Friday, January 27, 2012

യൂറോപ്യന്‍ പ്രതിസന്ധി ലോകസമ്പദ്ഘടനയെ ബാധിക്കും: ഐ എം എഫ്

യൂറോപ്യന്‍ മേഖലാരാഷ്ട്രങ്ങളെ ബാധിച്ചിട്ടുള്ള കടത്തിന്റെ പ്രതിസന്ധി രൂക്ഷമാകുകയാണെന്നും തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിനുള്ള ആഗോള സമ്പദ്ഘടനയുടെ ശ്രമങ്ങളെ അത് പാളം തെറ്റിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) യുടെ മുന്നറിയിപ്പ്.

ലോകസമ്പദ്ഘടന 2012 ല്‍ 4 ശതമാനം വളര്‍ച്ച നേടുമെന്ന് മൂന്ന് മാസം മുമ്പ് ഐ എം എഫ് പ്രവചിച്ചിരുന്നുവെങ്കിലും അതിപ്പോള്‍ 3.3 ശതമാനമായി ചുരുക്കിയിരിക്കുകയാണ്. യൂറോപ്യന്‍ പ്രതിസന്ധി തുടരുന്ന പക്ഷം അത് രണ്ട്ശതമാനമായി കുറയുകയും ലോകം മറ്റൊരു ആഗോള മാന്ദ്യത്തിന് ഇരയാവുകയും ചെയ്യുമെന്ന് ഐ എം എഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ധനായ ഒലിവര്‍ ബ്ലങ്കാര്‍ഡ് പറഞ്ഞു. അമേരിക്കക്ക് 1.8 ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമേ ഉണ്ടാകുകയുള്ളൂ. ജപ്പാന്റെ വളര്‍ച്ച 1.7 ശതമാനവുമായിരിക്കും.
വികസിത രാഷ്ട്രങ്ങളിലെ കുറഞ്ഞസാമ്പത്തിക വളര്‍ച്ചാനിരക്ക് വന്‍തോതിലുള്ള തൊഴിലില്ലായ്മക്ക് ഇടയാക്കും.

യൂറോപ്യന്‍ പ്രതിസന്ധി മൂര്‍ച്ചിക്കുന്നത് അമേരിക്കയേയും മറ്റ് വികസിത സമ്പദ്ഘടനകളേയും വിഷമത്തിലാക്കും. വികസ്വര സമ്പദ്ഘടനകള്‍ 2012 ല്‍ 5.4 ശതമാനം വളര്‍ച്ചകൈവരിക്കും. 6.1 ശതമാനം വളര്‍ച്ചയായിരുന്നു സെപ്തംബറില്‍ ഐ എം എഫ് പ്രവചിച്ചിരുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 9 ശതമാനം പ്രതീക്ഷിച്ചിരുന്നത് 8.2 ശതമാനമായി കുറയും. 2013 ല്‍ 8.8 ശതമാനം സാമ്പത്തിക വളര്‍ച്ച ചൈന കൈവരിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ അതിവേഗം മുന്നേറുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊട്ടാകെ 7.3 ശതമാനം വളര്‍ച്ചയാകും ഉണ്ടാവുക.

മദ്ധ്യപൂര്‍വദേശത്തും വടക്കന്‍ ആഫ്രിക്കയിലും നല്ല സാമ്പത്തിക വളര്‍ച്ചയുണ്ടാകും. ഒമ്പതുമാസക്കാലം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനൊടുവില്‍ ഗദ്ദാഫി വധിക്കപ്പെട്ട ലിബിയയില്‍ത്തന്നെയാകും ഏറ്റവും വലിയതോതില്‍ വളര്‍ച്ചയുണ്ടാകുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ചയുണ്ടാകുമെങ്കിലും എണ്ണവിലയെ അത് സാരമായി ബാധിക്കുകയില്ലെന്നാണു ഐ എം എഫ് പ്രവചനം. അതേസമയം എണ്ണയിതര ഉല്‍പ്പന്നങ്ങളുടെ വില ഈ വര്‍ഷം 14 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്.
ആഗോളസാമ്പത്തിക മാന്ദ്യം ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ കാര്യമായി ബാധിക്കുകയില്ല. ദക്ഷിണാഫ്രിക്ക മാത്രമായിരിക്കും ഇതിനൊരപവാദം. ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ പൊതുവില്‍ 5.5 ശതമാനം വളര്‍ച്ച നേടും.

സാമ്പത്തിക മാന്ദ്യത്തിന്റെകെടുതി ഏറ്റവും രൂക്ഷമായി ബാധിക്കുക മധ്യ - കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളെയായിരിക്കുമെന്ന് ഐ എം എഫ് പറയുന്നു. 2012 ല്‍ 2.7 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നതിപ്പോള്‍ 1.1 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. അടുത്തവര്‍ഷം 2.4 ശതമാനത്തിനപ്പുറം വളര്‍ച്ചയുണ്ടാകില്ല.

janayugom news

1 comment:

  1. യൂറോപ്യന്‍ മേഖലാരാഷ്ട്രങ്ങളെ ബാധിച്ചിട്ടുള്ള കടത്തിന്റെ പ്രതിസന്ധി രൂക്ഷമാകുകയാണെന്നും തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിനുള്ള ആഗോള സമ്പദ്ഘടനയുടെ ശ്രമങ്ങളെ അത് പാളം തെറ്റിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) യുടെ മുന്നറിയിപ്പ്.

    ReplyDelete