Saturday, December 17, 2011

ഉദ്ഘാടനത്തിന് മന്ത്രിക്കു സമയമില്ല; 24 മണിക്കൂര്‍ പ്രവര്‍ത്തനം നീളുന്നു

ഉദ്ഘാടനത്തിനും മന്ത്രിക്കു സമയമില്ല. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം നീളുന്നതിനാല്‍ 24 മണിക്കൂറും ഹബ് പ്രവര്‍ത്തിപ്പിക്കാമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ഇനിയും കാത്തിരിക്കണം. ഹബ്ബില്‍ സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസ് ഉദ്ഘാടനംചെയ്യാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ രാത്രികാല സര്‍വീസുകള്‍ കയറുന്നില്ല. ഉദ്ഘാടനത്തിന് വകുപ്പുമന്ത്രിയുടെ തീയതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഓഫീസ് തുറന്നതിനുശേഷമേ രാത്രി സര്‍വീസ് ആരംഭിക്കൂ എന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍ .

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷമാണ് കെഎസ്ആര്‍ടിസി രാത്രി ഹബ്ബിലൂടെ സര്‍വീസ് നടത്താന്‍ തയ്യാറായത്. പ്രശ്നം പരിഹരിക്കാനായി ഹബ് എംഡി, കെഎസ്ആര്‍ടിസി എംഡി എന്നിവരുള്‍പ്പെടെയുള്ള സമിതി രൂപീകരിച്ചു. ഇവരുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി എട്ടിനുശേഷം ഹബ്ബില്‍ കയറേണ്ട ബസുകളുടെ പട്ടികയും തയ്യാറാക്കി. ആദ്യപടിയായി 33 ബസുകള്‍ കയറാനായിരുന്നു തീരുമാനം. ബസുകളുടെ പട്ടിക കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ മുഖ്യ ഓഫീസില്‍ നല്‍കുകയുംചെയ്തു. ഹബ്ബില്‍ ബസുകള്‍ കയറുന്നതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയും മൊബിലിറ്റി ഹബ് അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗംചേര്‍ന്ന് മൂന്നംഗ സമിതി രൂപീകരിച്ചത്. രണ്ടാഴ്ചകൊണ്ട് പ്രശ്നം പരിഹരിച്ച് ഹബ്ബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കണമെന്നായിരുന്നു തീരുമാനം. ഒന്നരമാസം കഴിഞ്ഞിട്ടും ഹബ്ബിന്റെ പ്രവര്‍ത്തനം പഴയപടിതന്നെ.

സമിതി യോഗംചേരാന്‍ വൈകുന്നുവെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് യോഗംചേര്‍ന്ന് 33 രാത്രിസര്‍വീസുകള്‍ ഹബില്‍ കയറാന്‍ തീരുമാനിച്ചു. രണ്ടാഴ്ചകൊണ്ട് സര്‍വീസ് ഹബ് വഴിയാക്കുമെന്ന് കെഎസ്ആര്‍ടിസി ഉറപ്പും നല്‍കി. ഈ ഉറപ്പാണിപ്പോള്‍ വകുപ്പുമന്ത്രിയുടെ സമയക്കുറവില്‍ തട്ടി തകരുന്നത്. സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസ് ഉദ്ഘാടനംചെയ്യണമെങ്കില്‍ മന്ത്രി കനിയണം. ഇതര പരിപാടിക്കായി മന്ത്രി ശനിയാഴ്ച കൊച്ചിയിലെത്താന്‍ സാധ്യതയുണ്ടെങ്കിലും ഹബ്ബിലെ പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ല. ഉദ്ഘാടനം നടന്നാലേ ബസ് ഹബ്ബില്‍ കയറ്റുകയുള്ളുവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരും. ഫലത്തില്‍ ഹബ്ബിന്റെ പ്രവര്‍ത്തനം ഇപ്പോഴും രാത്രി എട്ടുവരെമാത്രമാണ്.

deshabhimani 171211

1 comment:

  1. ഉദ്ഘാടനത്തിനും മന്ത്രിക്കു സമയമില്ല. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം നീളുന്നതിനാല്‍ 24 മണിക്കൂറും ഹബ് പ്രവര്‍ത്തിപ്പിക്കാമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ഇനിയും കാത്തിരിക്കണം. ഹബ്ബില്‍ സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസ് ഉദ്ഘാടനംചെയ്യാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ രാത്രികാല സര്‍വീസുകള്‍ കയറുന്നില്ല. ഉദ്ഘാടനത്തിന് വകുപ്പുമന്ത്രിയുടെ തീയതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഓഫീസ് തുറന്നതിനുശേഷമേ രാത്രി സര്‍വീസ് ആരംഭിക്കൂ എന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍ .

    ReplyDelete