Saturday, January 28, 2012

കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി

സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തുടക്കം

സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ഒമ്പതുവരെ തുടരും. പ്രതിഭാ വന്ദനം, നാടകോത്സവം, കഥാപ്രസംഗം, ചലച്ചിത്രോത്സവം, സെമിനാറുകള്‍ , കവിസമ്മേളനം, അന്തര്‍ദേശീയ പുസ്തകോത്സവം, കലാപരിപാടികള്‍ , കാവ്യ ചിത്രപ്രദര്‍ശനം എന്നിവ ഇതിനോടനുബന്ധിച്ച് നടക്കും. ജ്യോതിബസുനഗര്‍ (വിജെടി ഹാള്‍), എം കെ പന്ഥെനഗര്‍ (പുത്തരിക്കണ്ടം മൈതാനം), നായനാര്‍പാര്‍ക്ക്, ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലെ വേദികളിലാണ് പരിപാടികള്‍ .

ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍നടക്കുന്ന പ്രതിഭാ വന്ദനം വൈകുണ്ഠസ്വാമി സ്മാരക പ്രഭാഷണം നിര്‍വഹിച്ച് പി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്യും. മുന്‍ എംപി പി വിശ്വംഭരന്‍ അധ്യക്ഷനാകും. അദ്ദേഹം അയ്യന്‍കാളിസ്മാരക പ്രഭാഷണം നടത്തും. സുനില്‍ പി ഇളയിടം, ശ്രീനാരായണഗുരുവിനെയും ഡോ. പുതുശ്ശേരിരാമചന്ദ്രന്‍ , ചട്ടമ്പിസ്വാമികളെയും റോസ്കോട്ട്കൃഷ്ണപിള്ള, ബാരിസ്റ്റര്‍ ജി പി പിള്ളയെയും അനുസ്മരിച്ച് സംസാരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ , കലാപരിപാടി സബ് കമ്മിറ്റി ചെയര്‍മാന്‍ പിരപ്പന്‍കോട് മുരളി, ജനറല്‍കണ്‍വീനര്‍ പ്രൊഫ. വി എന്‍ മുരളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന പ്രതിഭാ വന്ദനം സ്വദേശാഭിമാനി പ്രഭാഷണം നിര്‍വഹിച്ച് ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്യും. ഡോ. എന്‍ എ കരീം വക്കം മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സെബാസ്റ്റ്യന്‍പോള്‍ കേസരിബാലകൃഷ്ണപിള്ളയെയും പ്രൊഫ. ബി രാജീവന്‍ , സി വി രാമന്‍പിള്ളയെയും ഡോ. എം എം ബഷീര്‍ മഹാകവി കുമാരനാശാനെയും അനുസ്മരിക്കും. ശതാബ്ദി പ്രഭാഷണം ഒന്‍പതിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കും. പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്യും. തകഴി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. ഡോ. കെ പി മോഹനന്‍ പൊന്‍കുന്നം വര്‍ക്കിയെയും പ്രഭാവര്‍മ ചങ്ങമ്പുഴയെയും ഡോ. പി സോമന്‍ വൈലോപ്പിള്ളിയെയും പ്രൊഫ. സൂജാ സൂസന്‍ജോര്‍ജ് ലളിതാംബിക അന്തര്‍ജനത്തെയും അനുസ്മരിക്കും.

