Saturday, December 31, 2011

തോട്ടങ്ങള്‍ തൊഴിലാളികളെ ഏല്‍പ്പിക്കണം

ഹര്‍കിഷന്‍സിങ് സുര്‍ജിത്നഗര്‍(ബത്തേരി): തോട്ടം മേഖലയിലെ മുതലാളിത്ത കുത്തക അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നിയമങ്ങള്‍ ലംഘിച്ചാണ് പല വന്‍കിട കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം തോട്ടങ്ങള്‍ പിടിച്ചെടുത്ത് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തോട്ടം തൊഴിലാളികളുടെ സ്ഥിതി ഏറ്റവും പരിതാപകരമാണ്. ഏറ്റവും താഴ്ന്ന കൂലിനിരക്കാണ് ഇവര്‍ക്ക് ലഭിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കുന്ന കൂലി പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. തോയിലതോട്ടങ്ങില്‍ കേവലം 146.41 രൂപയാണ് കൂലി. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനമം കൂലി 200 രൂപയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാടികളില്‍ ജീവിത സൗകര്യങ്ങള്‍ ശോചനീയമാണ് ഒറ്റമുറിയും അടുക്കളയും മാത്രമുള്ളപാടിയിലാണ് മുതിര്‍ന്നവരും വിവാഹിതരുമായ മക്കളടക്കമുള്ള തൊഴിലാളികുടുംബങ്ങള്‍ തമാസിക്കുന്നത്. തോട്ടങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ആശുപത്രികളും ഡിസ്പന്‍സറികളും കമ്പനികള്‍ പിന്‍വലിച്ചതുമൂലം സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. താഴ്ന്ന കൂലിയും ജീവിത നിലവാരവും മൂലം തോട്ടം തൊഴിലാളികളുടെ പുതിയ തലമുറ ഈ മേഖല വിട്ടു പോകുകയാണ്. വയനാട്ടിലെ ഏറ്റവും കടുത്ത ചൂഷണത്തിന് ഇരകളാകുന്ന വിഭാഗങ്ങളാണിന്ന് തോട്ടം തൊഴിലാളികള്‍ .

തോട്ടമായതിനാല്‍ മാത്രം ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പടെയുള്ള വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തയെ വെല്ലുവിളിക്കുന്നതാണ്. സംസ്ഥാനത്താകെ 24000 ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കൈമാറാനും തോട്ടം ഉടമകള്‍ക്ക് ലഭിക്കുക. റിയല്‍ എസ്റ്റേറ്റ് ലോബിയാണ് ഇതിനുപിന്നിലുളളത്. തോട്ടമായി നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ ഭൂമി സര്‍ക്കാറിന് വിട്ടു കൊടുക്കുകയാണ് തോട്ടമുടമകള്‍ ചെയ്യേണ്ടത്. ആയിരക്കണക്കിന് ആദിവാസികളും കര്‍ഷകതൊഴിലാളികളും ഭൂരഹിതരായി തുടരുമ്പോള്‍ തോട്ടം ഉടമകള്‍ക്ക് ഭൂമി വിട്ടു കൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തണം.

വന്‍കിട കമ്പനിയായ ഹാരിസണ്‍ മലയാളം കമ്പനി 63000 ഹെക്ടര്‍ ഭൂമി സംസ്ഥാനത്ത് കൈവശം വെക്കുന്നതില്‍ 26000 ഹെക്ടറും വയനാട്ടിലാണ്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യാ രാജ്യത്ത് കൃഷി ഭൂമി വാങ്ങാനോ കൈവശം വെക്കാനോ നിയമപരമായി അവകാശമില്ല. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും ഈ കമ്പനി കൈവശം വെക്കുകയാണ്. ഈ ഭൂമി നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് റവന്യു കമീഷണര്‍ സജിത്ത് ബാബു കമ്മീഷന്‍ സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വന്‍കിട കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വെക്കുക്കുന്ന തോട്ടങ്ങള്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവക്ക് വിട്ടു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ നിയമം നിര്‍മിക്കണം.

