Wednesday, December 28, 2011

സാമ്പത്തിക തകര്‍ച്ചയെ ഉത്സവമാക്കുന്ന കോര്‍പ്പറേറ്റ് കൊള്ള

മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാക്കി വിലക്കയറ്റത്തിന്റെയും കാര്‍ഷിക വ്യാവസായിക മാന്ദ്യത്തിന്റെയും രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയുടെയും അന്തരാള കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജനങ്ങളാകെ ഭീതിയോടെയും ഉല്‍ക്കണ്ഠയോടെയും നോക്കിക്കാണുന്ന ഈ സാമ്പത്തിക തകര്‍ച്ചയെ ഉത്സവമാക്കിമാറ്റുകയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍. അവര്‍ തന്നിഷ്ടപ്രകാരം ജനങ്ങളുടെമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പകല്‍കൊള്ളയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മറിച്ച് രാഷ്ട്ര ഭരണനേതൃത്വവും റിസര്‍വ് ബാങ്ക് അടക്കം രാജ്യത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് സംവിധാനവും ഓഹരിവിപണി റഗുലേറ്റര്‍മാരും രാഷ്ട്രാന്തര ധനമൂലധന ശക്തികളും അവരെ നയിക്കുന്ന നവഉദാര സാമ്പത്തിക നയങ്ങളും നീതിശാസ്ത്രവും എല്ലാം ഉള്‍പ്പെട്ട അവിശുദ്ധ സഖ്യം ഇന്ത്യന്‍ ജനതയുടെമേല്‍ നടത്തിവരുന്ന തീവെട്ടിക്കൊള്ളകളുടെ കഥകളാണ് അനുദിനം പുറത്തുവരുന്നത്.

ഭീതിദമായ സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യത്തകര്‍ച്ചയും പ്രയോജനപ്പെടുത്തി കോടാനുകോടികള്‍ കൊള്ളയടിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനികളെപ്പറ്റി രാജ്യത്തെ പ്രമുഖ വാണിജ്യ വാര്‍ത്താ പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ദുബൈ, ബഹറിന്‍, ഹോങ്ങ്‌കോങ്ങ്, സിംഗപ്പൂര്‍, മൗറീഷ്യസ് തുടങ്ങിയ ഇന്ത്യന്‍ നിയമത്തിനും റെഗുലേറ്ററുകള്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത കേന്ദ്രങ്ങളില്‍ സ്വന്തം സബ്‌സിഡിയറികളും അസോസിയേറ്റുകളും വഴി വാണിജ്യ ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കുന്നത്. അവരുണ്ടാക്കുന്ന അധാര്‍മികവും കൊള്ളലാഭം മാത്രം ലക്ഷ്യം വച്ചുള്ളതുമായ അവധി വ്യാപാര കരാറുകളാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും പേരില്‍ ഈ കവര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. രാഷ്ട്രാന്തര നാണയങ്ങളില്‍, പ്രത്യേകിച്ചും ഡോളറിനെ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന ഈ അവധിവ്യാപാര കരാറുകള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കനുസൃതമായി നടപ്പാക്കിയാണ് ഇത്തരം ഇടപാടുകള്‍ നിര്‍വഹിക്കപ്പെടുന്നത്. ചുരുക്കത്തില്‍ രാഷ്ട്രത്തിന്റെയും ജനങ്ങളുടെ ജീവിത ദുരിതങ്ങളെ മുതലെടുത്തു നടത്തുന്നതാണ് ഈ കൊള്ള.

മൂന്നു നാലു മാസംകൊണ്ട് രൂപയുടെ മൂല്യത്തിലുണ്ടായ ഈ തകര്‍ച്ച യാദൃശ്ചികമോ ആഭ്യന്തര സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമോ അല്ലെന്നു വിശ്വസിക്കുന്ന സാമ്പത്തിക വിദഗ്ധരും ബാങ്ക് മേധാവികളും വ്യവസായ പ്രമുഖരും കുറച്ചല്ല. ഇത് ആസൂത്രിതമായ ഊഹക്കച്ചവടമാണ്. ധനമൂലധനത്തിനു അറുപതും നൂറുംമേനി ഇരട്ടിക്കണമെങ്കില്‍ അതിനുള്ള ഏകമാര്‍ഗം ഊഹക്കച്ചവടം തന്നെയാണ്. സാമ്പത്തിക മാന്ദ്യവും കാര്‍ഷിക വ്യാവസായിക തകര്‍ച്ചയും ധനമൂലധനത്തെ ശോഷിപ്പിക്കുകയല്ല മറിച്ച് അതിവേഗം പോഷിപ്പിക്കുകയാണെന്ന് അമേരിക്കയിലെയും യൂറോപ്പിലെയും സംഭവ വികാസങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. ഊഹക്കച്ചവടം തകര്‍ത്തു നിലംപരിശാക്കുന്നത് സാധാരണക്കാരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതത്തെ മാത്രമാണ്. അവരാണ് 99 ശതമാനം. തകരാത്തത് ഒരു ശതമാനം വരുന്ന ധനമൂലധനമേലാളരാണ്.

