Friday, November 25, 2011

പിറവം ഫലം സര്‍ക്കാരിന്റെ പതനത്തിന് തുടക്കമാകും: ഐസക്

പഴയന്നൂര്‍ : പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന് തുടക്കം കുറിക്കലാകുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് പറഞ്ഞു. സിപിഐ എം ചേലക്കര ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച് പഴയന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചുമാസം കൊണ്ടുതന്നെ കേരളത്തെ തകര്‍ക്കാനാവുമെന്ന് തെളിയിക്കുകയാണ് ഈ സര്‍ക്കാര്‍ . എന്നാല്‍ എക്കാലവും ഇങ്ങനെ തുടരാന്‍ അനുവദിക്കുമെന്ന ധാരണ വേണ്ട. വിരലൊന്നു ഞൊടിച്ചാല്‍ തകര്‍ന്നു വീഴാവുന്ന ആയുസ്സേ ഈ മന്ത്രിസഭയ്ക്കുള്ളു. മുഖ്യമന്ത്രിയടക്കം ഒട്ടേറെ മന്ത്രിമാര്‍ അഴിമതിയാരോപണം നേരിടുകയാണ്. ക്രിമിനലുകള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ ഈ ഭരണത്തിലാവുമെന്നതിന്റെ തെളിവാണ് വാളകം സംഭവം. നിയമലംഘനത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു എന്നതിന് തെളിവാണ് ബാലകൃഷ്ണപിളളയുടെ ഫോണ്‍ വിളികള്‍ . ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമാണ് ജയിലില്‍ നിന്ന് പിള്ള ഫോണ്‍ ചെയ്തത്. ടൈറ്റാനിയം സംഭവത്തില്‍ നിയമസഭയില്‍ കളളം പറഞ്ഞതും മുഖ്യമന്ത്രിയാണ്. പഴയ കാലത്തെ രാജാവാകാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ചക്രവര്‍ത്തി ചമയുകയാണ് അദ്ദേഹം. ജനസമ്പര്‍ക്കപരിപാടി എന്ന പേരില്‍ സപ്ലൈ ഓഫീസിലെ ക്ലര്‍ക്കിന്റെ പണിയാണ് ചെയ്യുന്നത്. റേഷന്‍ കാര്‍ഡ് നല്‍കാനും ആയിരവും രണ്ടായിരവും വീതിച്ചു നല്‍കാനും ക്ലര്‍ക്കിനോട് ആവശ്യപ്പെട്ടാല്‍ മതി. അതിന് മുഖ്യമന്ത്രി പോവേണ്ടതില്ല. മുഖ്യമന്ത്രി ഇടപെടാതെ പൗരന്റെ കാര്യങ്ങള്‍ നടത്താനാവുന്നതാണ് സുതാര്യ ഭരണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ വീടിനു നമ്പര്‍ ഇടാന്‍ പോലും അദ്ദേഹം നേരിട്ട് ഇടപെടേണ്ട അവസ്ഥയിലാണ്.

കേരളത്തിലെ 30 ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകരെ അപമാനിക്കുകയാണ് കെപിസിസിയും മന്ത്രി ജോസഫും ചെയ്തത്. വയനാട്ടില്‍ ഒരു കുടുംബശ്രീ യൂണിറ്റും 12 ശതമാനത്തിലധികം പലിശ വാങ്ങിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കര്‍മപരിപാടി തട്ടിപ്പാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ പരിപാടികളുടെ നടത്തിപ്പ് മാത്രമാണത്. കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭ്യമാക്കുന്ന കാര്യം പറയുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ച് ലാഭത്തിലാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ല. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരനിര്‍ദേശമില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തേതുപോലെ വയനാട് വീണ്ടും കര്‍ഷക ആത്മഹത്യ നാടായി മാറ്റുകയാണ് സര്‍ക്കാരെന്നും ഐസക് പറഞ്ഞു. ഏരിയ സെക്രട്ടറി പി എ ബാബു അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംഎല്‍എ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം യു പി ജോസഫ്, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ പി രാധാകൃഷ്ണന്‍ , കെ വി നഫീസ എന്നിവര്‍ പങ്കെടുത്തു. എം പത്മകുമാര്‍ സ്വാഗതവും എന്‍ എം ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

