Friday, December 30, 2011

മാലിന്യനിര്‍മാര്‍ജനത്തിനു നവസാമൂഹ്യ വിപ്ലവം വേണം

നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ജനജീവിതം ദുസഹമാക്കിക്കൊണ്ട് മാലിന്യ (സംസ്‌കരണ) പ്രശ്‌നം അപരിഹാര്യമായി തുടരുകയാണ്. വിളപ്പില്‍ശാലയും കുരീപ്പുഴയും ബ്രഹ്മപുരവും ലാലൂരും  ഞെളിയന്‍പറമ്പും അത്തരം ഡസന്‍കണക്കിന് മറ്റിടങ്ങളും ചര്‍ച്ചാവിഷയമാവുന്നത്  അതാതിടങ്ങളില്‍ ജനജീവിതം വീര്‍പ്പുമുട്ടി പൊട്ടിത്തെറിക്കുമ്പോഴാണ്. അപ്പോഴെല്ലാം ദിവസങ്ങള്‍കൊണ്ട് പരിഹരിക്കപ്പെടേണ്ടവയെന്നും മാസങ്ങള്‍കൊണ്ട് കൈവരിക്കേണ്ടതെന്നും ഇനംതിരിച്ച് പരിഹാരനടപടികളുടെ പ്രഖ്യാപനങ്ങളുമായി എല്ലാത്തലത്തിലുമുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും രംഗത്തുവരും. അല്ലറ ചില്ലറ മിനുക്കു പണികള്‍ നടക്കുന്നു. അപ്പോഴേക്കും സമരരംഗത്തുണ്ടായിരുന്ന ജനങ്ങള്‍ തങ്ങളുടെ ജീവിത സമരത്തിലേക്കു തിരിയാന്‍ നിര്‍ബന്ധിതരാവും. പിന്നെ എല്ലാം പഴയപടി തിരിച്ചുപോകും, അടുത്ത പൊട്ടിത്തെറിവരെ.

മാലിന്യ സംസ്‌കരണം സംബന്ധിച്ച് സ്ഥായിയായ പരിഹാരമാര്‍ഗ്ഗങ്ങളും നടപടിക്രമങ്ങളും നിര്‍ദ്ദേശിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ കേരള ഗവണ്‍മെന്റിന്റെ മുന്നിലുണ്ട്. വിവിധ നിയമസഭാസമിതികള്‍ സമര്‍പ്പിച്ചവയും ഈ രംഗത്തെ വിദഗ്ധരും വിദഗ്ധ സമതികളും സമര്‍പ്പിച്ചവയും അവയില്‍ ഉള്‍പ്പെടും. അവയൊന്നും തന്നെ അര്‍ഹമായ രീതിയില്‍ പരിശോധിക്കപ്പെടുകയോ പരിഗണിക്കപ്പെടുയോ ഉണ്ടായില്ല എന്നതാണ് വസ്തുത. അവയില്‍ ചിലതെങ്കിലും അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കപ്പെടേണ്ടത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിന് ഉതകും. അവയില്‍ മൂന്ന്കാര്യങ്ങള്‍ സത്വര ശ്രദ്ധ അര്‍ഹിക്കുന്നു.

കേരളത്തില്‍ നഗര-ഗ്രാമതലങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയവും സാങ്കേതികവുമായി നേതൃത്വം നല്‍കാന്‍ പ്രാപ്തമായ മനുഷ്യവിഭവശേഷി നമ്മുടെ ഭരണപരിപാലന സംവിധാനത്തില്‍ ഇല്ല. അതിനു പരിഹാരം കാണുകയെന്നത് പ്രശ്‌നപരിഹാരത്തിന്റെ ഒന്നാമത്തെ മുന്നുപാധിയാണ്. ജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കണം. അതില്‍ പരിശീലനം സിദ്ധിച്ച ഉന്നതതലത്തിലും മധ്യതലത്തിലും പ്രവര്‍ത്തിക്കുന്ന മാലിന്യപരിപാലന സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കണം. നിലവില്‍ ഈ ചുമതല വഹിക്കുന്ന പൊതുജനാരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ അടക്കം സാങ്കേതികവിദഗ്ധര്‍ക്കും പ്രായോഗികപരിശീലനം നല്‍കി പുനര്‍വിന്യസിക്കണം. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയവും സാങ്കേതികവുമായി നേതൃത്വം നല്‍കാന്‍ കഴിയുന്ന അത്തരമൊരു മനുഷ്യവിഭവശേഷി നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നു.