രാഷ്ട്രാന്തര അധാര്‍മ്മിക വ്യാപാര ഇടപാടുകള്‍ നടത്തുന്ന ഇത്തരക്കാരെ പരിരക്ഷിക്കുന്ന ഭരണ-നിയമ-നയസംവിധാനമാണ് നവ ഉദാരീകരണം. ഇതേ സംവിധാനം ഉപയോഗപ്പെടുത്തിയാണ് കള്ളപ്പണക്കാര്‍ വിദേശബാങ്കുകളിലുള്ള തങ്ങളുടെ അനധികൃത നിക്ഷേപം നിയമവിരുദ്ധമായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വഴി രാജ്യത്തെ ഓഹരി വിപണിയില്‍ എത്തിച്ച് വീണ്ടും കൊള്ള തുടരാന്‍ വഴിയൊരുക്കുന്നത്. ഈ നിയമത്തിന്റെ പഴുതുപയോഗിച്ചാണ് യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലാന്റിലെ (യു ബി എസ്) തന്റെ അനധികൃത നിക്ഷേപം  മൗറീഷ്യസ് വഴി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ അനില്‍ അംബാനി ശ്രമിച്ചത്. നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് ഓഫ് കമ്പനികളില്‍ നിന്ന് 25 കോടി രൂപ പിഴ ഈടാക്കി. എന്നാല്‍ നിയമലംഘനം രാജ്യവും ജനങ്ങളും അറിഞ്ഞില്ല. ബ്രിട്ടനിലെ നിയമം ലംഘിച്ച് ഇടപാടിനു നേതൃത്വം നല്‍കിയ യു ബി എസിലെ ഉദ്യോഗസ്ഥന്‍ അവിടെ പിടിക്കപ്പെട്ടപ്പോഴാണ് കോര്‍പ്പറേറ്റ് കൊള്ള പുറത്തുവരുന്നത്. ആര്‍ഭാട സ്വകാര്യ വിമാനങ്ങള്‍ രാജ്യത്തെ നിയമത്തെയും നികുതി വ്യവസ്ഥകളെയും ലംഘിച്ച് ഉപയോഗിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ മറ്റൊരു അന്വേഷണം ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. അവരും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ടേക്കാം. അല്ലെങ്കില്‍ അവരെ രക്ഷിക്കാനുള്ളതാണ് നിയമം എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഉദാരവല്‍ക്കരണമെന്നാല്‍ ഊഹക്കച്ചവടമാണ്, നിയമലംഘനമാണ്. ഊഹക്കച്ചവക്കാരെയും നിയമലംഘകരെയും പരിരക്ഷിക്കുക എന്നതാണ് അത്. 99 ശതമാനത്തിന്റെ മേല്‍ ഒരു ശതമാനം നടത്തുന്ന പകല്‍ക്കൊള്ളയും സമ്പൂര്‍ണ ആധിപത്യവുമാണ് ഉദാരവല്‍ക്കരണം.

janayugom editorial 281211

1 comment:

  1. മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാക്കി വിലക്കയറ്റത്തിന്റെയും കാര്‍ഷിക വ്യാവസായിക മാന്ദ്യത്തിന്റെയും രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയുടെയും അന്തരാള കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജനങ്ങളാകെ ഭീതിയോടെയും ഉല്‍ക്കണ്ഠയോടെയും നോക്കിക്കാണുന്ന ഈ സാമ്പത്തിക തകര്‍ച്ചയെ ഉത്സവമാക്കിമാറ്റുകയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍. അവര്‍ തന്നിഷ്ടപ്രകാരം ജനങ്ങളുടെമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പകല്‍കൊള്ളയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മറിച്ച് രാഷ്ട്ര ഭരണനേതൃത്വവും റിസര്‍വ് ബാങ്ക് അടക്കം രാജ്യത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് സംവിധാനവും ഓഹരിവിപണി റഗുലേറ്റര്‍മാരും രാഷ്ട്രാന്തര ധനമൂലധന ശക്തികളും അവരെ നയിക്കുന്ന നവഉദാര സാമ്പത്തിക നയങ്ങളും നീതിശാസ്ത്രവും എല്ലാം ഉള്‍പ്പെട്ട അവിശുദ്ധ സഖ്യം ഇന്ത്യന്‍ ജനതയുടെമേല്‍ നടത്തിവരുന്ന തീവെട്ടിക്കൊള്ളകളുടെ കഥകളാണ് അനുദിനം പുറത്തുവരുന്നത്.

    ReplyDelete