Tuesday, December 20, 2011

മണപ്പുറത്ത് പതിഞ്ഞ സര്‍ദാറിന്റെ രുധിരസ്മരണ


തൃശൂര്‍ : ധീരരക്തസാക്ഷി സര്‍ദാറിന്റെ ചോരനനഞ്ഞ മണപ്പുറത്ത് ആവേശത്തിരയൊഴിയാത്ത വിപ്ലവമനസ്സ് ഇടതുപക്ഷപ്രസ്ഥാനത്തിനുണ്ട്. പ്രക്ഷോഭങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നാളില്‍ നാട്ടുപ്രമാണിമാരും അവരുടെ പിണിയാളുകളായ കോണ്‍ഗ്രസും പൊലീസും ചേര്‍ന്ന് അനേകം സഖാക്കളെ വേട്ടയാടി. ഇവരില്‍ പ്രധാനിയാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ . ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്നപോലെ നാട്ടിക ഫര്‍ക്കയിലും തൊഴിലാളികളും കൂലിവേലക്കാരും അടിസ്ഥാനവിഭാഗങ്ങളും ജാതിമേധാവിത്വത്തിന്റെയും പ്രമാണിത്തത്തിന്റെയും കൊടിയ പീഡനത്തിന് ഇരയായിരുന്നു. സ്വാഭാവികമായും കമ്യൂണിസ്റ്റ് പാര്‍ടി ഇതിനെ ചെറുത്തു. പാര്‍ടി നേതാക്കളുടെ ഒളിത്താവളമായി നാട്ടിക മാറി. നേതാക്കളുടെ സാന്നിധ്യവും അവര്‍ നല്‍കിയ കരുത്തും പ്രത്യയശാസ്ത്രത്തെളിച്ചവും നാട്ടിന്‍പുറത്തെ സാധാരണതൊഴിലാളികളെപ്പോലും പാര്‍ടിയുടെ സജീവപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു.

പൊലീസിനെ ഉപയോഗിച്ച് ഇവരെ ഇല്ലാതാക്കാനായിരുന്നു കോണ്‍ഗ്രസും ജന്മിമാരും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് 1949 ജനുവരിയില്‍ ഇന്‍സ്പെക്ടര്‍ ഗോവിന്ദന്‍ നമ്പ്യാര്‍ ചാര്‍ജെടുക്കുന്നത്. തുടര്‍ന്നുള്ള കാലം നാട്ടികയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കറുത്ത നാളുകളുടേതായി. പാതിരാത്രി പോലും വീടുകളില്‍ കയറി സ്ത്രീകളേയും കുട്ടികളേയും ഈ നരാധമന്‍ വേട്ടയാടി.

1950 ജനുവരി 26ന് ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായ ദിവസം പണിയെടുക്കുന്നവരുടെയും പാവങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രകടനം നടത്താന്‍ പാര്‍ടി തീരുമാനിച്ചു. പ്രത്യാഘാതം ഉണ്ടാകുമെന്ന് അറിഞ്ഞുതന്നെയായിരുന്നു തീരുമാനം. ഇതിന് ഏതാനും ദിവസം മുമ്പ് പാര്‍ടി നേതാക്കളില്‍ ചിലരെ ഉത്സവപ്പറമ്പില്‍ നിന്ന് അറസ്റ്റുചെയ്തു. അതുകൊണ്ടൊന്നും പിന്മാറാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ജനുവരി 26ന് ഉച്ചയോടെ പെരിഞ്ഞനം കുറ്റിലക്കടവില്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടി. 52പേരടങ്ങുന്ന ജാഥ സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ മതിലകം ലക്ഷ്യമാക്കി നീങ്ങി. മതിലകം അഞ്ചങ്ങാടിക്ക് വടക്കുവച്ച് ജാഥ തടഞ്ഞ പൊലീസ് നരനായാട്ട് തുടങ്ങി. കൊടികെട്ടിയ വടി മാത്രമായിരുന്നു സഖാക്കളുടെ ആയുധം. എന്നിട്ടും കുറച്ചുപേര്‍ ഓടാതെ പൊരുതിനിന്നു.

