshabhimani 261111

1 comment:

  1. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെന്ന കോടേശ്വരറാവുവിന്റെ കൊലപാതകം പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവിന് തുടക്കം കുറിക്കും. സംസ്ഥാനത്ത് മാവോയിസ്റ്റുകളേയില്ലെന്ന് പറഞ്ഞ മമതബാനര്‍ജിക്ക് അവരുടെ സാന്നിധ്യമുണ്ടെന്നും അവര്‍ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരാണെന്നും സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.

    ReplyDelete