വന്‍തോതില്‍ ഖര-ദ്രവമാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍, കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയെ കുറ്റമറ്റ സംസ്‌കരണ സംവിധാനങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരികയെന്നതാണ് രണ്ടാമത്തെ ഉപാധി. മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളില്‍നിന്നും മാലിന്യം പുറത്തുപോകാതെ അവിടത്തന്നെ സംസ്‌കരിക്കുമെന്ന് ഉറപ്പുവരുത്തണം. അതിന് നിലവിലുള്ള കെട്ടിടനിര്‍മാണചട്ടങ്ങളിലും നിയമങ്ങളിലും ആവശ്യമായ മാറ്റം വരുത്തണം. ജൈവമാലിന്യസംസ്‌കരണസംവിധാനവും മലിനജല പുനചംക്രമണ സംവിധാനവുമില്ലാത്ത പുതിയ കെട്ടിടസമുച്ചയങ്ങള്‍ക്ക് അനുമതി നല്‍കരുത്. ഇത്തരം മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാത്ത നിലവിലുള്ള കെട്ടിടസമുച്ചയങ്ങളില്‍ അവ സമയബന്ധിതമായി ഉറപ്പുവരുത്തണം. സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തികശേഷിയും രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനവുമുള്ളവരാണ് ഇത്തരം സമുച്ചയങ്ങളുടെ ഉടമകളും നടത്തിപ്പുകാരും. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യവും നിയമപരമായ പിന്‍ബലവും കൂടാതെ ഈ ലക്ഷ്യം കൈവരിക്കാനാവില്ല.

മാലിന്യസംസ്‌കരണത്തിലെ ഏറ്റവും വലിയ വില്ലന്‍ പ്ലാസ്റ്റിക് സഞ്ചികളാണ്. ഏതു നിരോധനത്തെയും നിയമത്തെയും മറികടക്കാനുള്ള അതിന്റെ കരുത്തുതെളിയിച്ച പ്രതിനായകനാണ് പ്ലാസ്റ്റിക്. ഉയര്‍ന്ന പൗരബോധവും പാരിസ്ഥിതിക അവബോധവുമാണ് ഈ വിപത്തിനെതിരായ പ്രതിവിധി. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനും മറ്റെല്ലാ ഭേദചിന്തകള്‍ക്കും അതീതമായി സമൂഹം ഉണരണം. അതിനു ഭാവനാപൂര്‍ണമായ നേതൃത്വം നല്‍കാന്‍ ഗവണ്‍മെന്റ് മുഴുവന്‍ ഭരണസംവിധാനവും പ്രയോജനപ്പെടുത്തണം. രാഷ്ട്രീയ, മത, സാമൂദായിക, ട്രേഡ് യൂണിയന്‍, തൊഴില്‍, ബഹുജന സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഒരുമിച്ചുകൊണ്ടുവരാന്‍ കഴിയുന്ന ഒരു മഹാസംരംഭത്തിനു തുടക്കമിടാന്‍ നമുക്കു കഴിയണം. ഒഴിവാക്കാന്‍ കഴിയാത്ത ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മുഴുവന്‍ സംഭരിക്കുന്നതിനും അവയുടെ പുനരുപയോഗത്തിനും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഭരണസംവിധാനത്തിന് കഴിയണം. ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ സാമൂഹ്യ നവോഥാനങ്ങള്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളം. ആധുനികകാലത്ത് സംസ്ഥാന ജനജീവിതത്തിനും സംസ്‌കാരത്തിനും ജീവനുതന്നെയും ഭീഷണിയായി മാറിയ ഈ വിപത്തിനെതിരെ എന്തുകൊണ്ട് നമുക്കൊരു നവ സാമൂഹ്യവിപ്ലവം ആയിക്കൂടാ?

janayugom editorial 301211

1 comment:

  1. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ജനജീവിതം ദുസഹമാക്കിക്കൊണ്ട് മാലിന്യ (സംസ്‌കരണ) പ്രശ്‌നം അപരിഹാര്യമായി തുടരുകയാണ്. വിളപ്പില്‍ശാലയും കുരീപ്പുഴയും ബ്രഹ്മപുരവും ലാലൂരും ഞെളിയന്‍പറമ്പും അത്തരം ഡസന്‍കണക്കിന് മറ്റിടങ്ങളും ചര്‍ച്ചാവിഷയമാവുന്നത് അതാതിടങ്ങളില്‍ ജനജീവിതം വീര്‍പ്പുമുട്ടി പൊട്ടിത്തെറിക്കുമ്പോഴാണ്. അപ്പോഴെല്ലാം ദിവസങ്ങള്‍കൊണ്ട് പരിഹരിക്കപ്പെടേണ്ടവയെന്നും മാസങ്ങള്‍കൊണ്ട് കൈവരിക്കേണ്ടതെന്നും ഇനംതിരിച്ച് പരിഹാരനടപടികളുടെ പ്രഖ്യാപനങ്ങളുമായി എല്ലാത്തലത്തിലുമുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും രംഗത്തുവരും. അല്ലറ ചില്ലറ മിനുക്കു പണികള്‍ നടക്കുന്നു. അപ്പോഴേക്കും സമരരംഗത്തുണ്ടായിരുന്ന ജനങ്ങള്‍ തങ്ങളുടെ ജീവിത സമരത്തിലേക്കു തിരിയാന്‍ നിര്‍ബന്ധിതരാവും. പിന്നെ എല്ലാം പഴയപടി തിരിച്ചുപോകും, അടുത്ത പൊട്ടിത്തെറിവരെ.

    ReplyDelete