Sunday, January 29, 2012

കുടുംബശ്രീ തകര്‍ക്കുന്നതിന് മുന്നറിയിപ്പായി മഹിളാ മാര്‍ച്ച്


കണ്ണൂര്‍ : കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഫണ്ട് വെട്ടിക്കുറച്ചും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചും യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 150 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ബജറ്റില്‍ യുഡിഎഫ് 45 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 20 കോടി രൂപയാണ് കൈമാറിയത്. ഇപ്പോള്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നത് മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തിയിരുന്ന സ്വയം സഹായ സംരംഭങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇതിന് കെഎഫ്സിയെ ചുമതലപ്പെടുത്തി. കുടുംബശ്രീയെ ഒഴിവാക്കി ജനശ്രീയെ ഉപയോഗിച്ച് പദ്ധതി നടത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. മൈക്രോസംരംഭം വഴി ആയിരക്കണക്കിന് സ്ത്രീകള്‍ തൊഴില്‍ നേടിയിരുന്നത് ബാങ്ക് വായ്പയെടുത്താണ്. സബ്സിഡികളും വെട്ടിക്കുറക്കുകയാണ്.

സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു. സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ലീല അധ്യക്ഷയായി. എന്‍ സുകന്യ, എം ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. എം വി സരള സ്വാഗതം പറഞ്ഞു.


പുതുപ്പാടിയില്‍ സിഡിഎസ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പാടി: പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഭരണനേതൃത്വത്തിന് കനത്ത തിരിച്ചടി. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ തടഞ്ഞ യുഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തില്‍ മൂന്ന് ദിവസമായി പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ അനിശ്ചിതകാല ഉപരോധം ഇതോടെ അവസാനിപ്പിച്ചു.

സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റോസി പൗലോസും വൈസ് ചെയര്‍പേഴ്സണായ യു പി ഹേമലതയും ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരിയായ കൊടുവള്ളി ബ്ലോക്ക്പഞ്ചായത്ത് വനിതാ ക്ഷേമവികസന ഓഫീസര്‍ ശ്രീലത സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ തങ്ങളുടെ ഇഷ്ടക്കാരെ സിഡിഎസ് ഭാരവാഹികളാക്കാന്‍ അനാവശ്യ വിവാദമുണ്ടാക്കിയ യുഡിഎഫ് നേതൃത്വം നാണംകെട്ടു.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ നടക്കേണ്ടിയിരുന്നത്. എന്നാല്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വംനല്‍കേണ്ട തെരഞ്ഞെടുപ്പ് വരണാധികാരി ഹാജരായിരുന്നില്ല. ചുമതലക്കാരനായ വിഇഒ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളില്‍ ചിലര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയുമായിരുന്നു. വിഇഒയെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം നടത്തിയത്. ചടങ്ങ് ബഹളമയമായതോടെ പഞ്ചായത്തിലുണ്ടായിരുന്നവര്‍ ഓഫീസ് അടയ്ക്കാതെ സ്ഥലം വിടുകയായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഉജ്വല ബഹുജന മാര്‍ച്ച് നടത്തി. ഈങ്ങാപ്പുഴയില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുടികളുമടക്കം നൂറുകണക്കിന് പേര്‍ അണിനിരന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി ഉദ്ഘാടനം ചെയ്തു. ഗിരീഷ് ജോണ്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ രാഘവന്‍ , ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്ക്കരകുറുപ്പ്, കുട്ടിയമ്മ മാണി, കെ ഇ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ സി വേലായുധന്‍ സ്വാഗതം പറഞ്ഞു.

സിഡിഎസ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം

ചെറുതോണി: ജില്ലയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിക്ക് ഉജ്വല മുന്നേറ്റം. 26 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം നേടി. 26 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍മാര്‍ സിഡിഎസിന്റെ അമരത്തെത്തിയപ്പോള്‍ 16 പഞ്ചായത്തുകളില്‍ വൈസ് ചെയര്‍പേഴ്സണ്‍മാരെ വിജയിപ്പിക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 9 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. പള്ളിവാസല്‍ പഞ്ചായത്ത് നറുക്കെടുപ്പിലൂടെയും എല്‍ഡിഎഫിന് ലഭിച്ചിരുന്നു. ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ സിഡിഎസ് തെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് തിരിച്ചുവരവ് നടത്തി. 26 പഞ്ചായത്തുകളില്‍ സിഡിഎസ് പിടിക്കാന്‍ കഴിഞ്ഞപ്പോള്‍ യുഡിഎഫ് ഭരിക്കുന്ന 16 പഞ്ചായത്തുകള്‍ എല്‍ഡിഎഫ്, സിഡിഎസിലൂടെ തിരിച്ചുപിടിച്ചു. മറ്റ് 16 പഞ്ചായത്തുകളില്‍ വൈസ് ചെയര്‍പേഴ്സണ്‍മാരെയും മറ്റ് പഞ്ചായത്തുകളില്‍ നിരവധി സിഡിഎസ് അംഗങ്ങളെയും വിജയിപ്പിക്കാനും കഴിഞ്ഞു.

