Wednesday, December 28, 2011

ലോക്പാല്‍ ബില്‍ പാസായി: ഭരണഘടനാപദവി ഇല്ല

ലോക്സഭയില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ പദവിയില്ലാതെ ലോക്പാല്‍ ബില്‍ പാസായി. സര്‍ക്കാര്‍ കൊണ്ടുവന്ന നാല് ഭേദഗതികളോടെ ലോക്പാല്‍ ബില്‍ ശബ്ദവോട്ടോടെ ആദ്യം തന്നെ പാസായെങ്കിലും അഴിമതിവിരുദ്ധ സ്ഥാപനത്തിന്് ഭരണഘടനാ പദവി നല്‍കുന്ന ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ പാളി. ഭരണഘടനാ പദവി നല്‍കുന്ന ബില്‍ സഭയില്‍ ഹാജരായ അംഗങ്ങളുടെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസായെങ്കിലും ചട്ടങ്ങള്‍ വോട്ടിനിട്ടപ്പോള്‍ ലോക്സഭയിലെ കേവല ഭൂരിപക്ഷമായ 273 ല്‍ എത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ധനബില്‍ അല്ലാത്തതുകൊണ്ട് മാത്രം രാജിവെച്ചൊഴിയുകയെന്ന ദുരന്തത്തില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെട്ടു.

സഭാനടത്തിപ്പില്‍ കോണ്‍ഗ്രസിന്റെ പാളിച്ചകള്‍ പൂര്‍ണമായും ഭരണഘടനാ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പില്‍ പുറത്തുവന്നു. 275 അംഗങ്ങളാണ് യുപിഎയ്ക്ക് ലോക്സഭയിലുള്ളത്. എന്നാല്‍ 251 അംഗങ്ങളുടെ മാത്രം പിന്തുണയാണ് ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചട്ടങ്ങള്‍ വോട്ടിനിട്ടപ്പോള്‍ യുപിഎയ്ക്ക് ലഭിച്ചത്. ഏറെ സുപ്രധാനമായ ബില്ല് സഭയുടെ പരിഗണനയ്ക്ക് വന്ന ദിവസം കേവലഭൂരിപക്ഷമായ 273 അംഗങ്ങളെ ഹാജരാക്കാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ നാണക്കേടായി. രാജ്യസഭയില്‍ ലോക്പാല്‍ ബില്‍ പാസാകുമോയെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. പ്രത്യേകിച്ച് ലോക്പാലിന്റെ മാതൃകയില്‍ തന്നെ സംസ്ഥാനങ്ങള്‍ ലോകായുക്തകള്‍ രൂപീകരിക്കണമെന്ന ചട്ടത്തോട് യുപിഎ ഘടകകക്ഷികള്‍ക്ക് അടക്കം എതിര്‍പ്പുള്ളതിനാല്‍ .

ശക്തമായ ലോക്പാലിന് ഭരണഘടനാ പദവി അനിവാര്യമാണെന്ന് വാദിച്ചിരുന്ന പ്രതിപക്ഷം വോട്ടെടുപ്പിന്റെ ഘട്ടത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തി. ഇത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ദുഖകരമായ ദിനമാണെന്ന് പ്രണബ് അഭിപ്രായപ്പെട്ടു. എന്നാല്‍ , കേവല ഭൂരിപക്ഷം പോലുമില്ലാത്ത സര്‍ക്കാര്‍ രാജിവെച്ചൊഴിയാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ചില ദിവസങ്ങളില്‍ ഇങ്ങനെയൊക്കെ സംഭവിക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ലോക്പാല്‍ബില്‍ , ലോക്പാലിന് ഭരണഘടനാ പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ , അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്‍ എന്നീ മൂന്നുബില്ലുകള്‍ സഭ ഒന്നിച്ച് ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. ലോകായുക്തകള്‍ രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനങ്ങളുടെ അനുമതി കൂടി വാങ്ങിയ ശേഷം മാത്രം പുറപ്പെടുവിക്കുക, മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരെ ലോകായുക്ത എടുക്കുന്ന കേസുകളില്‍ കോടതിയുടെ തീര്‍പ്പുവരുന്നതിന് മുമ്പുതന്നെ പാര്‍ലമെന്റിന് റിപ്പോര്‍ട്ട് നല്‍കി നടപടി ഉറപ്പുവരുത്തുന്ന 24-ാം വകുപ്പ് പൂര്‍ണമായി ഒഴിവാക്കുക, സായുധസേനകളെയും തീരസംരക്ഷണ സേനയെയും ലോക്പാല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുക, പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നടപടി ആരംഭിക്കുന്നതിന് ഒമ്പതംഗ ലോക്പാല്‍ സമിതിയുടെ നാലില്‍മൂന്ന് ഭൂരിപക്ഷം വേണമെന്നത് മൂന്നില്‍രണ്ട് ഭൂരിപക്ഷമാക്കിയുള്ള തിരുത്തല്‍ എന്നീ ഭേദഗതികളാണ് ഒമ്പതുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ കൊണ്ടുവന്നത്. ചര്‍ച്ചയ്ക്ക് പ്രണബ് മറുപടി പറഞ്ഞതിന് പിന്നാലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എസ്പി, ബിഎസ്പി കക്ഷികള്‍ ഇറങ്ങിപ്പോയി. 43 അംഗങ്ങള്‍ ഒഴിവായതോടെ ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ അനായാസം പാസാക്കി.