തോട്ടങ്ങളിലുള്ള മിച്ച ഭൂമിയും തിരശുഭൂമിയും ഭൂരഹിത ആദിവസികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം. തോട്ടം തൊഴിലാളികള്‍ക്ക മിനിമം കൂലി ലഭിക്കണം. നിലവിലുള്ള മിനിമം കൂലി 200രൂപയില്‍ നിന്ന 300 രൂപയായി വര്‍ദ്ധിപ്പിക്കണം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാടികള്‍ക്കു പകരം ആധുനിക ക്വാട്ടേഴ്സുകള്‍ നിര്‍മ്മിക്കണം. തോട്ടങ്ങളില്‍ ആശുപത്രിയും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വേണം. തോട്ടം തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ തുക മിനമം കൂലിയുടെ 50 ശതമാനമാക്കി നിശ്ചയിക്കണം. കാലപരിധി കഴിഞ്ഞ തോട്ടങ്ങള്‍ റീപ്ലാന്റ് ചെയ്യുകയും ആധൂനികവല്‍ക്കരിക്കുകയും വേണം. ഫാക്ടറികള്‍ നവീകരിക്കണം. തോട്ടങ്ങളുടെ ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണം. ചെറുകിട ഇടത്തരം തോട്ടങ്ങളില്‍ തോട്ടത്തില്‍ നിന്നുള്ള വരുമാനം തൊഴിലാളികളുടെ ക്ഷേമത്തിനും തോട്ടത്തിന്റെ നവീകരണത്തിനും വേണ്ടി ഉപയോഗിക്കുന്നു വെന്ന് ഉറപ്പുവരുത്തണം. തോട്ടങ്ങള്‍ മുറിച്ചു വില്‍ക്കുന്നതും തോട്ടവിളകള്‍ക്കു പകരം ഇതരവിളകളിലേക്ക് മാറ്റുന്നതും ഭൂ പരിഷ്കരണനിയമത്തിന്റെയും ഭൂ സംരക്ഷണനിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം കര്‍ക്കശമായി നിയന്ത്രിക്കണം. നിയമലംഘിക്കുന്നവരില്‍ നിന്നും തോട്ട ഭൂമി തിരിച്ചെടുത്ത് തോട്ടങ്ങളെ സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ കൂലി പ്രശനം അടിയന്തിരമായി പരിഹരിക്കണമെന്നും സമ്മേളനം മറ്റൊരുപ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കിഴക്കന്‍ മേഖലയിലെ കൃഷിക്കാര്‍ക്ക് പട്ടയം ലഭ്യമാക്കണം: സിപിഐ എം

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളിയുടെ കിഴക്കന്‍ മേഖലകളില്‍ കാലങ്ങളായി ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുഞ്ചവയല്‍ , മുരിക്കുംവയല്‍ , പാക്കാനം, പുലിക്കുന്ന്, കോസടി, കൊമ്പുകുത്തി, ആനക്കല്ല്, മൂഴിക്കല്‍ തുടങ്ങിയ സെറ്റില്‍മെന്റ്വാസികളായ കൃഷിക്കാര്‍ കാലങ്ങളായി പട്ടയത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. 1975ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ആദിവാസി ഭൂസംരക്ഷണ നിയമത്തിന്റെ മറവില്‍ ഇവര്‍ കുടിയിറക്കുഭീഷണി നേരിട്ടുവരികയായിരുന്നു. എന്നാല്‍ , അതിനുശേഷം നടന്ന പ്രക്ഷോഭങ്ങളുടെയും നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമനിര്‍മാണങ്ങളുടെയും ഫലമായി കുടിയിറക്കുഭീഷണി അവസാനിച്ചു. ഏതെങ്കിലും ആദിവാസിക്ക് ഭൂമി കൈവശമില്ലെങ്കില്‍ സര്‍ക്കാര്‍ വാസയോഗ്യമായ ഭൂമി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് പട്ടയവും കൈവശരേഖയും നല്‍കി. എന്നാല്‍ , കാലങ്ങളായി അവിടെ താമസിക്കുന്ന മറ്റു കൃഷിക്കാര്‍ക്ക് പട്ടയം നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ സപ്തധാരാ പദ്ധതി ഉപേക്ഷിക്കണം

