Monday, January 30, 2012

പണവും മദ്യവും ആയുധം; ജീവിതപ്രശ്നങ്ങള്‍ മറച്ചു

പട്യാല: പച്ചപ്പ് നിറഞ്ഞ സര്‍വകലാശാലാ ക്യാമ്പസിലെ ഡീന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ രണ്ട് കര്‍ഷകനേതാക്കളും പ്രൊഫ. ബല്‍വീന്ദറിനൊപ്പമുണ്ട്. പഞ്ചാബിനെ കുറിച്ചും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചും ആഴത്തില്‍ പഠിച്ച ബല്‍വീന്ദര്‍ സാംച മോര്‍ച്ചയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തിന് പോകാനൊരുങ്ങുകയാണ്. ഗോതമ്പുവയലും ക്ഷീരകര്‍ഷകരും നിറഞ്ഞ ക്നോറിലേക്ക്. യാത്രയില്‍ ഒപ്പം ഞങ്ങളും ചേര്‍ന്നു. വയലേലകള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ അവിടെ വീഴുന്ന കണ്ണീരിന്റെയും മറുഭാഗത്ത് തടിച്ചുകൊഴുക്കുന്ന പണച്ചാക്കുകളുടെയും കഥ ബല്‍വീന്ദര്‍സിങ് വിവരിച്ചു. ശിരോമണി അകാലിദള്‍ -ബിജെപി സഖ്യവും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന അഞ്ചുനദികളുടെ നാട്ടില്‍ അഴിമതിയില്‍നിന്ന് സമ്പാദിച്ച പണവും മദ്യവുമാണ് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൊഫസര്‍ പറഞ്ഞു.വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍നിന്ന പഞ്ചാബ് ഇപ്പോള്‍ ഏറെ പിന്നിലായി. ദേശീയ വികസന ലക്ഷ്യം ഏഴ് ശതമാനമായിരിക്കെ അകാലിസര്‍ക്കാര്‍ പ്രഖ്യാപിച്ചതുതന്നെ അഞ്ച് ശതമാനമാണ്. വില കിട്ടാഞ്ഞതിനാല്‍ കര്‍ഷകര്‍ ആയിരക്കണക്കിന് ടണ്‍ ഉരുളക്കിഴങ്ങ് റോഡില്‍ വലിച്ചെറിഞ്ഞു-വിളവെടുപ്പു കഴിഞ്ഞ ഉരുളക്കിഴങ്ങ് പാടങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ ഇക്കാര്യത്തില്‍ ഇടപെട്ടില്ല. പരുത്തി കര്‍ഷകരുടെ ആത്മഹത്യ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കിയ മേഖലയാണ് പഞ്ചാബിലെ മാള്‍വ. ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. തൊഴില്‍ നഷ്ടപ്പെട്ട് നിരവധി കര്‍ഷകത്തൊഴിലാളികള്‍ സന്‍ഗ്രൂരിലും മാള്‍വയിലും ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ അതിരൂക്ഷമായതിന്റെ മറുപുറമാണ് മദ്യവും മയക്കുമരുന്നും വ്യാപിച്ചത്. ചരിത്രനഗരമായ പട്ടിയില്‍ മാത്രം ഒമ്പത്യുവാക്കള്‍ ഹെറേയിന്റെ അമിത ഉപയോഗത്താല്‍ മരിച്ചു. മാള്‍വ മേഖലയില്‍ ശക്തമായ തെരഞ്ഞെടുപ്പുവിഷയമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് അകാലി-ബിജെപി മുന്നണിയും കോണ്‍ഗ്രസും പണം വാരി എറിയുന്നു, മദ്യം ഒഴുക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്തുനിന്ന് 20 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പൂവിന് പകരം നോട്ടുകൊണ്ട് അര്‍ച്ചന നടത്തിയ സംഭവത്തില്‍ കമീഷന്‍ മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസ് റിബലുകള്‍ക്ക് ആദ്യഗഡുവായി 100 കോടി രൂപവീതമാണ് അകാലിദള്‍ നല്‍കിയത്. കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിനും നൂറുകോടി രൂപ നല്‍കിയെന്നാണ് വാര്‍ത്ത.

തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധനയുള്ളതിനാല്‍ ചിലയിടത്ത് മദ്യവിതരണം നേരിട്ടല്ല. പ്രത്യേക നമ്പറുള്ള നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതുമായി ചെന്നാല്‍ കടയില്‍നിന്ന് ആവശ്യത്തിന് മദ്യം. അതേസമയം, രാജസ്ഥാനിലെ ബിക്കാനീര്‍ എക്സ്പ്രസ് ട്രെയിന് കാത്ത് നില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. അര്‍ബുദചികിത്സയ്ക്കായി ബിക്കാനീര്‍ ആശുപത്രിയില്‍ പോകാനുള്ളവര്‍ക്കുള്ള ട്രെയിനാണിത്. കൊടുംതണുപ്പിലും റോഡിന്റെ ഡിവൈഡറില്‍ അന്തിയുറങ്ങുന്ന നൂറുകണക്കിന് പേരെ പട്യാലയില്‍ കാണാം.

deshabhimani 300112

1 comment:

  1. പച്ചപ്പ് നിറഞ്ഞ സര്‍വകലാശാലാ ക്യാമ്പസിലെ ഡീന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ രണ്ട് കര്‍ഷകനേതാക്കളും പ്രൊഫ. ബല്‍വീന്ദറിനൊപ്പമുണ്ട്. പഞ്ചാബിനെ കുറിച്ചും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചും ആഴത്തില്‍ പഠിച്ച ബല്‍വീന്ദര്‍ സാംച മോര്‍ച്ചയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തിന് പോകാനൊരുങ്ങുകയാണ്. ഗോതമ്പുവയലും ക്ഷീരകര്‍ഷകരും നിറഞ്ഞ ക്നോറിലേക്ക്. യാത്രയില്‍ ഒപ്പം ഞങ്ങളും ചേര്‍ന്നു. വയലേലകള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ അവിടെ വീഴുന്ന കണ്ണീരിന്റെയും മറുഭാഗത്ത് തടിച്ചുകൊഴുക്കുന്ന പണച്ചാക്കുകളുടെയും കഥ ബല്‍വീന്ദര്‍സിങ് വിവരിച്ചു. ശിരോമണി അകാലിദള്‍ -ബിജെപി സഖ്യവും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന അഞ്ചുനദികളുടെ നാട്ടില്‍ അഴിമതിയില്‍നിന്ന് സമ്പാദിച്ച പണവും മദ്യവുമാണ് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൊഫസര്‍ പറഞ്ഞു.വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍നിന്ന പഞ്ചാബ് ഇപ്പോള്‍ ഏറെ പിന്നിലായി. ദേശീയ വികസന ലക്ഷ്യം ഏഴ് ശതമാനമായിരിക്കെ അകാലിസര്‍ക്കാര്‍ പ്രഖ്യാപിച്ചതുതന്നെ അഞ്ച് ശതമാനമാണ്. വില കിട്ടാഞ്ഞതിനാല്‍ കര്‍ഷകര്‍ ആയിരക്കണക്കിന് ടണ്‍ ഉരുളക്കിഴങ്ങ് റോഡില്‍ വലിച്ചെറിഞ്ഞു-വിളവെടുപ്പു കഴിഞ്ഞ ഉരുളക്കിഴങ്ങ് പാടങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

    ReplyDelete