Saturday, December 31, 2011

കമ്യൂണിസ്റ്റുകാരെ ന്യൂനപക്ഷവിരുദ്ധരായി മതന്യൂനപക്ഷങ്ങള്‍ കാണരുത്: കെ ടി ജലീല്‍

സ. ഇ ബാലാനന്ദന്‍ നഗര്‍(ഈരാറ്റുപേട്ട): മതന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എക്കാലവും നിലകൊണ്ട കമ്യൂണിസ്റ്റുകാരുടെ സേവനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചില്ലെങ്കിലും അവരെ ന്യൂനപക്ഷവിരുദ്ധരായി മതന്യൂനപക്ഷങ്ങള്‍ കാണരുതെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "മതന്യൂനപക്ഷവും കേരള സമൂഹവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ തിരിച്ചടിയുടെ പ്രതിഫലനമാണ് മുസ്ലീം വിഭാഗങ്ങള്‍ ലോകമാകെ ഇന്ന് പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച മുതലെടുത്ത് മുസ്ലീം രാജ്യങ്ങളില്‍ സാമ്രാജ്യത്വം നടത്തിയ ഇടപെടലുകളാണ് ഇവിടങ്ങളിലെല്ലാം ഭീകരവാദവും ഭരണ അട്ടിമറികള്‍ക്കും ഇടയാക്കിയത്. ഇന്ത്യയില്‍ അടുത്തകാലത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്കും മതഭീകരവാദത്തിനു പിന്നിലും സാമ്രാജ്യത്വശക്തികളുടെ ഇടപെടലാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിഭജിക്കപ്പെട്ടപ്പോഴത്തെ കലാപങ്ങളില്‍ പോലും തകരാതെ സംരക്ഷിച്ച ബാബ്റി മസ്ജിദ് പില്‍ക്കാലത്ത് തകര്‍ത്തത് സോഷ്യലിസ്റ്റ് ചേരിയുടെ ശക്തിക്ഷയം മുതലെടുത്താണ്.

ആദ്യ കമ്യൂണിസ്റ്റ് ഭരണകാലത്താണ് കേരളത്തില്‍ മുസ്ലീം വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല രൂപീകരിച്ചത്. അന്ന് കോണ്‍ഗ്രസുകാര്‍ അതിനെ ശക്തമായി എതിര്‍ത്തു. ജില്ല രൂപീകരിച്ചാല്‍ തിരൂര്‍ കടപ്പുറത്ത് പാകിസ്ഥാന്‍ പടക്കപ്പല്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. ഇതിനെ ചെറുത്ത് ജില്ലയ്ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച സി എച്ച് മുഹമ്മദ് കോയയ്ക്ക് പിന്‍ബലമേകിയത് കമ്യൂണിസ്റ്റുകാരുടെ നെഞ്ചൂക്കിന്റെ ബലമാണ്. ഇന്ത്യയിലും കേരളത്തിലും എക്കാലവും മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിലകൊണ്ടത് കമ്യൂണിസ്റ്റ് ചേരിയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഗവണനയില്‍ നിന്നാണ് മുസ്ലീംലീഗും കേരള കോണ്‍ഗ്രസും പിറവി കൊണ്ടത്. ന്യൂനപക്ഷ വിഭാഗങ്ങളോട് എക്കാലവും കോണ്‍ഗ്രസാണ് അവഗണന കാണിച്ചിട്ടുള്ളതെന്നതിന് മുഖ്യതെളിവാണിത്. ലോകമാകെ ആദരിക്കപ്പെടുന്ന മദര്‍ തെരേസ മിഷനറി പ്രവര്‍ത്തനത്തിന് കേന്ദ്രമാക്കിയത് കൊല്‍ക്കത്തയാണ്. അന്നും ഇന്നും മിഷനറിപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസവും നേരിട്ടില്ല. എന്നാല്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും അഗ്നിക്ക് ഇരയാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ഗുജറാത്തിലാണ്. കേരളത്തിലും മതന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ വര്‍ഗീയശക്തികളില്‍ നിന്ന് എക്കാലവും സംരക്ഷിച്ചു പോരുന്നത് കമ്യൂണിസ്റ്റുകാരാണ്. എന്നാല്‍ , ഇതില്‍ നിന്നെല്ലാം രാഷ്ട്രീയമുതലെടുപ്പ് നടത്തി അതിന്റെ ഗുണഭോക്താവായത് കോണ്‍ഗ്രസാണ്. ഇത് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ഗരാജ്യം ലഭിച്ചില്ലെങ്കിലും ഭൂമിയില്‍ മനുഷ്യനായി ജീവികാനുള്ള അവകാശവും അവസരവും നിഷേധിക്കുന്നതിനെതിരെയാണ് ന്യൂനപക്ഷങ്ങള്‍ ശക്തമായി നിലകൊള്ളേണ്ടതെന്ന് ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. കൈസ്ര്തവസമൂഹം വിയര്‍പ്പു ചീന്തി പണിതുയര്‍ത്തിയ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷാവകാശ നിയമത്തിന്റെ മറവില്‍ കത്തോലിക്കാസഭയും മെത്രാന്മാരും കൈക്കലാക്കി. ഇതര മതവിഭാഗങ്ങളുടെ സ്വത്തുവകകള്‍ നിയന്ത്രിക്കാന്‍ വഖഫ്ബോര്‍ഡും ദേവസ്വം ബോര്‍ഡും പോലുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ക്രൈസ്തവ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇത്തരം സംവിധാനമില്ല. ഇതിനായി നിയമം നടപ്പാക്കുന്നതിനെ സഭയും മെത്രാന്മാരും എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഈ സ്വത്തുക്കള്‍ കൈവശം വെച്ച് രാഷ്ട്രീയ ഇടപെടല്‍ നടത്തി അധികാരത്തില്‍ ഇടപെടാനാണ് സഭാനേതാക്കള്‍ ശ്രമിക്കുന്നതെന്നും പുലിക്കുന്നേല്‍ പറഞ്ഞു.

