Sunday, November 27, 2011

ടൗണ്‍ഹാള്‍ നവീകരണം: വാര്‍ത്ത വാസ്തവ വിരുദ്ധം - മേയര്‍

കോഴിക്കോട് ടൗണ്‍ഹാള്‍ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും ജനങ്ങളെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് മേയര്‍ എ കെ പ്രേമജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ വിഷയദാരിദ്ര്യം അനുഭവിക്കുന്ന യുഡിഎഫിന് വിഷയം സംഭാവനചെയ്യുക എന്ന രാഷ്ട്രീയ അജന്‍ഡ ഭംഗിയായി നിര്‍വഹിക്കുക മാത്രമാണ് ചില പത്രമാധ്യമങ്ങളിലെ ലേഖകര്‍ നിര്‍വഹിക്കുന്നത്. ഇതിന് ചില സാമൂഹ്യവിരുദ്ധരെയും പങ്കാളിയാക്കുകയാണെന്ന് മേയര്‍ പറഞ്ഞു.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കോഴിക്കോട് ടൗണ്‍ഹാളിന്റെ ശ്യോച്യാവസ്ഥ സംബന്ധിച്ച്, ഇപ്പോള്‍ "അഴിമതി" വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളും നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് 2005 നവംബറില്‍ ടൗണ്‍ഹാള്‍ നവീകരണത്തിന് വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് നഗരത്തിലെ പ്രശസ്ത ആര്‍ക്കിടെക്ടായ പ്രശാന്തിനെ കൗണ്‍സില്‍ തീരുമാനപ്രകാരം ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് വിശദ ചര്‍ച്ചയ്ക്കൊടുവില്‍ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ടെന്‍ഡര്‍ ക്ഷണിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ ആരും ടെന്‍ഡര്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷോര്‍ട്ട് നോട്ടീസ് നല്‍കി രണ്ടാമത് ടെന്‍ഡര്‍ ക്ഷണിച്ചു. കാലിക്കറ്റ് കോണ്‍ട്രാക്ടേഴ്സ് ലേബര്‍ സൊസൈറ്റി 20 ശതമാനം അധികരിച്ച നിരക്കില്‍ ടെന്‍ഡര്‍ നല്‍കി. അന്നത്തെ പൊതുമരാമത്ത് കമ്മറ്റി ചെയര്‍മാന്‍ പി കിഷന്‍ചന്ദ് സ്ഥാപനവുമായി ഇടപെട്ട് 15 ശതമാനം അധിക നിരക്കില്‍ ഏറ്റെടുക്കാമെന്നറിയിച്ചു. എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയ തേക്ക് പാനലിംഗിന് നിശ്ചയിച്ച നിരക്ക് മാര്‍ക്കറ്റ് റേറ്റിന്റെ ഇരട്ടിയായിട്ടും ടൗണ്‍ഹാള്‍ പൈതൃക കെട്ടിടമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമായതിനാല്‍ നിരക്ക് അംഗീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ പി കിഷന്‍ചന്ദ് ആവശ്യപ്പെട്ടതുപ്രകാരം സര്‍ക്കാരിലേക്ക് അയക്കുകയാണുണ്ടായത്.

ഇതിനിടെ, പിഡബ്ള്യുഡി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുകയും അതിനനുസൃതമായി എസ്റ്റിമേറ്റ് പുതുക്കുകയും വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയുമുണ്ടായി. ഈയവസരത്തിലും രണ്ടുതവണ ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. അതിനുശേഷമാണ് എം രാജന്‍ എന്ന കരാറുകാരനായി ചര്‍ച്ച നടത്തിയശേഷം 24 ശതമാനം അധിക നിരക്കില്‍ പ്രവൃത്തി ഏറ്റെടുക്കാമെന്നറിയിച്ചത്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 20 ശതമാനം അധികനിരക്ക് അനുവദിക്കാമെന്ന് കരാറുകാരനെ അറിയിച്ചെങ്കിലും കരാറുകാരന്‍ മറുപടി നല്‍കിയില്ല. 2010 മാര്‍ച്ച് 29ലെ കൗണ്‍സില്‍ യോഗം രാജന്റെ ഓഫര്‍ റദ്ദാക്കാനും പുതിയ ഓഫര്‍ സ്വീകരിക്കുന്നതിനും ഏകകണ്ഠമായി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീഷ്കുമാറിന്റെ 20 ശതമാനം അധികനിരക്കിലുള്ള ഓഫര്‍ അംഗീകരിച്ച് പ്രവൃത്തി ആരംഭിച്ചത്.

പ്രവൃത്തി ആരംഭിച്ചതു മുതല്‍ നഗരത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും വിവിധ ജനവിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിച്ച് ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഓരോ ഘട്ടത്തിലും പ്രവൃത്തികളില്‍ അത്യാവശ്യം വേണ്ട മാറ്റം വരുത്തിയിരുന്നു. വുഡ് പാനലിംഗ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഡ്കോയാണ് നടത്തിയത്. പഴക്കമുള്ള കെട്ടിടത്തിലെ മുഴവന്‍ പെയിന്റും ഇളക്കിമാറ്റി പുട്ടി ഇട്ട് ഗുണമേന്മയുള്ള എമല്‍ഷന്‍ പെയിന്റുകളും പോളിഷുകളുമാണ് ഉപയോഗിച്ചത്. കസേര, ബോര്‍ഡ് സ്ഥാപിക്കല്‍ , കര്‍ട്ടണ്‍ , ഫ്ളോര്‍മാറ്റ്, ഫോട്ടോഫ്രെയിം, സൗണ്ട് സിസ്റ്റം എന്നിവയ്ക്കെല്ലാം പ്രത്യേകം ടെന്‍ഡര്‍വിളിക്കുകയായിരുന്നു. നവീകരണം മഹത്തരമായി കണ്ട മാധ്യമങ്ങളില്‍ ചിലര്‍ ഇന്ന് എല്ലാം മറക്കുയാണ്. പൈതൃകപദ്ധതി എല്ലാവരുടെയും അംഗീകാരത്തോടെയാണ് പൂര്‍ത്തീകരിച്ചത്. മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന ചില പത്രങ്ങള്‍ ഇതില്‍ ഭാഗഭാക്കാകുന്നതില്‍ അതിയായ ഖേദമുണ്ട്. നഗരവികസനത്തെ തുരങ്കംവെക്കുന്ന ഛിദ്രശക്തികളുടെ ജല്‍പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോട ജനം തള്ളിക്കളയുമെന്നും മേയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

deshabhimani 271111

No comments:

Post a Comment