പുത്തരിക്കണ്ടം മൈതാനത്ത് കലാപരിപാടികള്‍ ഒന്നിന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് മാര്‍ഗി കൃഷ്ണദാസും സംഘവും തായമ്പക അവതരിപ്പിക്കും. രാത്രി ഏഴുമുതല്‍ സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . രണ്ടിനും മൂന്നിനും സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . നാലിന് വൈകിട്ട് ഏഴിന് കലാമണ്ഡലം രാജിയും ദര്‍ശനയും സംഘവും ചങ്ങമ്പുഴക്കവിതകളുടെ നൃത്താവിഷ്കാരം നടത്തും. അഞ്ചിന് വൈകിട്ട് ആറിന് വനിതാ സാഹിതി അവതരിപ്പിക്കുന്ന കണ്‍ചിമ്മാതെ ലഘുനാടകം. രാത്രി ഏഴിന് കരിവെള്ളൂര്‍ മുരളി രചിച്ച അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകം രജിതാമധു അവതരിപ്പിക്കും. രാത്രി ഏട്ടിന് വൈലോപ്പിള്ളിക്കവിതയെ ആസ്പദമാക്കി കോഴിക്കോട് ഗാഥാ തിയറ്റര്‍ ഗ്രൂപ്പിന്റെ പരിപാടി. ആറിന് ഒ എന്‍ വി കവിതകളെ ആസ്പദമാക്കി കലാമണ്ഡലം ലീലാമ്മയുടെയും സംഘത്തിന്റെയും നൃത്തപരിപാടി. ഏഴിന് രാത്രി ഏഴിന് കൈരളി ചാനല്‍ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. എട്ടിന് രാത്രി ഏഴിന് ഡോ.നീനാപ്രസാദും സംഘവും നൃത്തപരിപാടികള്‍ അവതരിപ്പിക്കും. ഒന്‍പതിന് രാത്രി ഏഴിന് തൃശൂര്‍ ജനനയനയുടെ കലാപരിപാടികള്‍ അരങ്ങേറും.

ആഗോളവല്‍ക്കരണകാലത്തെ കലയും സാഹിത്യവും സെമിനാര്‍ ആറിന് പകല്‍ രണ്ടിന് വിജെടി ഹാളില്‍ പ്രൊഫ. കെ സച്ചിദാനന്ദന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് കവി സമ്മേളനം ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനംചെയ്യും. എട്ടിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കുന്ന പുരോഗമന സാഹിത്യ പ്രസ്ഥാനവും മലയാള സാഹിത്യവും സെമിനാര്‍ ഒഎന്‍വി കുറുപ്പ് ഉദ്ഘാടനംചെയ്യും. ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്‍പതുവരെ പുത്തരിക്കണ്ടം മൈതാനത്ത് ചിന്താ പബ്ലിഷേഴ്സ് അന്തര്‍ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ വിജെടി ഹാളില്‍ കവി ശരത്്ചന്ദ്രലാലിന്റെ കാവ്യചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.

സമരസ്മൃതികളിലേക്ക് പുത്തരി"ക്കണ്ടം" വഴികാട്ടും

ഒരു കോണില്‍ പുത്തരിക്കണ്ടം വീണ്ടും "കണ്ട"മായി. ഉഴുതുമറിച്ച മണ്ണില്‍ നേമത്തു നിന്നെത്തിയ കര്‍ഷക തൊഴിലാളികള്‍ ഞാറുനട്ടു. വയലേലകളിലെ പോര്‍വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ചരിത്രം കാണാന്‍ ഈ കണ്ടത്തിന്റെ ഓരത്തുകൂടി വേണം പോകാന്‍ . ചേറുമണമടിക്കുന്ന കാറ്റില്‍ ഉലയുന്ന നെല്‍ച്ചെടികള്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശന നഗരിയിലേക്കു വഴികാട്ടും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നെല്‍പ്പാടമായിരുന്ന പുത്തരിക്കണ്ടത്തേക്ക് നേമത്തുനിന്ന് കൊണ്ടുവന്ന ഞാറ് ദിവസങ്ങള്‍ക്കകം വളര്‍ന്ന് പാകമാകും. ഇതിനോടു ചേര്‍ന്ന് ഈറ കീറി കുട്ടയും വട്ടിയും പണിതെടുക്കുന്ന തൊഴിലാളികളുടെ കുടില്‍ മാതൃക ഉയരും. മതില്‍ ചാടി മുടവന്‍മുഗളിലെ സമരഭൂമിയില്‍ പ്രവേശിക്കുന്ന എ കെ ജിയുടെ ചിത്രവും തൊട്ടടുത്ത് സ്ഥാപിക്കുന്നതോടെ കാര്‍ഷികസമരങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മകളിലാകും പുത്തരിക്കണ്ടം. മണ്ണിന്റെ മക്കളുടെ അവകാശപ്പോരാട്ടത്തിലൂടെ പിറവികൊണ്ട കേരളത്തിന്റെ ചരിത്രം പ്രദര്‍ശനത്തില്‍ അനാവൃതമാകും. പ്രദര്‍ശന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി.