കുടുംബശ്രീ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടായത് യുഡിഎഫിനെ വിളറി പിടിപ്പിച്ചിട്ടുണ്ട്. ജനശ്രീയെ ഉപയോഗിച്ചും ഭരണസ്വാധീനമുപയോഗിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും സിഡിഎസ് പിടിക്കുന്നതിന് എല്ലാ ശ്രമങ്ങളും യുഡിഎഫ് നടത്തിയിരുന്നു. കേന്ദ്രം മുതല്‍ താഴെ തട്ടുവരെ കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നതില്‍ നേതൃത്വത്തില്‍ അലോസരങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കുടുംബശ്രീ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചത്. ഇഎംഎസ് ഭവനപദ്ധതി അട്ടിമറിച്ചതിലുള്ള പ്രതിഷേധം സാധാരണക്കാര്‍ക്കിടയില്‍ വലിയതോതില്‍ ഉയര്‍ന്നിരുന്നു.

യുഡിഎഫ് ഭരിക്കുന്ന വാഴത്തോപ്പ്, കഞ്ഞിക്കുഴി, മാങ്കുളം, ചക്കുപള്ളം, കാഞ്ചിയാര്‍ , ഇടമലക്കുടി, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂര്‍ , അറക്കുളം, കൊന്നത്തടി, ഇടവെട്ടി, മണക്കാട്, കരുണാപുരം, പീരുമേട് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടിപ്പെരിയാര്‍ , കൊക്കയാര്‍ , പള്ളിവാസല്‍ , രാജാക്കാട്, രാജകുമാരി, ചിന്നക്കനാല്‍ , ശാന്തന്‍പാറ, ഉടുമ്പന്‍ചോല, സേനാപതി, ഏലപ്പാറ പഞ്ചായത്തുകള്‍ നിലനിര്‍ത്തുന്നതിനും എല്‍ഡിഎഫിന് കഴിഞ്ഞു. അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങത്തെത്തിക്കുകയും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ എടുക്കുന്ന ശക്തമായ നിലപാടുകളും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നല്‍കിവരുന്ന പിന്തുണയും പിന്‍ബലവുമാണ് സ്ത്രീകളെ എല്‍ഡിഎഫിനോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ നിര്‍ണായകമായി മാറിയത്.

സിപിഐ എമ്മിനെതിരായ പ്രചാരണം തള്ളിക്കളയുക

പാലക്കാട്: പാലക്കാട് നഗരസഭയില്‍ കുടുംബശ്രീ അയല്‍ക്കുട്ടം എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പില്‍ സിപിഐ എം ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് മത്സരിക്കുന്നതെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത് സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സിപിഐ എം പാലക്കാട് എരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ രാഷ്ട്രീയ ധാരണയില്‍നിന്ന് സിപിഐ എം മാറിയിട്ടില്ല. കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നില്ല കുടുംബശ്രീ അയല്‍ക്കൂട്ടം തെരഞ്ഞെടുപ്പുകളെ കണ്ടത്. നഗരസഭയില്‍ യുഡിഎഫും ബിജെപിയും പരസ്യമായി മുന്നണിയുണ്ടാക്കിയാണ് ഭരിക്കുന്നത്. യുഡിഎഫ്, ബിജെപി ഭരണത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് നഗരസഭയില്‍ സിപിഐ എം പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ്-ബിജെപി അവിശുദ്ധസഖ്യത്തെ മറച്ചുവയ്ക്കാനാണ് സിപിഐമ്മിനെതിരെ പ്രചാരണം നടത്തുന്നത്. ഇത്തരം നെറികെട്ട പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളണമെന്ന് മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും സിപിഐ എം ഏരിയ കമ്മിറ്റി അഭ്യര്‍ഥിച്ചു.


deshabhimani 290112

1 comment:

  1. കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഫണ്ട് വെട്ടിക്കുറച്ചും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചും യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 150 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ബജറ്റില്‍ യുഡിഎഫ് 45 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 20 കോടി രൂപയാണ് കൈമാറിയത്. ഇപ്പോള്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നത് മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തിയിരുന്ന സ്വയം സഹായ സംരംഭങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇതിന് കെഎഫ്സിയെ ചുമതലപ്പെടുത്തി. കുടുംബശ്രീയെ ഒഴിവാക്കി ജനശ്രീയെ ഉപയോഗിച്ച് പദ്ധതി നടത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. മൈക്രോസംരംഭം വഴി ആയിരക്കണക്കിന് സ്ത്രീകള്‍ തൊഴില്‍ നേടിയിരുന്നത് ബാങ്ക് വായ്പയെടുത്താണ്. സബ്സിഡികളും വെട്ടിക്കുറക്കുകയാണ്.

    ReplyDelete