ജനം കുത്തിയൊഴുകി, മനം നിറഞ്ഞ് പിറവം

പിറവം: ഒരു തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് ഇത്ര വലിയ ജനക്കൂട്ടം അത്യപൂര്‍വം; പ്രത്യേകിച്ച് പിറവത്ത്. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്റെ ചൈതന്യം ഇങ്ങനെ. നിശ്ചിത സമയത്തുതന്നെ ആയിരക്കണക്കിനു ജനങ്ങള്‍ സമ്മേളന മൈതാനിയിലേക്ക് പ്രവഹിക്കുകയായിരുന്നു. വൈകിട്ട് 4.20ന് ഉദ്ഘാടകന്‍ വി എസ് അച്യുതാനന്ദന്‍ എത്തിയപ്പോള്‍ പിഷാരുകോവില്‍ മൈതാനവും നിറഞ്ഞ് പരിസരം പടര്‍ന്നൊഴുകുകയായി ജനാവലി. ഈ ചെറിയ പട്ടണത്തിന്റെ മനംനിറഞ്ഞ നിബിഡമായ മണിക്കൂറുകള്‍ . പിറവം മണ്ഡലം ജനതയുടെ പരിഛേദംതന്നെ സമ്മേളനത്തിലുണ്ടായി. നാനാദേശത്തുനിന്ന് നാനാവിഭാഗക്കാര്‍ . ധാരാളം വീട്ടമ്മമാര്‍ ഉത്സവംതുടിക്കുന്ന മനസ്സോടെ. ആബാലവൃദ്ധമായി വന്ന കുടുംബങ്ങള്‍തന്നെ നിരവധി. സമ്മേളനനഗരി നിറഞ്ഞുകവിഞ്ഞ് ജനങ്ങള്‍ സമീപത്തെ മതിലുകളിലും മറ്റും സ്ഥാനം പിടിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍പിടിക്കാന്‍ സമ്മേളനം രൂപീകരിച്ച സമിതി അതിവിപുലം. കെ ടി തങ്കപ്പന്‍ , കെ പി സലിം, ജോണ്‍കുട്ടി, ഗോപിവെട്ടത്ത്, കെ സി ശീലാസ്, കെ രാജു, പി കെ മാത്യു, സ്കറിയ പുലങ്കോട്ട്, സ്റ്റീഫന്‍ പാലിക്കുളങ്ങര (വൈസ് പ്രസിഡന്റുമാര്‍), എ എം ചാക്കോ, എം പി ഉദയന്‍ , സി എന്‍ സദാമണി, രാമചന്ദ്രന്‍ പാമ്പ്രാസ്, സജി നിരപ്പുകാട്ടില്‍ , സോജന്‍ ജോര്‍ജ്, കെ ചന്ദ്രശേഖരന്‍ , സണ്ണി തേക്കുംമൂട്ടില്‍ , ജോര്‍ജ് വല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറിമാര്‍), ഒ എന്‍ വിജയന്‍ (ട്രഷറര്‍) എന്നിവരാണ് കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍ . എല്‍ഡിഎഫിന്റെ പരിഛേദംതന്നെ സ്ഥാനാര്‍ഥി എം ജെ ജേക്കബിനൊപ്പം വേദിയിലുണ്ടായി. സംസ്ഥാനംമുതല്‍ പ്രാദേശികതലംവരെ. സരോജിനി ബാലാനന്ദന്‍ , ഗോപി കോട്ടമുറിക്കല്‍ , എസ് ശര്‍മ, സി എം ദിനേശ്മണി, മുണ്ടക്കയം സദാശിവന്‍ , കമലാ സദാനന്ദന്‍ , ജൂലി സാബു, സി വി ഔസേഫ്, മുന്‍ എംഎല്‍എ ബാബു പോള്‍ , കെ എം കുഞ്ഞുമോന്‍ , കെ എന്‍ സുഗതന്‍ , ഇ എ കുമാരന്‍ , പ്രൊഫ. പ്രകാശ് തോമസ്, കെ ജെ ജേക്കബ്, എ എ എബ്രഹാം, വി എ അഷറഫ്, ടി വി വര്‍ഗീസ്, കെ സി പ്രഭാകരന്‍ , ജോര്‍ജ് ഇടപ്പരത്തി തുടങ്ങിയവര്‍ സന്നിഹിതരായി.

deshabhimani 251111

1 comment:

  1. പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന് തുടക്കം കുറിക്കലാകുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് പറഞ്ഞു.

    ReplyDelete