തിങ്കളാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പ്രദര്‍ശനനഗരിയുടെ ഒരുക്കങ്ങള്‍ സജീവമായി മുന്നേറുകയാണ്. നെല്‍പ്പാടത്തിന്റെ ഹരിതാഭയ്ക്ക് എതിര്‍വശത്ത് മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. സ്റ്റേജിന്റെയും പ്രദര്‍ശനഹാളിന്റെയും നിര്‍മാണത്തിനൊപ്പമാണ് നഗരിയുടെ മുന്‍ഭാഗം അലങ്കരിക്കുന്നത്. ഫെബ്രുവരി 10 വരെ നീളുന്ന പ്രദര്‍ശനത്തില്‍ സമരകേരളത്തെ ആവിഷ്കരിക്കുന്ന ഫോട്ടോകളും വരകളും വര്‍ണങ്ങളും നിറയും. ഇതോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.

ഉദാരവല്‍ക്കരണം മാധ്യമശൈലിയെയും സ്വാധീനിക്കുന്നു: വൈക്കം വിശ്വന്‍

ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ മാധ്യമ ശൈലിയെയും ബാധിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴക്കൂട്ടത്ത് സംഘടിപ്പിച്ച "മാധ്യമങ്ങളുടെ രാഷ്ട്രീയം" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി പല മാധ്യമങ്ങളിലും വാര്‍ത്ത കൈകാര്യംചെയ്യുന്നതില്‍ വലിയ മാറ്റമുണ്ടാകുന്നു. കോര്‍പറേറ്റുകള്‍ പല പത്ര- ദൃശ്യ മാധ്യമങ്ങളുടെയും ഓഹരി വാങ്ങിക്കൂട്ടുന്നു. രാജ്യത്തെ അമ്പതുകോടിയോളം ജനങ്ങള്‍ മാധ്യമങ്ങളുടെ അഭിപ്രായംമാത്രം ആരാഞ്ഞ് ജീവിക്കുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ജനതയെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് മാധ്യമങ്ങളെ ഉപയോഗിക്കാനാകും. ഒരുകാലത്ത് ഇറാഖിനെ വാഴ്ത്തിയത് മാധ്യമങ്ങളാണ്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കായി ഒരുവിഭാഗം മാധ്യമങ്ങള്‍ ഇറാഖില്‍ ആയുധംവരെ ഉണ്ടെന്നുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. യുദ്ധം കഴിഞ്ഞശേഷം ആ വാര്‍ത്തകളൊക്കെ കള്ളമാണെന്ന് തെളിഞ്ഞു. ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കും അവരുടേതായ രാഷ്ട്രീയചിന്താഗതികള്‍ ഉണ്ടെന്നാണ്. കോര്‍പറേറ്റുകളെ തൂത്തെറിഞ്ഞ് ഒരു പുതുപുത്തന്‍ ബദല്‍ മാധ്യമനയം ഉണ്ടാകേണ്ട കാലഘട്ടം അടുത്തിരിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ദേശാഭിമാനി ചീഫ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍ എസ് ബാബു അധ്യക്ഷനായി. മാധ്യമങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വാക്കുകള്‍കൊണ്ട് എഴുതി പോരാടിയ വ്യക്തിയാണ് ഡോ. സുകുമാര്‍ അഴീക്കോടെന്ന് ആര്‍ എസ് ബാബു പറഞ്ഞു. സര്‍ക്കാരിന്റെ പൊള്ളത്തരം "ഇ-മെയില്‍" പ്രശ്നത്തിലൂടെ തുറന്നുകാട്ടിയ മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ എന്തിനാണ് കേസെടുക്കുന്നതെന്ന് ഭരണാധികാരികള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വമ്പന്‍ മാധ്യമങ്ങള്‍ വര്‍ഗീയവാദികളുടെയും കള്ളരാഷ്ട്രീയക്കാരുടെയും നിയന്ത്രണത്തിലാണെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പറഞ്ഞു. സ്ത്രീയെ ചരക്കുവല്‍ക്കരിക്കുകയെന്ന നയമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക എല്‍ സുകന്യ പറഞ്ഞു. ഇന്ന് ലോകത്തെ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന ഒന്നായി മാധ്യമങ്ങള്‍ മാറികഴിഞ്ഞുവെന്നും അവയാണ് ജീവിതമാറ്റത്തിന് നാന്ദി കുറിക്കുകയെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നും മാധ്യമപ്രവര്‍ത്തന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.

