Tuesday, January 31, 2012

പാടിയുണര്‍ത്തിയ കവിതകളും കാത് കൂര്‍പ്പിച്ച തെരുവുകളും...

പാളയത്തെ പഴക്കച്ചവടക്കാര്‍ക്കു വേണ്ടി, ഓട്ടോ തൊഴിലാഴികള്‍ക്കു വേണ്ടി, വഴിയോര തുണിക്കച്ചവടക്കാര്‍ക്കു വേണ്ടി കവികള്‍ പാടി. നമ്മുടെ മലയാളത്തെക്കുറിച്ചും കാടിനെക്കുറിച്ചും കര്‍ഷക-കീഴാള ജീവിതത്തെ കുറിച്ചുമുള്ള പാട്ടുകള്‍ക്ക് കാതു കൂര്‍പ്പിച്ചുനിന്നവര്‍ സംഗീതമിട്ടു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളായണിയില്‍ തുടങ്ങിയ കാവ്യവിളംബര ജാഥ മരപ്പാലത്ത് അവസാനിച്ചു. തിങ്കളാഴ്ച പാളയം മാര്‍ക്കറ്റില്‍നിന്നാണ് തുടങ്ങിയത്. ഉച്ചയ്ക്ക് വാഴോട്ടുകോണത്തും പരിപാടി അവതരിപ്പിച്ചു.

ജനപക്ഷത്ത് നില്‍ക്കുന്ന കവികള്‍ക്ക് കേരളസംസ്കാരം രൂപപ്പെടുത്തിയതില്‍ പ്രധാനപങ്കുണ്ടെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ സമാപനപരിപാടിയില്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടു ദിവസങ്ങളിലായി നടന്ന കാവ്യവിളംബര ജാഥ 40 കേന്ദ്രങ്ങള്‍ പിന്നിട്ടു. പങ്കെടുത്തത് 100ലേറെ കവികള്‍ . പാടിയ കവിതകള്‍ 200ലേറെ. മല്‍സ്യത്തൊഴിലാളികള്‍ , കര്‍ഷകര്‍ , കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ പരിഛേദം കാവ്യവിളംബര ജാഥയില്‍ ശ്രോതാക്കളായി. "ഞങ്ങളുടെ കവിത വിളംബര തോരണം" ആണെന്ന് ഡി വിനയചന്ദ്രന്‍ പാളയത്ത് പറഞ്ഞു. "തമ്പുരാക്കന്‍മാരുടെ കാലം തിരിച്ചു വരാതിരിക്കാന്‍ നമുക്ക് ചെങ്കൊടിത്തണലില്‍ അണിചേരാ"മെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പാടി. സി എസ് രാജേഷ്, പ്രൊഫ. ടി ഗിരിജ, പി എന്‍ സരസമ്മ, പ്രസീത, ബിജു ബാലകൃഷ്ണന്‍ , വിനോദ് വെള്ളായണി, ഷിജുഖാന്‍ എന്നിവരും കവിതകള്‍ പാടി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ , സെക്രട്ടറി വിനോദ് വൈശാഖി, സിപിഐ എം ജില്ലാകമ്മിറ്റി അംഗം കരമന ഹരി, ആര്‍ ശ്രീകണ്ഠന്‍ , കെ പി രണദിവെ, ചന്ദ്രബോസ്, ആമച്ചല്‍ രവി എന്നിവര്‍ കാവ്യവിളംബരജാഥയ്ക്ക് നേതൃത്വം നല്‍കി.

ഗൃഹാതുരത്വം പങ്കുവച്ച് കാവ്യവിളംബര സംഘം

നെടുമങ്ങാട്: മണ്‍മറഞ്ഞ തനിമയുടെ ഗൃഹാതുരത്വം പങ്കുവച്ചും നന്മകള്‍ തച്ചുടയ്ക്കുന്നവര്‍ക്കു മുന്നില്‍ ഇടിമുഴക്കമായ ഈരടിയുടെ ഓര്‍മ പുതുക്കിയും കാവ്യവിളംബരസംഘം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാവ്യജാഥ നടക്കുന്നത്. ഞായറാഴ്ച നെടുമങ്ങാട്ടെ തെക്കന്‍ മലയോരപ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര തിങ്കളാഴ്ച പേരൂര്‍ക്കട ഏരിയയിലെ പര്യടനത്തോടെ സമാപിക്കും.

