Tuesday, January 31, 2012

തസ്തികകള്‍ കുറച്ച് എന്ത് ജനസേവനം?

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ തസ്തിക വെട്ടിക്കുറയ്ക്കലും നിയമനങ്ങള്‍ നടത്താതിരിക്കലും പതിവായിരിക്കുന്നു. മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സാമൂഹ്യ സുരക്ഷാമേഖലയിലെ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുമെന്നും ഭീഷണി ഉയര്‍ന്നിരിക്കുന്നു. സിവില്‍ സര്‍വീസില്‍ വേണ്ടതിലേറെ ആളുകളുണ്ട്; അതുകൊണ്ട് തസ്തിക വെട്ടിക്കുറയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടൊക്കെ പ്രത്യക്ഷമായിത്തന്നെ നിരത്തുന്ന ന്യായം. അതിന് സാധൂകരണം നല്‍കാന്‍ അവര്‍ ചില കണക്കും അവതരിപ്പിക്കുന്നു. അമേരിക്കയിലുള്ളതിന്റെ അഞ്ചുമടങ്ങ് സര്‍ക്കാര്‍ ജീവനക്കാര്‍ ജനസംഖ്യാനുപാതികമായി ഇന്ത്യയിലുണ്ടെന്നാണ് വാദം. ഇന്ത്യയില്‍ ഒരുലക്ഷം ജനങ്ങളെ സേവിക്കാന്‍ 16,228 സര്‍ക്കാരുദ്യോഗസ്ഥരുണ്ടെങ്കില്‍ അമേരിക്കയില്‍ ലക്ഷം ജനങ്ങള്‍ക്ക് 7618 ഉദ്യോഗസ്ഥരേ ഉള്ളൂ എന്നാണ് പറയുന്നത്. കഴിഞ്ഞദിവസം ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച കണക്കുകള്‍ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കുന്നവരില്‍ 44.81 ശതമാനവും റെയില്‍വേ ജീവനക്കാരാണ്. അങ്ങനെ വരുമ്പോള്‍ രാജ്യത്ത് ലക്ഷം പേര്‍ക്ക് 125 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരേ ഉള്ളൂ. സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ സേവനം യഥോചിതം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഇനിയും ആള്‍ശേഷി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടതുണ്ട്. നിയമന നിരോധമോ തസ്തിക വെട്ടിക്കുറയ്ക്കലോ അല്ല, യോഗ്യതയുള്ളവരെ പരിശീലനം നല്‍കി കൂടുതലായി ജനസേവനത്തിനു നിയമിക്കുകയാണ് വേണ്ടത്.

ക്ഷേമനടപടികളിലും സേവനതുറയിലുമടക്കം ജനങ്ങളുമായി ബന്ധപ്പെടുന്ന സര്‍വതലങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ പടിപടിയായി കുറയ്ക്കുക എന്നത് ആഗോളവല്‍ക്കരണനയങ്ങളുടെ പ്രധാന അജന്‍ഡയാണ്. സ്വകാര്യമൂലധനത്തിന്റെ ഇടപെടലാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പൊതുവിതരണം തകര്‍ക്കുന്നതും വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും ആരോഗ്യരംഗം വാണിജ്യ ശക്തികള്‍ക്ക് വിട്ടുകൊടുക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ സ്വന്തം ചുമതലകളില്‍ നിന്ന് സര്‍ക്കാരിനെ മാറ്റിനിര്‍ത്താന്‍ ആസൂത്രിതശ്രമം നടത്തുന്നവര്‍ക്ക് സുശക്തമായ സിവില്‍സര്‍വീസ് അനാവശ്യമായി തോന്നുന്നു. ജനങ്ങളോടുള്ള പ്രാഥമികമായ ഉത്തരവാദിത്തം മറക്കുന്ന സര്‍ക്കാരിനു മാത്രമേ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താന്‍ തോന്നൂ. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം പ്രകടമായിത്തന്നെ ആ വഴിയിലാണ്. അധിക തസ്തിക "കണ്ടെത്തുന്ന"തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി അതിന്റെ ഭാഗമാണ്്. ഈ കമ്മിറ്റി നിലവില്‍വന്നതോടെ സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളിലെ നിയമനങ്ങളാകെ മരവിച്ചിരിക്കുന്നു. കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചാലേ ഇനി നിയമനം നടക്കൂ. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായ ഉടന്‍ കടന്നാക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെയാണ്. അന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതു മറികടക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ , തസ്തിക വെട്ടിക്കുറയ്ക്കല്‍ , നിയമനനിരോധം, ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കല്‍ , പത്തുശതമാനം ശമ്പളം തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെയുള്ള നടപടികളാണ് പരിഹാരമാര്‍ഗമെന്നും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് വിശദീകരിച്ച് ധവളപത്രമിറക്കുകയും "അധിക തസ്തിക" കണ്ടെത്താന്‍ അന്വേഷണം തുടങ്ങുകയും ചെയ്തു. വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കിട്ടുംമുമ്പുതന്നെ, സംസ്ഥാനത്ത് 60,000 തസ്തിക അധികമാണെന്നും അവ ഇല്ലാതാക്കേണ്ടതാണെന്നും ആസൂത്രണ ബോര്‍ഡ് പ്രഖ്യാപിച്ചു. പന്തീരായിരത്തോളം തസ്തിക വെട്ടിക്കുറയ്ക്കുന്നതിലേക്കാണ് ഇത് ചെന്നെത്തിയത്. ആവശ്യകതയുമായി തട്ടിച്ചുനോക്കാതെ തീര്‍ത്തും അനുചിതമായും അശാസ്ത്രീയമായും എടുത്ത ആ തീരുമാനം കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിന് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. അതുതന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

