Friday, December 30, 2011

ഹസാരെ സംഘം പ്രക്ഷോഭമാര്‍ഗമുപേക്ഷിച്ചേക്കും

ലോക്പാല്‍ പ്രശ്‌നത്തില്‍ ഹസാരെസംഘം പ്രക്ഷോഭത്തിന്റെ പാതയില്‍ നിന്നും പിന്‍വാങ്ങുന്നു. ജനപിന്തുണയില്‍ അപ്രതീക്ഷിതമായുണ്ടായ ഇടിവുതന്നെയാണ് കാരണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി ശ്രദ്ധകേന്ദ്രീകരിക്കുക. ഹസാരെയുടെ ജന്മഗ്രാമമായ മഹാരാഷ്ട്രയിലെ റലെഗന്‍സിദ്ധിയില്‍ ജനുവരി 2,3 തീയതികളില്‍ ഹസാരെ സംഘം യോഗം ചേര്‍ന്നു ഭാവി പരിപാടികള്‍ തീരുമാനിക്കും.

സമരവേദിയിലെ കടുത്ത ആള്‍ക്ഷാമം കാരണം മൂന്നുദിവസത്തെ സത്യാഗ്രഹം രണ്ടാംദിനം തന്നെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായ അന്നാഹസാരെ തന്നെയാണ് പ്രക്ഷോഭത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി സൂചിപ്പിച്ചത്. പാര്‍ലമെന്റില്‍ നടക്കുന്നത് ദുരന്തമായതിനാലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇനി ജനങ്ങളെ ഉല്‍ബുധരാക്കുന്ന മാര്‍ഗം മാത്രമേ ഉള്ളൂവെന്നും റലെഗാന്‍സിദ്ധിയിലേക്ക് മടങ്ങുംമുമ്പ് ഹസാരെ വാര്‍ത്താലേഖകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും ആദ്യം പ്രചാരണം നടത്തുക. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലുള്ള അടുത്ത രണ്ട് വര്‍ഷക്കാലവും പ്രചാരണ പരിപാടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സമരപരിപാടികളും പിന്‍വലിക്കുന്നതായി ഹസാരെസംഘാംഗമായ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വസതികള്‍ പിക്കറ്റ് ചെയ്തുകൊണ്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ജയില്‍ നിറക്കല്‍ പ്രക്ഷോഭം ആരംഭിക്കേണ്ടിയിരുന്നത് ജനുവരി 30നാണ്.

സമരത്തോടുള്ള തണുപ്പന്‍ പ്രതികരണം തന്നെയാണ് സമരം അവസാനിപ്പിക്കാന്‍ കാരണമെന്ന് ഹസാരെ സംഘത്തിലെ മറ്റൊരു പ്രമുഖനായ പ്രശാന്ത് ഭൂഷണ്‍ സമ്മതിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയാണ് സമരം ആരംഭിച്ചതെന്നും എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സമരംകൊണ്ട് പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലും ഹസാരെയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് സമരം പിന്‍വലിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

സമരവേദികളില്‍ നിന്നും ജനം അകന്നുനിന്നത് ഹസാരെ സംഘത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇതിന്റെ കാരണത്തെക്കുറിച്ച് എന്തെങ്കിലും വിശദീകരണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹസാരെ സംഘം. ആദ്യഘട്ടങ്ങളില്‍ തങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്ന സംഘപരിവാര്‍ ഇക്കുറി കൈവിട്ടുവെന്ന പരിഭവം സംഘത്തിനുണ്ട്. മറ്റൊരു പ്രക്ഷോഭം ഉടന്‍ ആരംഭിക്കാനുള്ള മനോധൈര്യം ഹസാരെ സംഘത്തിനില്ല. എന്നാല്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ സമരം വീണ്ടും കരുത്താര്‍ജിക്കുന്നതിനുള്ള സാഹചര്യം ഉരുത്തിരിയുമെന്ന പ്രതീക്ഷയുമുണ്ട്.

അതേസമയം ഹസാരെ സംഘത്തില്‍ വരും ദിവസങ്ങളില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നതിന്റെ സൂചനകളുമുണ്ട്. ഇപ്പോഴത്തെ സമരം അനവസരത്തിലായിപ്പോയെന്നും പാര്‍ലമെന്റിന്റെ അധികാരത്തെയും മറ്റും പരസ്യമായി വെല്ലുവിളിച്ച ചില സംഘാംഗങ്ങളുടെ  പ്രസ്താവനകള്‍ ജനപിന്തുണ നഷ്ടപ്പെടുത്തുന്നതിനിടയാക്കിയെന്നും അഭിപ്രായമുള്ളവരുണ്ട്. അരവിന്ദ് കെജ്‌രിവാളും കിരണ്‍ബേദിയും ഹസാരയെ അമിതമായി സ്വാധീനിക്കുകയാണെന്നും അവര്‍ ഇരുവരുമാണ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ പതനത്തിനു കാരണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

janayugom 301211

1 comment:

  1. ലോക്പാല്‍ പ്രശ്‌നത്തില്‍ ഹസാരെസംഘം പ്രക്ഷോഭത്തിന്റെ പാതയില്‍ നിന്നും പിന്‍വാങ്ങുന്നു. ജനപിന്തുണയില്‍ അപ്രതീക്ഷിതമായുണ്ടായ ഇടിവുതന്നെയാണ് കാരണം.
    രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി ശ്രദ്ധകേന്ദ്രീകരിക്കുക. ഹസാരെയുടെ ജന്മഗ്രാമമായ മഹാരാഷ്ട്രയിലെ റലെഗന്‍സിദ്ധിയില്‍ ജനുവരി 2,3 തീയതികളില്‍ ഹസാരെ സംഘം യോഗം ചേര്‍ന്നു ഭാവി പരിപാടികള്‍ തീരുമാനിക്കും.

    ReplyDelete