സിപിഐ എം സമ്മേളനത്തിന്റെ സാംസ്കാരിക പ്രസക്തി വിളംബരം ചെയ്തും ഗ്രാമീണ സന്ധ്യകളെ കവിതാശകലങ്ങളാല്‍ തൊട്ടുണര്‍ത്തിയും ഏഴുദിവസമായി തുടരുന്ന പ്രയാണം ജില്ലയിലെ നഗര-ഗ്രാമവാസികള്‍ക്ക് പുത്തന്‍ അനുഭവമാണ്. 23നു വെള്ളായണിയില്‍ നിന്നു പുറപ്പെട്ട കാവ്യവിളംബരസംഘം ഞായറാഴ്ച നെടുമങ്ങാട്ടെ തെക്കന്‍ മലയോരഗ്രാമങ്ങളില്‍ പ്രയാണം നടത്തി. പകല്‍ മൂന്നിന് പൂവത്തൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച് നെടുമങ്ങാട് കച്ചേരിനടയില്‍ സമാപിച്ചു. "കടയില്‍ നിന്നു വരുമ്പോളച്ഛാ നീളം കൂടിയ നെല്‍ത്തണ്ടൊന്ന് മറക്കാതെ കൊണ്ടുവരണം"എന്ന ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മപ്പെടുത്തല്‍ വിനോദ് വൈശാഖി താളമിട്ട് ചൊല്ലുമ്പോള്‍ കൂടെച്ചൊല്ലിയത് കര്‍ഷകത്തൊഴിലാളികളും നാട്ടുകാരുമായിരുന്നു. "മുലപ്പാലുതേച്ച ചിരിച്ചന്തമൂറ്റി കുരുന്നിന്റെ വായില്‍ വിഷം തേക്കുന്ന" റിയാലിറ്റി സമൂഹത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ ഓര്‍മപ്പെടുത്തിയ കൃഷ്ണന്‍കുട്ടി മടവൂരിന് ഗ്രാമീണര്‍ സമ്മാനമായി നല്‍കിയത് ഉള്ളുണര്‍ന്ന ഹസ്തദാനം. ഒന്നിനും സമയമില്ലെന്നു പരിതപിക്കുന്ന കുഞ്ഞനന്തന് തീയിലകപ്പെട്ട അമ്മയെയും അച്ഛനെയും രക്ഷിക്കാനും സമയമില്ല. മദ്യത്തിന് ക്യൂ നില്‍ക്കാനും മദ്യലഹരിയില്‍ പകല്‍ മുഴുവന്‍ ബോധംകെടാനും സമയം കണ്ടെത്തുന്നു. ബാബു പാക്കനാരുടെ ആക്ഷേപഹാസ്യം തെക്കന്‍ മലയോരവാസികള്‍ക്ക് നവ്യാനുഭവമായി.

deshabhimani 310112

1 comment:

  1. പാളയത്തെ പഴക്കച്ചവടക്കാര്‍ക്കു വേണ്ടി, ഓട്ടോ തൊഴിലാഴികള്‍ക്കു വേണ്ടി, വഴിയോര തുണിക്കച്ചവടക്കാര്‍ക്കു വേണ്ടി കവികള്‍ പാടി. നമ്മുടെ മലയാളത്തെക്കുറിച്ചും കാടിനെക്കുറിച്ചും കര്‍ഷക-കീഴാള ജീവിതത്തെ കുറിച്ചുമുള്ള പാട്ടുകള്‍ക്ക് കാതു കൂര്‍പ്പിച്ചുനിന്നവര്‍ സംഗീതമിട്ടു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളായണിയില്‍ തുടങ്ങിയ കാവ്യവിളംബര ജാഥ മരപ്പാലത്ത് അവസാനിച്ചു. തിങ്കളാഴ്ച പാളയം മാര്‍ക്കറ്റില്‍നിന്നാണ് തുടങ്ങിയത്. ഉച്ചയ്ക്ക് വാഴോട്ടുകോണത്തും പരിപാടി അവതരിപ്പിച്ചു.

    ReplyDelete