Thursday, November 24, 2011

നഗര സുസ്ഥിരവികസന പദ്ധതികള്‍ക്ക് മരണമണി

സംസ്ഥാനത്തെ ചെറുകിട ഇടത്തരം പട്ടണങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ മരണക്കിടക്കയില്‍.
ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര നവീകരണ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തെ 26 നഗരങ്ങളില്‍ സുസ്ഥിര വികസനത്തിനായി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഭൂരിഭാഗം പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. തുടര്‍ന്ന് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ പദ്ധതികള്‍ക്ക് മരണമണി മുഴക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

സര്‍ക്കാരിന്റെ ഈ വികസന വിരുദ്ധ നിലപാടുകളുടെ ഭാഗമായി വന്‍തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പിഴയായി കേന്ദ്രത്തിന് നല്‍കേണ്ടിവരും. പയ്യന്നൂര്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആരംഭിച്ച 18.69 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ ഊര്‍ദ്ധ്വ ശ്വാസം വലിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുടെ ഗ്രാവിറ്റി മെയിന്‍, വിതരണ ശൃംഘല, എന്നിവയുടെ പണി പൂര്‍ത്തിയാക്കി. മറ്റു പ്രവൃത്തികള്‍ക്ക് തുടക്കമിട്ടപ്പോള്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇതോടെ പയ്യന്നൂര്‍ കുടിവെള്ള പദ്ധതി നിലച്ചു.
പെരുന്തല്‍മണ്ണ നഗരത്തിലെ ഖരമാലിന്യ സംസ്‌കരണത്തിനായി 5.22 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമിട്ടത്. പദ്ധതിക്ക് ആവശ്യമായ ഗ്രീന്‍ ബെല്‍റ്റ് നിര്‍മ്മാണം, ടിപ്പര്‍ ലോറി വാങ്ങല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, ബയോഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണം, ജലവിതരണ സംവിധാനം തുടങ്ങിയ പ്രവര്‍ത്തികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 85 ശതമാവും പൂര്‍ത്തിയാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ച് മാസം കഴിഞ്ഞിട്ടും  തുടര്‍ പ്രവര്‍ത്തനം ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല.

ആറ്റിങ്ങല്‍ നഗരസഭയിലെ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് 3.06 കോടി ചെലവില്‍ ആരംഭിച്ച പദ്ധതിയും പാതിവഴിയിലായി. പ്ലാന്റുമായി ബന്ധപ്പെട്ട സെഗ്രഗേറ്റഡ് സ്റ്റോറേജിന്റെ പണി ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. പ്രൈമറി കളക്ഷന്‍ സിസ്റ്റം, സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എങ്ങുമെത്താത്ത സ്ഥിതിയാണ്. ചങ്ങനാശേരി മുന്‍സിപ്പിലാറ്റിയില്‍ സ്ഥാപിക്കുന്ന ഖരമാലിന്യ പ്ലാന്റിന്റെ അവസ്ഥയും ഇതാണ്. ഡമ്പിംഗ് യാര്‍ഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാന്‍ കെ എസ് യു ഡി പി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

പൂനലൂര്‍ മുന്‍സിപാലിറ്റിയില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സ്ഥിതിയും മറ്റൊന്നല്ല. കംപോസ്റ്റ് പ്ലാന്റിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുന്നതിനുമായി എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയും പാതിവഴിയിലായി. 31 കോടി ചെലവിലുള്ള നിര്‍ദ്ദിഷ്ട പദ്ധതി പൂര്‍ത്തിയായാല്‍ പ്രതിദിനം 62 മില്യണ്‍ ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയും.

ഈ മേഖലയില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതും എങ്ങുമെത്താത്ത സ്ഥിതിയാണ്.

നെയ്യാറ്റിന്‍കര, ചാലക്കുടി എന്നീ മുന്‍സിപാലിറ്റികളില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കാന്‍പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതേ അവസ്ഥയാണ് കൊയിലാണ്ടി, ആലപ്പുഴ, നെടുമങ്ങാട്, ആലുവ എന്നീ നഗരസഭകളിലെ  നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റുകളും. വടകര, പെരിന്തല്‍മണ്ണ, ചിറ്റൂര്‍- തത്തമംഗലം, ഒറ്റപ്പാലം, മലപ്പുറം, ഗുരുവായൂര്‍, ചാവക്കാട്, തലശ്ശേരി, കല്‍പ്പറ്റ, ചങ്ങനാശേരി, എന്നീ നഗരസഭകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള പദ്ധതികളും പാതിവഴിയിലായി. വടകരയില്‍ പമ്പിംഗ് മെയിന്‍ സ്ഥാപിക്കുന്ന ജോലിപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട അപ്രോച്ച് റോഡ് നിര്‍മ്മാണം, പൈപ്പുകള്‍ സ്ഥാപിക്കല്‍ എന്നിവപോലും എങ്ങുമെത്തിയില്ല.

ചിറ്റൂര്‍- തത്തമംഗലം കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകള്‍ സ്ഥാപിക്കല്‍, പമ്പ് ഹൗസിന്റെ നിര്‍മാണം എന്നിവയും പൂര്‍ത്തിയാക്കിയിട്ടില്ല. ഒറ്റപ്പാലം പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള 19 കോടി രൂപയുടെ പദ്ധതിയും പാതിവഴിയിലായി. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സെന്‍ട്രി ഫ്യൂഗല്‍ മോട്ടോറുകള്‍ സ്ഥാപിക്കല്‍, പുതിയ ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള പൈപ്പുകളുടെ ദൈര്‍ഖ്യം വര്‍ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടങ്ങാന്‍ കഴിഞ്ഞിച്ചില്ല.

 സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച ഭൂരിഭാഗം പദ്ധതികളുടേയും അവസ്ഥ ഇതാണ്. പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫണ്ടിംഗ് ഏജന്‍സികള്‍ക്ക് വന്‍ തുക പിഴ ഇനത്തില്‍ നല്‍കേണ്ടിവരും. ഇത് സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

janayugom 241111

No comments:

Post a Comment