Sunday, January 29, 2012

സമുദായവിലാസത്തില്‍ ലീഗിന്റെ ഇ മെയില്‍

മുസ്‌ലിംലീഗ് ഭരണത്തിലുള്ളപ്പോള്‍ കേരളത്തില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ല'. മാറാട്, ഇ-മെയില്‍ വിവാദങ്ങളില്‍നിന്ന് പുറത്തുചാടാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തിനുശേഷം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു. മുസ്‌ലിംലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിം സമുദായം വേട്ടയാടപ്പെടുകയും ന്യൂനപക്ഷ വിരുദ്ധരെന്ന് ഇക്കൂട്ടര്‍ അട്ടഹസിക്കുന്ന ഇടതുപക്ഷ ഭരണകാലത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ജീവന്‍ നല്‍കുകയും ചെയ്ത വസ്തുതകള്‍ പാണക്കാട് തങ്ങള്‍ വിസ്മരിക്കാനിടയില്ല. സമുദായത്തിന്റെ പാര്‍ട്ടി ലീഗും നേതൃത്വം പാണക്കാട് കുടുംബവും നിയന്ത്രണം പി കെ കുഞ്ഞാലിക്കുട്ടിയുമെന്ന ഏച്ചുകൂട്ടിയ സമവാക്യത്തില്‍ ഒരുപാട് കാലം ഊതിവീര്‍പ്പിക്കാന്‍ പിന്നണിയില്‍ ആളുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഇ മെയില്‍ വിവാദത്തിലെ ലീഗിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാവുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ സമുദായത്തിന്റെ ആശങ്കമാറ്റാനും കൂടെ നില്‍ക്കാനും മുസ്‌ലിം ലീഗുണ്ടായിരുന്നില്ല. അധികാരത്തിന്റെ സുഖങ്ങള്‍ അനുഭവിക്കാനും കൊടിവെച്ച കാറുകള്‍ വീട്ടുമുറ്റത്ത് അലങ്കാരമാക്കാനും ലീഗിന് മടിയുണ്ടായില്ല. സംയമനമാണെന്ന് പുറമേ കാണിച്ച് തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ രഹസ്യമായി നടത്തിയ ശ്രമങ്ങളുടെ വിജയമാണ് കേരളത്തില്‍ എന്‍ ഡി എഫ് ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഇടയാക്കിയത്. ഇവക്ക് വിത്ത് പാകിയവര്‍തന്നെ ഇക്കാലമത്രയും ഇവരെ സംരക്ഷിച്ചുവെന്നതും പച്ചക്കൊടിക്കകത്ത് ഒളിപ്പിച്ചുവെക്കാന്‍ കഴിയാത്ത സത്യംതന്നെ.

മാറാട് കലാപങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ചരിത്രം ലീഗിനെ അനുവദിക്കില്ല. മാറാട്ടെ മണ്ണില്‍ കാലുകുത്താന്‍ കഴിയാതെ ലീഗ് മന്ത്രിക്ക് മടങ്ങേണ്ടി വന്നത് സമുദായം കൂടെനിന്നതുകൊണ്ടാണെന്ന് പറയാന്‍ കഴിയുമോ. മതത്തിന്റെ പേരില്‍ അന്യസമുദായക്കാരെ വേട്ടയാടാന്‍ കൂട്ടുനിന്നവരുടെ കുത്തിന് പിടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുങ്ങിയതിന്റെ സുചനയാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളം കണ്ടത്. ഇ മെയില്‍ വിവാദത്തില്‍നിന്ന് രക്ഷപ്പെടാനെന്ന് പുറമെ വരുത്തി മാറാട് രണ്ടാംകലാപത്തിന്റെ അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ട്് നേതാക്കള്‍ ഒത്തുചേര്‍ന്നത് ഇക്കാര്യത്തില്‍ ലീഗിന്റെ ആധിയും ഭയവും തെളിയിക്കുന്നതാണ്. ലീഗ് നേതാക്കള്‍ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നതിന്റെ സുചനകള്‍ പാര്‍ട്ടിയെ അലട്ടുന്നുണ്ട്. മാറാട് കലാപം നേതാക്കള്‍ ഒരുക്കിയ ആസൂത്രിത ആക്രമണമാണെന്ന് ലീഗ് ഉള്‍പ്പെടുന്ന യു ഡി എഫ് ഭരണകാലത്ത് തെളിയിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ലീഗ് ഭയപ്പെടുന്നുണ്ട്. ചൊല്‍പ്പടിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ മാറ്റി സ്വന്തം ആളുകളെ തിരുകിക്കയറ്റാനാണ് നീക്കം. പൊതുപ്രവര്‍ത്തനത്തിന്റെ മറവില്‍ അരാജകത്വം സൃഷ്ടിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അത് ലംഘിക്കാനുള്ള തിടുക്കമാണ് ലീഗും യു ഡി എഫും കാണിക്കുന്നത്

യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന മാറാട് കലാപങ്ങളില്‍ ലീഗ് നേതാക്കളുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മിഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ലീഗിന്റെ ഇപ്പോഴത്തെ നടപടികളും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രൗഢമായ പാരമ്പര്യമുള്ള മലബാറിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക അന്തരീക്ഷത്തില്‍ മാറാട് കലാപം ഉണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല. കലാപത്തിന്റെ കനല്‍ അണയുംമുമ്പ് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിജെപിയുടെ അന്നത്തെ നിയുക്ത പ്രസിഡന്റ് പി. ശ്രീധരന്‍പിള്ളയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസക്തമാവുകയാണ്. കലാപം ഉണ്ടാക്കാനും അണക്കാനും നടത്തിയ ചര്‍ച്ചകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.