സര്‍ദാറായിരുന്നു പൊലീസ് ലക്ഷ്യം. അദ്ദേഹത്തിനേയും പി യു ഗംഗാധരനേയും പിടികൂടി. ആദ്യം മതിലകം സ്റ്റേഷനിലേക്കും പിന്നെ വലപ്പാട്ടേക്കും കൊണ്ടുപോയി. സര്‍ദാറിന്റെ പ്രശസ്തമായ മീശ ഒന്നൊന്നായിപിഴുതെടുത്തു. ബയണറ്റുകൊണ്ടു കുത്തി. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന് സര്‍ദാര്‍ മരിച്ചു. പിറ്റേന്ന് പാതിരാത്രി പൊലീസുകാര്‍ജഡം വട്ടപ്പരത്തി കടപ്പുറത്ത് രഹസ്യമായി കുഴിച്ചുമൂടി. എന്നാല്‍ നേരം പുലരുമ്പോഴേക്കും അവിടെ ചെങ്കൊടിയുയര്‍ത്തിയാണ് സഖാക്കള്‍ പോരാട്ടവീര്യം പ്രകടിപ്പിച്ചത്. പിന്നീട് നടന്നത് പൊലീസിന്റെയും കോണ്‍ഗ്രസ് നാട്ടുപ്രമാണിമാരുടെയും വിളയാട്ടമായിരുന്നു. കമ്യൂണിസ്റ്റ് അനുഭാവികളെ മാത്രമല്ല അവരുടെ ബന്ധുക്കളെപ്പോലും മര്‍ദിച്ചവശരാക്കി. എങ്കിലും തളരാതെ പാര്‍ടി പ്രവര്‍ത്തനം നടത്തിയവര്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ മണപ്പുറത്തെ കരുത്തുറ്റ പ്രസ്ഥാനമാക്കി.

deshabhimani 201211

1 comment:

  1. ധീരരക്തസാക്ഷി സര്‍ദാറിന്റെ ചോരനനഞ്ഞ മണപ്പുറത്ത് ആവേശത്തിരയൊഴിയാത്ത വിപ്ലവമനസ്സ് ഇടതുപക്ഷപ്രസ്ഥാനത്തിനുണ്ട്. പ്രക്ഷോഭങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നാളില്‍ നാട്ടുപ്രമാണിമാരും അവരുടെ പിണിയാളുകളായ കോണ്‍ഗ്രസും പൊലീസും ചേര്‍ന്ന് അനേകം സഖാക്കളെ വേട്ടയാടി. ഇവരില്‍ പ്രധാനിയാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ . ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്നപോലെ നാട്ടിക ഫര്‍ക്കയിലും തൊഴിലാളികളും കൂലിവേലക്കാരും അടിസ്ഥാനവിഭാഗങ്ങളും ജാതിമേധാവിത്വത്തിന്റെയും പ്രമാണിത്തത്തിന്റെയും കൊടിയ പീഡനത്തിന് ഇരയായിരുന്നു. സ്വാഭാവികമായും കമ്യൂണിസ്റ്റ് പാര്‍ടി ഇതിനെ ചെറുത്തു. പാര്‍ടി നേതാക്കളുടെ ഒളിത്താവളമായി നാട്ടിക മാറി. നേതാക്കളുടെ സാന്നിധ്യവും അവര്‍ നല്‍കിയ കരുത്തും പ്രത്യയശാസ്ത്രത്തെളിച്ചവും നാട്ടിന്‍പുറത്തെ സാധാരണതൊഴിലാളികളെപ്പോലും പാര്‍ടിയുടെ സജീവപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു.

    ReplyDelete