ചര്‍ച്ചകളിലൂടെയും ആശയപ്രചാരണത്തിലൂടെയും എതിര്‍പ്പിന്റെ മഞ്ഞുമലകള്‍ ഉരുക്കി മതന്യൂനപക്ഷങ്ങളും സിപിഐ എമ്മുമായുള്ള ബന്ധം ശക്തിപ്പെടുത്തിയാലേ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയൂവെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി നിയമത്തിന്റെ മറവില്‍ശബ്ദമുയര്‍ത്തുന്നവര്‍ ന്യൂനപക്ഷ ജനസാമാന്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഒരുക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു.

മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ക്ക് പ്രസക്തിയേറുന്നു

ശാസ്താംകോട്ട: മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ക്ക് പുതിയ കാലക്രമത്തില്‍ പ്രസക്തിയേറുന്നുവെന്ന് സെമിനാര്‍ . സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് "അറബ് വസന്തവും ലോക ജനാധിപത്യവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ് അറബ്വസന്തം. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ എന്ന ആശയം ലോകം മുഴുവന്‍കേട്ടു. കേരളത്തില്‍പ്പോലും വാള്‍സ്ട്രീറ്റ് അനുകൂലപ്രകടനം ഉണ്ടായി. ജനാധിപത്യം എന്നത് ആള്‍ക്കൂട്ടത്തിന്റെ ആഘോഷമാണ്. ഒരുമനസ്സോടെ ആയുധമെടുക്കാതെ ആള്‍ക്കൂട്ടത്തിന് അപാരമായ ശക്തിയുണ്ടെന്ന് അറബ് വസന്തം തെളിയിച്ചിരിക്കുന്നു. അതിനാല്‍ ഇതിന് കാലികപ്രാധാന്യം മാത്രമല്ല മൗലികമായ പ്രാധാന്യവും ഉണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