തുടര്‍ന്ന് ഭരണഘടനാ ഭേദഗതി ബില്‍ വോട്ടിനെടുത്തു. ഭേദഗതി ബില്ലിന് സഭയില്‍ ഹാജരായവരുടെ മൂന്നില്‍രണ്ട് ഭൂരിപക്ഷം ലഭിച്ചപ്പോഴും അപകടസൂചനയൊന്നും ഉണ്ടായിരുന്നില്ല. 71 നെതിരെ 321 വോട്ടുകള്‍ക്കാണ് ഭരണഘടനാ ഭേദഗതി പാസായത്. പിന്നീട് ബില്ലിലെ ചട്ടങ്ങള്‍ ഒന്നൊന്നായി വോട്ടിന് വന്നപ്പോഴാണ് സര്‍ക്കാരിന് പാളിയത്. ബില്ലിന്റെ രണ്ടാംചട്ടത്തിന് അനുകൂലമായി 251 ഉം എതിരായി 179 ഉം വോട്ട് ലഭിച്ചു. കേവല ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ ആശയക്കുഴപ്പമായി. ചട്ടങ്ങള്‍ക്ക് സഭയില്‍ ഹാജരായ അംഗങ്ങളുടെ ഭൂരിപക്ഷം മതിയെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഭരണഘടനാ ഭേദഗതി സംബന്ധിച്ച ചട്ടമായതിനാല്‍ സഭയിലെ ആകെ അംഗങ്ങളുടെ പകുതിയോ അതല്ലെങ്കില്‍ ഹാജരായ അംഗങ്ങളുടെ മൂന്നില്‍രണ്ടോ വോട്ട് വേണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സഭാചട്ടങ്ങള്‍ സംബന്ധിച്ച പുസ്തകത്തിലൂടെ ഉദ്യോഗസ്ഥരുടെ പാച്ചിലായി. വിദഗ്ധപരിശോധനകള്‍ക്ക് ശേഷം സ്പീക്കറുടെ തീര്‍പ്പ് വന്നു. സഭയിലെ പകുതി അംഗങ്ങളുടെ ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം ചട്ടം ബില്ലിന്റെ ഭാഗമാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് മൂന്നാംചട്ടവും സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയും വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.
(എം പ്രശാന്ത്)

deshabhimani 281211

1 comment:

  1. ലോക്സഭയില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ പദവിയില്ലാതെ ലോക്പാല്‍ ബില്‍ പാസായി. സര്‍ക്കാര്‍ കൊണ്ടുവന്ന നാല് ഭേദഗതികളോടെ ലോക്പാല്‍ ബില്‍ ശബ്ദവോട്ടോടെ ആദ്യം തന്നെ പാസായെങ്കിലും അഴിമതിവിരുദ്ധ സ്ഥാപനത്തിന്് ഭരണഘടനാ പദവി നല്‍കുന്ന ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ പാളി. ഭരണഘടനാ പദവി നല്‍കുന്ന ബില്‍ സഭയില്‍ ഹാജരായ അംഗങ്ങളുടെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസായെങ്കിലും ചട്ടങ്ങള്‍ വോട്ടിനിട്ടപ്പോള്‍ ലോക്സഭയിലെ കേവല ഭൂരിപക്ഷമായ 273 ല്‍ എത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ധനബില്‍ അല്ലാത്തതുകൊണ്ട് മാത്രം രാജിവെച്ചൊഴിയുകയെന്ന ദുരന്തത്തില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെട്ടു.

    ReplyDelete