Friday, November 25, 2011

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഏറെയും വ്യാജ അപേക്ഷകള്‍

ചെര്‍പ്പുളശേരി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിക്ക് വ്യാജപരാതികളേറെ. പലതിനും ധനസഹായംഅനുവദിച്ചതായും പറയുന്നു. അപേക്ഷകര്‍ . അറിയാതെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് അപേക്ഷ നല്‍കി സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്കുന്നത്. ഇത്തരത്തിലുള്ള മൂന്ന് അപേക്ഷകള്‍ ചെര്‍പ്പുളശേരി പഞ്ചായത്തില്‍ പിടികൂടി. ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീയുടെ പേരില്‍ വിധവാപെന്‍ഷന് ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ , ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു. വ്യാജഒപ്പിട്ട് ഗുണഭോക്താക്കളും വീട്ടുകാരും അറിയാതെയാണ് ജനസമ്പര്‍ക്കപരിപാടിയില്‍ പരാതികള്‍ നല്‍കിയത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത്സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍നിന്ന് കത്ത് നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകള്‍ സെക്രട്ടറിയും ഉദ്യോഗസ്ഥരും നേരിട്ട് പരിശോധിച്ചപ്പോഴാണ് വ്യാജന്മാരെ പിടികൂടിയത്.

പഞ്ചായത്തിലെ 19, 1 വാര്‍ഡുകളില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയതാണ് ഇവ. വിധവാപെന്‍ഷന് കാറല്‍മണ്ണ തെക്കുമുറി താന്നിക്കുന്നത്ത് വീട്ടില്‍ ശ്രീജയുടെ പേരിലാണ് വ്യാജ ഒപ്പിട്ട പരാതിയും അപേക്ഷയും. എന്നാല്‍ , ശ്രീജ 2011 ആഗസ്ത് മുതല്‍ പഞ്ചായത്തില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്നുണ്ട്. പരിശോധനയില്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത്ഭരണസമിതിയംഗങ്ങളോട് ശ്രീജ പറഞ്ഞു. ഇതിനു പുറമെ ഈ വാര്‍ഡില്‍ത്തന്നെയുള്ള തെക്കുംമുറി കാരാട്ടുപറമ്പത്ത് കുഞ്ഞിരാമനെഴുത്തച്ഛന്റെ ഭാര്യ സരോജിനിയുടെ വികലാംഗപെന്‍ഷനുള്ള വ്യാജ അപേക്ഷയും കാറല്‍മണ്ണ തെക്കുംമുറി താന്നിക്കുന്നത്ത് വേലുവിന്റെ മകള്‍ പത്മാവതി വിധവാപെന്‍ഷനും വ്യാജ ഒപ്പുമായാണ് കോണ്‍ഗ്രസുകാര്‍ അപേക്ഷ നല്‍കിയത്. ഇവര്‍ ഇത്തരം അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടില്ല. വികലാംഗപെന്‍ഷന്‍ സരോജിനിക്ക് നേരത്തേ പാസായിട്ടുള്ളതാണ്. വിധവാപെന്‍ഷന് വേണ്ടി അപേക്ഷ നല്‍കാത്ത പത്മാവതി സെക്രട്ടറിയോട് തന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നും അപേക്ഷ നല്‍കിയില്ലെന്നും അറിയിച്ചു. ഇതോടെയാണ് ഇവ രണ്ടും വ്യാജമാണെന്നു തെളിഞ്ഞത്. പഞ്ചായത്ത്പ്രസിഡന്റ് കെ സുരേഷ്, സെക്രട്ടറി വി നന്ദകുമാര്‍ , പഞ്ചായത്ത്അംഗം സി കൃഷ്ണദാസ്, പഞ്ചായത്തിലെ ക്ലര്‍ക്ക് എന്നിവരുടെ നേതൃത്വത്തില്‍ നേരിട്ടായിരുന്നു അന്വേഷണം.

പഞ്ചായത്തിനെ ആക്ഷേപിക്കുന്നതിനും വ്യാജരേഖ ചമയ്ക്കുന്നതിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചെര്‍പ്പുളശേരി പൊലീസ്സ്റ്റേഷനിലും പരാതി നല്‍കുമെന്ന് പ്രസിഡന്റ് കെ സുരേഷ് പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയില്‍ ദുര്‍ബലജനവിഭാഗങ്ങളെ പറ്റിക്കാന്‍ നിരവധി പരാതികളാണ് യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും യഥേഷ്ടം സെല്ലില്‍ നല്‍കിയിട്ടുള്ളതെന്ന് അറിയുന്നു. ജനസമ്പര്‍ക്കപരിപാടി കോണ്‍ഗ്രസുകാര്‍തന്നെ പൊളിച്ച അവസ്ഥയാണ് ഇപ്പോള്‍ .

deshabhimani 251111

No comments:

Post a Comment