Tuesday, January 31, 2012

സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്പി, ജനകീയ കളക്ടര്‍


കൊച്ചി: സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും മുന്‍  എറണാകുളം ജില്ലാ കലക്ടറുമായ കെ ആര്‍ രാജന്‍ അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.30നായിരുന്നു. മൃതദേഹം ഇന്ന്  രാവിലെ ഒമ്പതു മുതല്‍ പുല്ലേപ്പടി അഡ്വ. ഈശ്വരയ്യര്‍ റോഡിലുള്ള വസതിയായ രാജ്‌വില്ലയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. ശ്യാമളാദേവിയാണ് ഭാര്യ. ഏകമകള്‍: നിതാ രാജന്‍. (ദോഹ). മരുമകന്‍: അഭിലാഷ് (എച്ച് എസ് ബി സി ബാങ്ക്, ദോഹ).

പത്തനംതിട്ട തലച്ചിറ കൊച്ചുമുറിയില്‍ കെ കെ കുഞ്ഞിരാമന്റെയും വി ആര്‍ കാര്‍ത്ത്യായനിയുടെയും മകനായ രാജന്‍ കൊല്ലം എസ് എന്‍ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെത്തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളജില്‍ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി. തുടര്‍ന്നാണ് ഫോര്‍ട്ട്‌കൊച്ചി ആര്‍ ഡി ഒ ആയി ചുമതലയേല്‍ക്കുന്നത്. 1981 ജൂണ്‍ 10 മുതല്‍ 82 ഫെബ്രുവരി 3 വരെയും 87 ജൂലൈ 27 മുതല്‍ 91 സെപ്റ്റംബര്‍ 2 വരെയും രണ്ട് തവണയായി അഞ്ച് വര്‍ഷത്തോളം അദ്ദേഹം എറണാകുളം ജില്ലാ കലക്ടറായിരുന്നു. ഈ പദവിയില്‍ കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ചതും അദ്ദേഹം തന്നെ. കെ ആര്‍ രാജന്‍ കലക്ടറായിരുന്ന കാലയളവിലാണ് എറണാകുളം ജില്ല സമ്പൂര്‍ണ സാക്ഷരതാ നേട്ടം കൈവരിച്ചത്. ജില്ലയ്ക്കായി പല വികസന പദ്ധതികളും അദ്ദേഹം രൂപകല്‍പ്പന ചെയ്തു. കലക്ടറേറ്റ് കാക്കനാട് സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റിയതും കെ ആര്‍ രാജന്റെ കാലത്താണ്

സി പി ഐ നേതാവ് എന്‍ ഇ ബലറാം മന്ത്രിയായപ്പോള്‍  അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ കെ ആര്‍ രാജന്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സമര്‍ത്ഥനായിരുന്നു. അദ്ദേഹത്തിന്റെ സവിശേഷമായ കഴിവുകള്‍ കണ്ടറിഞ്ഞ എം എന്‍ ഗോവിന്ദന്‍ നായര്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായപ്പോള്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയായും രാജനെ നിയമിച്ചു. ലക്ഷം വീട് പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ രാജന്റെ പങ്ക് വളരെ വലുതാണ്. ടി വി തോമസ് വ്യവസായ മന്ത്രിയായപ്പോള്‍ വകുപ്പിലെ സുപ്രധാന പദവികളില്‍ രാജനെ നിയമിച്ചിരുന്നു. പി കെ വി വ്യവസായ മന്ത്രിയായപ്പോഴും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് രാജനെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രാജന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

1978ല്‍ ഐ എ എസ് സെലക്ഷന്‍ ലഭിച്ച രാജന്റെ ആദ്യ കലക്ടര്‍ നിയമനം എറണാകുളത്തായിരുന്നു. സി പി ഐ ചായ്‌വുള്ളയാള്‍ എന്ന കാരണം പറഞ്ഞ് കരുണാകരന്‍ മന്ത്രിസഭ വൈകാതെ സ്ഥലം മാറ്റി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും കലക്ടറായി മടങ്ങിയെത്തി.

എറണാകുളത്തെ  സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച കലക്ടറായിരുന്നു അദ്ദേഹം. ജില്ലയെമ്പാടും രാപ്പകല്‍ സഞ്ചരിച്ചാണ് അദ്ദേഹം സാക്ഷരതാ ക്ലാസുകള്‍ സജീവമാക്കിയത്. പല ദേശീയാംഗീകാരങ്ങളും അക്കാലയളവില്‍ അദ്ദേഹത്തെ തേടിയെത്തി.

വ്യവസായ ഡയറക്ടര്‍, ടെല്‍ക് സിഎംഡി, സിഡ്‌കോ എം ഡി,  മാര്‍ക്കറ്റ് ഫെഡ് എം ഡി, ഗുരുദേവ ട്രസ്റ്റിന്റെയും എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെയും ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപകാംഗമായ കെ ആര്‍ രാജന്‍ വ്യവസായ-ശാസ്ത്രസംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'കേരളത്തിലെ വ്യവസായങ്ങള്‍' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായി.

കെ കെ രാജുക്കുട്ടി (എക്‌സ് സര്‍വീസ്), പരേതയായ സതീഭായ്, സുമാംഗി (റിട്ട. കെ എസ് ഇ ബി എക്‌സി. എഞ്ചിനിയര്‍), സുജാത (ഫെഡറല്‍ ബാങ്ക് ബ്രോഡ്‌വേ, എറണാകുളം) എന്നിവര്‍ സഹോദരങ്ങളാണ്. കെ ആര്‍ രാജന്റെ നിര്യാണത്തില്‍ മുന്‍മന്ത്രിയും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അനുശോചിച്ചു.

deshabhimani/janayugom

1 comment:

  1. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും മുന്‍ എറണാകുളം ജില്ലാ കലക്ടറുമായ കെ ആര്‍ രാജന്‍ അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളത്തെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച കലക്ടറായിരുന്നു അദ്ദേഹം. ജില്ലയെമ്പാടും രാപ്പകല്‍ സഞ്ചരിച്ചാണ് അദ്ദേഹം സാക്ഷരതാ ക്ലാസുകള്‍ സജീവമാക്കിയത്. പല ദേശീയാംഗീകാരങ്ങളും അക്കാലയളവില്‍ അദ്ദേഹത്തെ തേടിയെത്തി.

    ReplyDelete