നവ ഉദാരവല്‍ക്കരണനയങ്ങള്‍ സര്‍ക്കാരിന്റെ ക്ഷേമനടപടികളെ നിരാകരിക്കുന്നതാണ്. ആ നയങ്ങളാണ് ഇവിടെയും പ്രതിനായകസ്ഥാനത്ത്. സമൂഹത്തിന്റെ ക്രമാനുഗത വളര്‍ച്ചയ്ക്ക് വിപുലവും സുസജ്ജവുമായ സിവില്‍ സര്‍വീസ് കൂടിയേ തീരൂ. അതു മനസ്സിലാക്കിയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആ അഞ്ചുകൊല്ലത്തില്‍ നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും പിന്‍വലിച്ചെന്ന് മാത്രമല്ല, 33,000 പുതിയ തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ഒന്നരലക്ഷം പേരെയാണ് പിഎസ്സി മുഖേന നിയമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപനത്തിന്റെ തുടര്‍ച്ച യുഡിഎഫില്‍നിന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ , തസ്തിക വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ചുറപ്പിച്ചുള്ള നീക്കം ചെറുക്കപ്പെട്ടേ മതിയാകൂ. സാങ്കേതികവിദ്യയുടെ കടന്നുവരവിന് അനുസരിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും ജനസേവനത്തിന്റെ തുറകള്‍ വിപുലപ്പെടുത്താനുമാണ് ശ്രമിക്കേണ്ടത്. കുറെ തസ്തിക മുന്‍പിന്‍നോക്കാതെ ഇല്ലാതാക്കി ചെലവുകുറയ്ക്കുക എന്ന എളുപ്പവഴി അങ്ങേയറ്റം ജനവിരുദ്ധമാണ്. കാലാനുസൃതമായ വിപുലീകരണമേ പാടുള്ളൂ. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലുള്‍പ്പെടെ സര്‍ക്കാരിന്റെ ശ്രദ്ധ കൂടുതല്‍ കടന്നുചെല്ലുകയും ജനങ്ങള്‍ക്ക് സേവനം ഉറപ്പുവരുത്തുകയും ചെയ്യുക സര്‍ക്കാരുകളുടെ അനിവാര്യ കടമയാണെന്നത് മറക്കരുത്. രാജ്യഭരണം ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ അതിന്റെ ഗുണഫലം ജനങ്ങളില്‍ എത്താനുള്ള സംവിധാനം വേണം. സര്‍ക്കാര്‍ ജീവനക്കാരില്ലാതെ യന്ത്രങ്ങള്‍ വച്ച് ചെയ്യാവുന്ന കാര്യമല്ല അത്. തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍നിന്ന് നിരുപാധികം പിന്മാറുന്നതിനൊപ്പം ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുകയും കാലാനുസൃതമായ ആവശ്യകതകള്‍ക്ക് അനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാരായാലും കേരള സര്‍ക്കാരായാലും ജീവനക്കാരുടെയും ജനങ്ങളുടെയും രോഷം നേരിടേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല.

deshabhimani editorial 310112

1 comment:

  1. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ തസ്തിക വെട്ടിക്കുറയ്ക്കലും നിയമനങ്ങള്‍ നടത്താതിരിക്കലും പതിവായിരിക്കുന്നു. മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സാമൂഹ്യ സുരക്ഷാമേഖലയിലെ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുമെന്നും ഭീഷണി ഉയര്‍ന്നിരിക്കുന്നു. സിവില്‍ സര്‍വീസില്‍ വേണ്ടതിലേറെ ആളുകളുണ്ട്; അതുകൊണ്ട് തസ്തിക വെട്ടിക്കുറയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടൊക്കെ പ്രത്യക്ഷമായിത്തന്നെ നിരത്തുന്ന ന്യായം. അതിന് സാധൂകരണം നല്‍കാന്‍ അവര്‍ ചില കണക്കും അവതരിപ്പിക്കുന്നു. അമേരിക്കയിലുള്ളതിന്റെ അഞ്ചുമടങ്ങ് സര്‍ക്കാര്‍ ജീവനക്കാര്‍ ജനസംഖ്യാനുപാതികമായി ഇന്ത്യയിലുണ്ടെന്നാണ് വാദം. ഇന്ത്യയില്‍ ഒരുലക്ഷം ജനങ്ങളെ സേവിക്കാന്‍ 16,228 സര്‍ക്കാരുദ്യോഗസ്ഥരുണ്ടെങ്കില്‍ അമേരിക്കയില്‍ ലക്ഷം ജനങ്ങള്‍ക്ക് 7618 ഉദ്യോഗസ്ഥരേ ഉള്ളൂ എന്നാണ് പറയുന്നത്. കഴിഞ്ഞദിവസം ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച കണക്കുകള്‍ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കുന്നവരില്‍ 44.81 ശതമാനവും റെയില്‍വേ ജീവനക്കാരാണ്. അങ്ങനെ വരുമ്പോള്‍ രാജ്യത്ത് ലക്ഷം പേര്‍ക്ക് 125 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരേ ഉള്ളൂ

    ReplyDelete