Monday, January 30, 2012

മുല്ലപ്പെരിയാര്‍: സര്‍വെ ഓഫ് ഇന്ത്യയുടെ 'ഫ്‌ളഡ് റൂട്ടിങ് സര്‍വെ' അടുത്തമാസം

മുല്ലപ്പെരിയാറില്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഫ്‌ളഡ് റൂട്ടിംഗ് സര്‍വെ അടുത്തമാസം നടക്കും. ഇതിന്റെ പ്രാഥമിക പരിശോധനയ്ക്കായാണ് കഴിഞ്ഞദിവസം സര്‍വെ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറിലെത്തിയത്. അടുത്തയാഴ്ചയോടെ സര്‍വെ തുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മൂന്നാഴ്ചയോളം സര്‍വെ നീളും. ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് ഫഌഡ് റൂട്ടിംഗ് സര്‍വെ നടത്തുന്നത്.

അതേസമയം ഈ സര്‍വെ കൊണ്ട് കാര്യമായ പ്രയോജനം ആര്‍ക്കുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ സര്‍വെ നടത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതി നിശ്ചയിച്ച കാലയളവിനുള്ളില്‍ സര്‍വെയുടെ പ്രാരംഭനടപടികള്‍പോലും തുടങ്ങിയിരുന്നില്ല. ഉന്നതാധികാര സമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മറ്റ് റിപ്പോര്‍ട്ടുകളൊന്നും അവര്‍ സ്വീകരിക്കില്ല.

ഫെബ്രുവരി അവസാനത്തോടെ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ അതിന്റെ ജോലികളിലാണ് സമിതി ഇപ്പോള്‍. പുതിയ തെളിവുകളും റിപ്പോര്‍ട്ടുകളും ഇനി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സമിതി. മാത്രമല്ല ഫ്ഌഡ് റൂട്ടിംഗ് സര്‍വെയുടെ റിപ്പോര്‍ട്ട് വരുമ്പോഴേക്കും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടും തയ്യാറായിക്കഴിഞ്ഞിരിക്കും.
എല്ലാ തെളിവുകളും ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ സമിതിയുടെ പരിഗണനയ്ക്ക് വരാത്ത റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. എങ്കിലും ഫഌഡ് റീഡിംഗ് സര്‍വെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഇപ്പോള്‍ റിസര്‍വോയറില്‍ 136 അടി ജലമാണുള്ളത്. ജലനിരപ്പ് 165 അടി ഉയര്‍ന്നാല്‍ റിസര്‍വോയറിലെ വനപ്രദേശം എത്രത്തോളം വെള്ളത്തിനടിയിലാകുമെന്നതാണ് ഫഌഡ് റൂട്ടിംഗ് സര്‍വെയിലെ പഠനവിഷയം. റിസര്‍വോയറിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ ഉയര്‍ന്നും താണും കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ മണ്ണടിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഗര്‍ത്തങ്ങളുണ്ട്. ഇവിടെയൊക്കെ എങ്ങനെയായിരിക്കും വെള്ളം നിറയുന്നതെന്നുള്ള കണക്കെടുപ്പും നടത്തും.

കഴിഞ്ഞദിവസം സര്‍വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ ടി സഞ്ജീവ് കുമാറും, സൂപ്രണ്ടിംഗ് സര്‍വെയര്‍ റാവത്ത്, പ്ലെയ്ന്‍ ടേബഌ കെ രാജേഷ് എന്നിവരാണ് മുല്ലപ്പെരിയാറില്‍ എത്തിയത്. ശനിയാഴ്ച റിസര്‍വോയര്‍ മുഴുവന്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വനംവകുപ്പോ ജലവിഭവ വകുപ്പോ ഇവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഘത്തിന് വനപ്രദേശം ചുറ്റിക്കാണാന്‍ ബോട്ടു പോലും നല്‍കാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ കാത്തിരുന്നതിനു ശേഷമാണ് ബോട്ട് ലഭ്യമാക്കിയത്. ഇതെങ്ങിനെ സംഭവിച്ചുവെന്നു അന്വേഷിക്കുമെന്നു ജലവിഭവ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇനി സര്‍വെക്കായി സംഘം അടുത്തമാസം എത്തും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നു താഴ്ന്നാല്‍ ഉണ്ടാകാവുന്ന ഭൂമിയുടെ അളവു സംബന്ധിച്ചുള്ള പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പീച്ചിയിലെ കെറിയാണ് ഈ പഠനം നടത്തിയത്.

janayugom 300112

1 comment:

  1. മുല്ലപ്പെരിയാറില്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഫ്‌ളഡ് റൂട്ടിംഗ് സര്‍വെ അടുത്തമാസം നടക്കും. ഇതിന്റെ പ്രാഥമിക പരിശോധനയ്ക്കായാണ് കഴിഞ്ഞദിവസം സര്‍വെ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറിലെത്തിയത്. അടുത്തയാഴ്ചയോടെ സര്‍വെ തുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മൂന്നാഴ്ചയോളം സര്‍വെ നീളും. ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് ഫഌഡ് റൂട്ടിംഗ് സര്‍വെ നടത്തുന്നത്.

    ReplyDelete