കോടതികള്‍ പൊതുയിടങ്ങള്‍ പരിമിതിപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ , കോടതികള്‍ക്കുള്ള ഈ ദുരുദ്ദേശം വ്യക്തിപരമല്ല മറിച്ച് മൂലധന ആഗോളവല്‍ക്കരണദര്‍ശനമാണ്. കേരളത്തിലെ ആഗോളവല്‍ക്കരണകാലത്തെ പൊതുയോഗം ഇല്ലാതാക്കാന്‍ കോടതി പരിശ്രമിച്ചത് വ്യക്തിവിരോധം തീര്‍ക്കാനായിരുന്നില്ല. സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ചരിത്രം അറിയാത്തതിനാലാണ് കോടതി സഞ്ചാരസ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി സംസാരസ്വാതന്ത്ര്യത്തിന് പരിമിതി നല്‍കിയത്. ലോകമെമ്പാടും ജനങ്ങള്‍ സംഘടിച്ച് ജനവിരുദ്ധ ഭരണകൂടത്തെ ചെറുക്കുമ്പോള്‍ ജനാധിപത്യം പൂത്തുലഞ്ഞുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ പൊതുയിടങ്ങള്‍ നിഷേധിക്കുകയാണ് കോടതിയും ഭരണകൂടങ്ങളുമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

അറബ്വസന്തം ആത്മാഭിമാനത്തിനുള്ള പോരാട്ടം

ശാസ്താംകോട്ട: അറബ് വസന്തം ഒരു ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമമാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "അറബ് വസന്തവും ലോക ജനാധിപത്യവും" എന്ന വിഷയത്തില്‍ ഭരണിക്കാവില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനക്കൂട്ടത്തെ സാമ്രാജ്യത്വം ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടത്തെ തെരുവില്‍നിന്ന് ആട്ടിയോടിക്കാനാണ് ജുഡീഷ്യറിയും മുതലാളിത്ത ഭരണകൂടവും ശ്രമിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ആള്‍ക്കൂട്ടമെല്ലാം ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ല. വിമോചന സമരത്തിന്റെ ആള്‍ക്കൂട്ടവും വര്‍ഗീയതയുടെ വെളിച്ചത്തില്‍ എത്തുന്ന ആള്‍ക്കൂട്ടവും ഇതിന് ഉദാഹരണമാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തെ മാറ്റിമറിക്കാന്‍ തൊഴിലാളിവര്‍ഗത്തിനേ കഴിയൂ എന്ന കണ്ടെത്തലാണ് മാര്‍ക്സിസത്തിന്റെ അന്തഃസത്തയ്ക്ക് പ്രസക്തിയേറാന്‍ കാരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി പി കെ ഗോപന്‍ അഭിപ്രായപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് ഇ കാസിം അധ്യക്ഷനായി.

മതരാഷ്ട്രീയം സാമൂഹ്യമുന്നേറ്റത്തെ പിറകോട്ടടിക്കുന്നു: ഡോ. കെ എന്‍ പണിക്കര്‍

കോട്ടയം: മതരാഷ്ട്രീയവും മതവ്യവസായവുമാണ് കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തെ പിറകോട്ടടിക്കുന്നതെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കേരള യുക്തിവാദി സംഘം 27-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതങ്ങളുടെ രാഷ്ട്രീയബന്ധം അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കുകയും മതവ്യവസായികള്‍ വിശ്വാസത്തെ കച്ചവടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. വര്‍ഗീയവത്ക്കരണത്തേക്കാള്‍ കൂടുതല്‍ മതവല്‍ക്കരണമാണ് കേരളത്തില്‍ . സാമൂഹ്യവ്യവസ്ഥയില്‍ അക്രമാസക്തി വളര്‍ത്തുന്നത് മതമണ്ഡലത്തില്‍ വരുന്ന മാറ്റങ്ങളാണ്. ഈ മാറ്റങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. മതങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിന്റെ ഫലമാണ് പാഠപുസ്തക വിവാദം. എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാഭ്യാസരംഗത്തുള്ളവരാണ്. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കാന്‍ മതം നടത്തുന്ന ശ്രമം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് യു കലാനാഥന്‍ അധ്യക്ഷനായി. പെരിയവര്‍ മണിയമ്മ സര്‍വകലാശാല വി സി ഡോ. രാമചന്ദ്ര, ദ്രാവിഡകഴകം സംസ്ഥാനസെക്രട്ടറി അറിവ്ക്കരശ്, ആര്‍ജക്സംഘ് ഉത്തര്‍പ്രദേശ് പ്രസിഡന്റ് രഘുനാഥ്സിങ്ങ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി കെ ചിത്രഭാനു സ്വാഗതവും യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി ടി കെ ശശീധരന്‍ നന്ദിയും പറഞ്ഞു. വനിതാസമ്മേളനം തഞ്ചാവുര്‍ എസ് യു വി എന്‍ജിനീയറിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി സി എസ് എലിസബത്ത് അധ്യക്ഷയായി. മിനി കെ ഫിലിപ്പ്, സി എം എല്‍സ എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ ഡി ഉഷ അധ്യക്ഷയായി. വൈകിട്ട് സാംസ്കാരിക സമ്മേളനം ഡോ.രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച സമ്മേളനം തുടരും.