ലീഗിന്റെ മതസൗഹാര്‍ദ്ദ സന്ദേശം മുന്‍കാലങ്ങളിലും കുപ്രസിദ്ധമാണ്. പാര്‍ട്ടി മുഖപത്രത്തിന്റെ ഒന്നാംപേജിലെ സൗഹാര്‍ദ്ദ അഭ്യര്‍ത്ഥനയല്ല നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ തെളിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബലത്തില്‍ പള്ളിയില്‍ കയറി നമസ്‌കരിക്കാന്‍ തുനിഞ്ഞ് സമുദായ സ്പര്‍ധ വളര്‍ത്തിയ കേന്ദ്രമന്ത്രിയുടെ തനിനിറം ഗുജറാത്ത് കലാപത്തിന്റെ പിറ്റെനാള്‍ മുതല്‍ നാം കണ്ടതാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്ര സഭാ ജനറല്‍ കൗണ്‍സിലില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നില്ലെന്ന് സ്ഥാപിക്കാന്‍ ലീഗ് നേതാവ് ഇ. അഹമ്മദ് തന്നെയാണ് ഇറങ്ങിത്തിരിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട കാസര്‍കോട് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച എം എ നിസാര്‍ കമ്മിഷനെ പിരിച്ചുവിട്ട ലീഗ് നടപടി സ്വന്തം അണികളെ പോലും അമ്പരപ്പിച്ചതാണ്. എല്ലാത്തിനും പുറമെ ഭരണത്തിലെ രണ്ടാമനും ലീഗിലെ ഒന്നാമനും ആയ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 30ന് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ പോവുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇ മെയില്‍ വിവാദം. മുസ്‌ലിം സംഘടനകള്‍ക്കെല്ലാം ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായമുണ്ട്. ലീഗില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിക്കും അഭിപ്രായമുണ്ട്, അതു പക്ഷെ ലീഗിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധവുമാണ്. മുസ്‌ലിം ഐക്യത്തിന്റെ നേതൃത്വം കയ്യാളാന്‍ മിനക്കെടുന്നതിനിടയില്‍ ഓരോന്നോരോന്നായി ലീഗിനെ തിരിഞ്ഞുകൊത്തുകയാണ്. സമൂഹ മധ്യത്തില്‍ യഥാര്‍ഥ ലീഗ് എന്താണെന്ന് തിരിച്ചറിയാന്‍ പോവുകയാണ്. ഇക്കാലമത്രയും സമുദായത്തിനുവേണ്ടി എന്തു ചെയ്തുവെന്ന് മാറാടും ഇ മെയില്‍ ചോര്‍ച്ചയും ഗുജറാത്ത് കലാപത്തിലെ നിലപാടും പാലക്കാട്ടെ സിറാജുന്നീസയും കാസര്‍കോട് നിസാര്‍ കമ്മിഷന്‍ പിരിച്ചുവിടലും സാദിഖലി തങ്ങളും ശ്രീധരന്‍പിള്ളയുമായുള്ള രഹസ്യ ചര്‍ച്ചയും നാദാപുരത്തെ ബോംബുകളും ഇതിനകം മനസ്സിലാക്കിത്തന്നു.

ലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ലെന്ന പാണക്കാട് തങ്ങളുടെ പ്രസ്താവനയും യാഥാര്‍ഥ്യവും തമ്മിലുള്ള ദൂരം കൂടുതലാണ്. ലീഗില്ലാത്ത ഏതുകാലത്താണ് സമുദായം വേട്ടയാടപ്പെട്ടത്. എന്തു ചരിത്രപിന്തുണയാണ് ഈ വാദം സാധൂകരിക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. ജനകീയ കോടതിയില്‍ സാങ്കേതികമായി വിജയിച്ചുവെന്ന് കരുതിയ കേസുകള്‍ ഹൈക്കോടതിയിലും മറ്റ് കോടതികളിലുമായി വിധി പറയാനിരിക്കുകയാണ്. ആ വിധികള്‍ സമുദായത്തെയല്ല ബാധിക്കുക, മറിച്ച് സമുദായത്തിന്റെ മറപിടിച്ച് സമൂഹത്തെ ദ്രോഹിച്ചവര്‍ക്കുള്ള ഗുണപാഠമാവും അതെന്ന് തീര്‍ച്ചയാണ്.

കുറിപ്പ്: മാധ്യമത്തിനെതിരെ കേസ്സെടുക്കണമെന്ന് ആര്യാടന്‍ പറയുമ്പോള്‍ ആ അമ്പ് കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമാണ്. ലീഗ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് പറയാതെ പറഞ്ഞിരിക്കയാണ് ആര്യാടന്‍

അഡ്വ. കെ കെ സമദ് janayugom 300112

1 comment:

  1. മാധ്യമത്തിനെതിരെ കേസ്സെടുക്കണമെന്ന് ആര്യാടന്‍ പറയുമ്പോള്‍ ആ അമ്പ് കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമാണ്. ലീഗ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് പറയാതെ പറഞ്ഞിരിക്കയാണ് ആര്യാടന്‍

    ReplyDelete