ഈരാറ്റുപേട്ട: ജല, വൈദ്യുതി വിതരണ മേഖലകളെ സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ച് ജനങ്ങള്‍ക്കാകെ ദുരിതം വിതയ്ക്കുന്ന യുഡിഎഫിന്റെ സപ്തധാരാ പദ്ധതി ഉപേക്ഷിക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളവും വെളിച്ചവും എത്തിക്കാന്‍ സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണ്. ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ തുടരുന്ന സര്‍ക്കാര്‍ സേവനമേഖലയെ പൂര്‍ണമായും തകര്‍ക്കും. ഈ രംഗത്തേക്ക് സ്വകാര്യമേഖലയ്ക്ക് കടന്നുവരാന്‍ സംവിധാനമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

വേമ്പനാട്ടുകായലിനെ മാലിന്യവിമുക്തമാക്കണം

ഈരാറ്റുപേട്ട: ലോകോത്തര നീര്‍ത്തടങ്ങളിലൊന്നായ വേമ്പനാട്ടുകായലിനെ മാലിന്യവിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ നാലു ജില്ലകളിലെ ജനജീവിതത്തെ സഹായിക്കുന്ന ഈ കായല്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ കലവറയുമായിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ ഇടുന്നതിനാല്‍ ജലമലിനീകരണം രൂക്ഷമാണ്. കക്കാ ഡ്രഡ്ജിങ് മത്സ്യസമ്പത്തിന്റെ പ്രകൃതിദത്തമായ പ്രജനനത്തിനുള്ള ആവാസവ്യവസ്ഥയും തകര്‍ക്കുന്നു. കൃഷിയുടെ ഏകോപനം സാധ്യമാക്കുന്നതിനുള്ള കലണ്ടര്‍ പ്രകാരം ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ തണ്ണീര്‍മുക്കം ബണ്ട് നിശ്ചിതകാലയളവ് തുറന്നിടാന്‍ സാധിക്കും. ഹൗസ്ബോട്ടുകള്‍ വേമ്പനാട്ടുകായലില്‍ ജലമലിനീകരണം രൂക്ഷമാക്കുകയാണ്. ആയിരത്തഞ്ഞൂറിലധികം ഹൗസ്ബോട്ടുകളാണ് ഒരു നിബന്ധനയുമില്ലാതെ കായലില്‍ ഓടിക്കുന്നത്. ഇതിലെ മാലിന്യങ്ങള്‍ പൂര്‍ണമായും തള്ളുന്നത് കായലിലാണ്. കൂട്ടമായി എല്ലാത്തരം മാലിന്യവും ഇവിടെ തള്ളുന്നത് ജലമലിനീകണം രൂക്ഷമാക്കിയിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.

deshabhimani 311211

2 comments:

  1. തോട്ടം മേഖലയിലെ മുതലാളിത്ത കുത്തക അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നിയമങ്ങള്‍ ലംഘിച്ചാണ് പല വന്‍കിട കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം തോട്ടങ്ങള്‍ പിടിച്ചെടുത്ത് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

    ReplyDelete
  2. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി കെ ജെ തോമസിനെ വീണ്ടും തെരഞ്ഞെടുത്തു. ഈരാറ്റുപേട്ടയില്‍ നടന്ന ജില്ലാ സമ്മേളനം ഏകകണ്ഠമായാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 35 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 24 പേരെ നിശ്ചയിച്ചു. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി സി കെ ശശീന്ദ്രന്‍ തുടരും. ബത്തേരിയില്‍ നടക്കുന്ന ജില്ലാ സമ്മേളനംഏകകണ്ഠമായാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 25 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. നിലവിലെ ജില്ലാകമ്മറ്റിയില്‍ നിന്ന് പ്രായാധിക്യം കാരണം രണ്ട് പേര്‍ ഒഴിവായി. പി വി വര്‍ഗീസ് വൈദ്യര്‍ , എന്‍ എം ആന്റണി എന്നിവര്‍ . സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുപ്രകടനം വൈകീട്ട് 3 മണിക്ക് നടക്കും. കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

    ReplyDelete