പൊതുയോഗത്തിന് അനുമതി നല്‍കിയില്ല ആര്‍ ബി ശ്രീകുമാറിന്റെ പ്രഭാഷണം തടയാന്‍ പൊലീസ് ശ്രമം

കണ്ണൂര്‍ : എന്‍ അബ്ദുള്ള കള്‍ച്ചറല്‍ ഫോറം പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കണ്ണൂര്‍ സിറ്റിയില്‍ സംഘടിപ്പിച്ച "ഗുജറാത്ത് വെളിപ്പെട്ടതും വെളിപ്പെടാത്തതും" വിഷയത്തില്‍ പ്രഭാഷണത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. മുസ്ലിംലീഗിന്റെ സമ്മര്‍ദഫലമായാണ് ഇതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഗുജറാത്ത് റിട്ട. എഡിജിപി ആര്‍ ബി ശ്രീകുമാര്‍ പങ്കെടുക്കേണ്ട പരിപാടിക്ക് രണ്ടാഴ്ച മുമ്പേ അപേക്ഷിച്ചതാണ്. അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. കണ്ണൂര്‍ ഡിഐജി ശ്രീജിത്ത് ഫോണില്‍ ശ്രീകുമാറിനോട് പങ്കെടുക്കരുതെന്ന് പറഞ്ഞിരുന്നു. പൊലീസ് തടസ്സം നിന്നതിനാല്‍ സിറ്റിയിലെ എന്‍എന്‍എസ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.

ഹിന്ദുക്കളുടെ പ്രതികാരാഗ്നി മൂന്ന് ദിവസം ആളിക്കത്തിക്കാന്‍ തടസ്സം നില്‍ക്കരുതെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞപ്പോള്‍ ഡിജിപ്പിയുള്‍പ്പെടെയുള്ള പൊലീസുദ്യോഗസ്ഥര്‍ മൗനം പാലിച്ചതാണ് ഗുജറാത്തില്‍ രണ്ടായിരത്തോളംപേര്‍ കൊല്ലപ്പെടാനിടയാക്കിയതെന്ന് ആര്‍ ബി ശ്രീകുമാര്‍ സെമിനാറില്‍ പറഞ്ഞു. സെമിനാറിന് അനുമതി നിഷേധിച്ചതില്‍ സിപിഐ എം കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍ പ്രതിഷേധിച്ചു.

വര്‍ഗീയതയെ എതിര്‍ക്കാന്‍ അധ്വാനവര്‍ഗത്തിനേ കഴിയൂ: സുനിത്ചോപ്ര

പഴയങ്ങാടി: അധ്വാനിക്കുന്ന വര്‍ഗത്തിനുമാത്രമേ വര്‍ഗീയതയെ എതിര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുനിത്ചോപ്ര പറഞ്ഞു. കര്‍ഷകരും തൊഴിലാളികളുമാണ് ഉദാത്തമായ മൗലികത ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. അംബേദ്കറിനെപ്പോലെയുള്ളവര്‍ നിലകൊണ്ടത് പിന്നോക്കക്കാരുടെ ക്ഷേമത്തിനാണ്. ഇ എം എസും എ കെ ജിയുമുള്‍പ്പെടെയുള്ളവര്‍ പോരാടിയതും വര്‍ഗീയതയെ എതിര്‍ത്തുകൊണ്ടുള്ള മനുഷ്യാവകാശത്തിനുവേണ്ടിത്തന്നെ. സാമ്രാജ്യത്വം പല രീതിയിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിനുവേണ്ടി ഭീകരതയെയും വളര്‍ത്തുന്നു. ഗുജറാത്തിലും പശ്ചിമബംഗാളിലുമൊക്കെ കാണുന്നത് ഇതാണ്. മമതാ ബാനര്‍ജി ഭീകരതക്കുവേണ്ടിയുള്ള കരുതല്‍ ശേഖരവുമായി മാവോയിസ്റ്റുകളെ സംരക്ഷിക്കുകയാണ് -അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ഒ വി നാരായണന്‍ അധ്യക്ഷനായി. എം പ്രകാശന്‍ , പി കെ നാരായണന്‍ , ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. പി പി ദാമോദരന്‍ സ്വാഗതം പറഞ്ഞു.