സഹകരണമേഖല തകര്‍ക്കാനുള്ള നീക്കം ചെറുക്കും: എം വി ഗോവിന്ദന്‍

മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കകത്തെ മാനുഷികമുഖമാണ് സഹകരണമേഖലയെന്നും വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സഹകരണരംഗം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോളവല്‍ക്കരണത്തിനെതിരെയുള്ള രക്ഷാകവചങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ . സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നേമം ഏരിയകമ്മിറ്റി പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടും സഹകരണമേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍ .

ഇന്ത്യയില്‍ നടപ്പാക്കുന്നത് സമ്മിശ്രസമ്പദ്വ്യവസ്ഥയെന്നത് തെറ്റാണ്. മുതലാളിത്തത്തിനകത്തെ മാനുഷികമുഖമാണ് സഹകരണമേഖല. സഹകരണമേഖലയില്‍ നടപ്പാക്കുന്നത് ഒരര്‍ഥത്തില്‍ മുതലാളിത്തമെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ജനകീയഇടപെടലുകളാണ്. 1930കളില്‍ മുതലാളിത്തത്തിനുണ്ടായ പ്രതിസന്ധി മഹാമാന്ദ്യത്തിനിടയാക്കി. അസമത്വത്തില്‍നിന്ന് സമത്വത്തിലേക്കുള്ള പോരാട്ടമാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം. സഹകരണരംഗം സമത്വത്തിനുവേണ്ടി സാമ്പത്തിക സംതുലനത്തിനുവേണ്ടി നിലകൊള്ളുന്നു. മുതലാളിത്ത ഉല്‍പ്പാദനവിതരണഘടനയിലെ പ്രശ്നപരിഹാരത്തിനുള്ള ബദല്‍ മാര്‍ക്സിസം മാത്രമാണെന്ന് ഉറക്കെയുള്ള വിളിയാണ് വാള്‍സ്ട്രീറ്റില്‍ കേട്ടത്. 13.50 കോടിയുടെ പ്രോജക്ട് ലക്ഷ്യംവച്ച് ഊഹക്കച്ചവടത്തിന് സൗകര്യമൊരുക്കുന്ന വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സഹകരണരംഗത്തിന്റെ മാനുഷികമുഖം തകര്‍ക്കാനും ഇടതുപക്ഷനിലപാടുകള്‍ അട്ടിമറിക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും ശ്രമിക്കുന്നത്. ഇതിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സഹകാരികസമൂഹവും പൗരസമൂഹവും തയ്യാറാകണമെന്ന് എം വി ഗോവിന്ദന്‍ ആഹ്വാനംചെയ്തു.

കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി

മതമൗലിക പിന്തിരിപ്പന്‍ശക്തികള്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നല്‍കുന്ന സമീപനമാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രൊഫ. നൈനാന്‍ കോശി പറഞ്ഞു. മതമൗലികവാദികളുടെ സങ്കുചിതവാദത്തിന് പ്രോത്സാഹനം നല്‍കുകവഴി രാജ്യത്തിന്റെ മതേതര അടിത്തറയാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ഏരിയയിലെ പാങ്ങോട്ട് സംഘടിപ്പിച്ച "മതം മതനിരപേക്ഷത മതേതരത്വം" എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു നൈനാന്‍ കോശി.

ജയ്പുര്‍ സാഹിത്യോത്സവത്തിന് ഇന്ത്യയിലേക്ക് വരാനിരുന്ന സാല്‍മാന്‍ റുഷ്ദിയുടെ സന്ദര്‍ശനം തടയുന്നതിനായി മതമൗലികവാദികള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ഇന്ത്യയുടെ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. നെഹ്റുവിന്റെ കാലത്ത് ജാതിമതഭേദമെന്യേ വളര്‍ത്തിയെടുത്ത ദേശീയത തുടര്‍ന്ന് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഹിന്ദു വര്‍ഗീയവാദികളും സങ്കുചിതദേശീയതയായി വളര്‍ത്തി. രാജ്യത്ത് മതനിരപേക്ഷതയുടെ വ്യാഖ്യാനം സഹിഷ്ണുതയാണെന്ന തെറ്റായ ന്യായീകരണവും അവര്‍ നല്‍കി.

1991ല്‍ പുത്തന്‍ സാമ്പത്തികനയം സ്വീകരിച്ചതോടെ രാജ്യത്തെ സാമൂഹ്യനീതിയും തകര്‍ത്തെറിഞ്ഞെന്ന് നൈനാന്‍കോശി പറഞ്ഞു. വര്‍ഗീയത അധികാരത്തിന്റെയും സമ്പത്തിന്റെയും പക്ഷത്താണെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ പറഞ്ഞു. ആത്മീയത കപട ആത്മീയതയിലേക്കാണ് വഴിമാറുന്നത്. കര്‍ണാടകത്തില്‍ വയോവൃദ്ധനായ ശങ്കരരാമനെ കൊലപ്പെടുത്തിയ അന്വേഷണം കാഞ്ചികാമകോടിയിലേക്ക് തിരിഞ്ഞതോടെ പാവപ്പെട്ട ശങ്കരരാമന്റെ കുടുബത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു സമുദായപ്രമാണിമാരും ഉണ്ടായില്ല. സിസ്റ്റര്‍ അഭയ കേസിലും കോഴിക്കോട്ടെ റജീനയുടെ കേസിലും സ്ഥിതി മറിച്ചല്ല സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതശക്തികളെ മുതലാളിത്തം തങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പിനെ തടയിടാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുകയാണെന്ന് പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. സമുദായത്തിലെ സാധാരണക്കാരുടെ വേദനയും പ്രശ്നങ്ങളും പരിഹരിക്കാന്‍ ഒരു സംഘടനയും രംഗത്തുവരില്ല. അതേസമയം, പ്രമാണിമാരുടെ സ്വാര്‍ഥതാല്‍പ്പര്യം സംരക്ഷിക്കാന്‍ സമുദായക്കാര്‍ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

deshabhimani 280112

1 comment:

  1. മതമൗലിക പിന്തിരിപ്പന്‍ശക്തികള്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നല്‍കുന്ന സമീപനമാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രൊഫ. നൈനാന്‍ കോശി പറഞ്ഞു. മതമൗലികവാദികളുടെ സങ്കുചിതവാദത്തിന് പ്രോത്സാഹനം നല്‍കുകവഴി രാജ്യത്തിന്റെ മതേതര അടിത്തറയാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ഏരിയയിലെ പാങ്ങോട്ട് സംഘടിപ്പിച്ച "മതം മതനിരപേക്ഷത മതേതരത്വം" എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു നൈനാന്‍ കോശി.

    ReplyDelete