സമീപകാല കോടതിവിധികള്‍ക്ക് സാമ്രാജ്യത്വ മുഖം

കൊട്ടാരക്കര: സമീപകാലത്തെ കോടതി വിധികള്‍ പലതും ജനങ്ങളുടെ മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ബന്ദും പൊതുസ്ഥലങ്ങളിലെ യോഗവും നിരോധിച്ച്ുകൊണ്ടുള്ള പല കോടതി വിധികളും ഇതിന് ഉദാഹരണമാണെന്ന് സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. "ജനാധിപത്യ വ്യവസ്ഥയും ജുഡീഷ്യറിയും" എന്നതായിരുന്നു സെമിനാറിന്റെ വിഷയം.

ഇത്തരം വിധികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും കവരുന്നു. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിലകൊണ്ട ജുഡീഷ്യറിയുടെ തുടര്‍ നിലപാടാണ് ഇത്തരം വിധികള്‍ . സമരങ്ങളും ജനങ്ങള്‍ക്ക് സംഘടിക്കാനുള്ള അവകാശങ്ങളും ഇല്ലാതാക്കി ജനാധിപത്യം നിഷേധിക്കുന്ന സാമ്രാജ്യത്വത്തിന്റെ പുതിയ മുഖമാണ് സമീപകാലത്തെ മിക്ക കോടതിവിധികളെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.


പൗരാവകാശത്തിന്മേല്‍ ജുഡീഷ്യറിയുടെ ഇടപെടലിനെതിരെ ജാഗ്രതവേണം

കൊട്ടാരക്കര: ജുഡീഷ്യറിയുടെ പൗരാവകാശത്തിന്മേലുള്ള ഇടപെടലിനെതിരെ ജനങ്ങള്‍ ജാഗ്രത കാട്ടണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഇ കെ നാരായണന്‍ പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തിനു മുന്നോടിയായി ജനാധിപത്യ വ്യവസ്ഥയും ജുഡീഷ്യറിയും എന്ന വിഷയത്തില്‍ കൊട്ടാരക്കര കച്ചേരിമുക്കില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മൗലികാവകാശങ്ങളെ തകര്‍ക്കാനുള്ള ജുഡീഷ്യറിയുടെ ഇടപെടലുകള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. വിവേചനപരമായ നിലപാടാണ് പലപ്പോഴും കോടതികള്‍ സ്വീകരിക്കുന്നതെന്ന് അഡ്വ. അയിഷാപോറ്റി എംഎല്‍എ ചൂണ്ടിക്കാട്ടി. പൗരാവകാശം തടഞ്ഞുള്ള വിധിയെ വിമര്‍ശിച്ചതിനാണ് എം വി ജയരാജനെതിരെ നടപടി സ്വീകരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ പുഴു എന്നുപോലും കോടതി വിശേഷിപ്പിച്ചു. അഡ്വ. വി രവീന്ദ്രന്‍നായര്‍ അധ്യക്ഷനായി.

deshabhimani news

1 comment:

  1. മതന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എക്കാലവും നിലകൊണ്ട കമ്യൂണിസ്റ്റുകാരുടെ സേവനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചില്ലെങ്കിലും അവരെ ന്യൂനപക്ഷവിരുദ്ധരായി മതന്യൂനപക്ഷങ്ങള്‍ കാണരുതെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "മതന്യൂനപക്ഷവും കേരള സമൂഹവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete