Sunday, January 22, 2012

വിദ്യാര്‍ഥികളില്‍ ഗുരുതര മാനസിക-ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍: വിദഗ്ധ റിപ്പോര്‍ട്ട്

വിദ്യാലയങ്ങളിലെ അശാസ്ത്രിയമായ പഠന രീതികള്‍ വിദ്യാര്‍ഥികളില്‍ ഗുരുതര മാനസീക-ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വിദഗ്ധ പഠന റിപ്പോര്‍ട്ട്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും, അധ്യാപനരീതിയും എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഒരു വിഭാഗം വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്.  

സ്‌കൂള്‍തലം മുതല്‍ പ്രൊഫഷണല്‍ തലം വരെയുള്ള ക്ലാസുകളില്‍ ഇത്തരത്തിലുള്ള ഗുരുതരമായ  അപചയം ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നതിന്റെ  കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനാരോഗ്യകരമായ ചുറ്റുപാടുകളാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സംസ്ഥാനത്തെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, എന്‍ജിനിയറിംഗ് കോളജുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് വിദഗ്ധര്‍ പഠനം നടത്തിയത്.

മാനസിക, ശാരീരിക പ്രശ്‌നങ്ങളുമായി ഡോക്ടര്‍മാരെ  തേടിയെത്തുന്ന കുട്ടികളുടെ എണ്ണം  ഓരോ വര്‍ഷവും ഗണ്യമായി  വര്‍ധിക്കുന്നു. വിദ്യാര്‍ഥികളില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഉതകുന്ന പരിപാടികള്‍ നടപ്പാക്കുന്നതില്‍ അധ്യാപകരുടേയും സ്‌കൂള്‍ അധികൃതരുടേയും ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ട്. കുട്ടികള്‍ക്ക് പ്രശ്‌നരഹിതമായ മാനസിക നില പ്രദാനം ചെയ്യുന്നതിന് നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ഫലവത്തായി നടത്താറില്ല.

അധ്യാപകര്‍ പിന്‍തുടരുന്ന അപരിഷ്‌കൃത അധ്യാപന രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം.  കഠിനമായ ശിക്ഷകള്‍ കുട്ടികളില്‍ ഭയം ജനിപ്പിക്കുയും പഠനത്തോട് വിരക്തി ഉണ്ടാക്കുകയും ചെയ്യുന്നു.  ഇത് പ്രൊഫഷണല്‍ തലംവരെയുള്ള കുട്ടികളേയും ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ചൂരല്‍ പ്രയോഗം നടത്തുന്ന സ്‌കൂളുകളുടെ എണ്ണവും കുറവല്ല. സ്‌കൂളുകളിലെ പ്രതിലോമപരമായ പ്രവണതകള്‍ മൂലം മാനസിക പ്രശ്‌നങ്ങളുണ്ടായ നിരവധി കുട്ടികളെ ശിശുരോഗ വിദഗ്ധര്‍, മനശാസ്ത്ര വിദഗ്ധര്‍ എന്നിവരുടെ പരിചരണത്തിനായി രക്ഷിതാക്കള്‍ കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ട് വെളിവാക്കുന്നു.

അധ്യാപകര്‍ ഉള്‍പ്പടെയുള്ള സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും പരാതികള്‍ ഉണ്ടാകുമെങ്കിലും ഇതിനെ വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂള്‍ തലത്തില്‍ കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുട്ടെങ്കിലും ഇതൊന്നും ഫലവത്തല്ല. പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള പഠനവസ്തുക്കളുടെ ബാഹുല്യവും വിദ്യാര്‍ഥികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ ഭാഗമായി നടുവേദന, ബാക്ക് നെക് പെയ്ന്‍, ഡിസ്‌ക് പ്രശ്‌നങ്ങള്‍, നട്ടെല്ല് തേയ്മാനം, എല്ലുകളുടെ തേയ്മാനം എന്നീ അസുഖങ്ങള്‍ കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു.  ബാഗിന്റെ  ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് വൈദ്യശാസ്ത്ര നിഗമനം. ഇത് പാലിക്കപ്പെടാറില്ല.

ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ഗൃഹപാഠങ്ങള്‍ സ്‌കൂളില്‍ തന്നെ ചെയ്യണം. പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും സ്‌കൂളുകളില്‍ എര്‍പ്പെടുത്തണം. പ്രത്യേകിച്ചും എല്‍ കെ ജി, യു കെ ജി ക്ലാസുകളില്‍. ഓരോ മൂന്നു മാസത്തേക്കും പ്രത്യേക നോട്ട് ബുക്കുകളും പുസ്തകങ്ങളും തയ്യാറാക്കിയാല്‍ ഭാരം മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയും. നോട്ടുബുക്കുകളും മറ്റും സ്‌കൂളില്‍ത്തന്നെ ഫയല്‍ചെയ്താല്‍ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളുടെ പ്രശ്‌നവും പരിഹരിക്കാം.  ഇതും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. സ്‌കൂളുകളിലും കോളജുകളിലും ബെഞ്ചുകള്‍ മാറ്റി കസേരകള്‍ നല്‍കണമെന്ന നിര്‍ദ്ദേശവും കാറ്റില്‍ പറത്തി.

സൗകര്യപ്രദമായ ക്ലാസ് മുറികളും കളിസ്ഥലങ്ങളും സ്‌കൂളുകളില്‍ ഇല്ലാത്തതാണ് മറ്റൊരു മുഖ്യ പ്രശ്‌നം.   ക്ലാസിലെ കുട്ടികളുടെ എണ്ണം നാല്‍പ്പതായി പരിമതപ്പെടുത്തണമെന്ന നിര്‍ദ്ദേശം ഒരു വിഭാഗം അധ്യാപകര്‍ അട്ടിമറിക്കുന്നതായുള്ള ആക്ഷേപവും ശക്തമാണ്. ക്ലാസ് മുറിയുടെ വലിപ്പം കുറഞ്ഞത് 400 ചതുരശ്ര അടി ആയിരിക്കണം. എല്‍ പി സ്‌കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം വേണം. ആഴ്ച്ചയില്‍ നാല് മണിക്കൂറെങ്കിലും കലാകായിക പരിപാടികള്‍ക്കായി നീക്കിവയ്ക്കണം. ബിഎഡ് കോഴ്‌സില്‍ ചെല്‍ഡ് സൈക്കോളജി (കുട്ടികളുടെ മനശാസ്ത്രം) വിശദമായി പഠിപ്പിക്കണം. അതിനായി സിലബസില്‍ മാറ്റം വരുത്തണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവയൊന്നും അധികൃതര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.

janayugom 230112

2 comments:

  1. വിദ്യാലയങ്ങളിലെ അശാസ്ത്രിയമായ പഠന രീതികള്‍ വിദ്യാര്‍ഥികളില്‍ ഗുരുതര മാനസീക-ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വിദഗ്ധ പഠന റിപ്പോര്‍ട്ട്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും, അധ്യാപനരീതിയും എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഒരു വിഭാഗം വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്.

    ReplyDelete
  2. പിള്ളേരെ ഇവര്‍ പെടുത്തുന്ന പാട് പറഞ്ഞാല്‍ തീരില്ല ..
    അടി നിര്‍ത്തി എന്ന് പറഞ്ഞിട് എന്ത് കാര്യം..
    കുട്ടികളെ മാര്‍ക്കോ ഗ്രേഡോ കുറഞ്ഞാല്‍ ഒരു തരം കുറ്റവാളിയെ പോലെയാണ് കാണുന്നത്..
    കാണാതെ പഠിച്ചു കടലാസ്സില്‍ ശര്ദിച്ചു വൈക്കാന്‍ ഉള്ള ഉപകരണം മാത്രം കുട്ടികള്‍.
    .ധിഷണയോ സിദ്ധിയോ ഒന്നും അല്ല..
    കാണാതെ പഠിക്കാന്‍
    അത് പകര്‍ത്താന്‍ ഉള്ള കഴിവ്
    ഒരു കുഞ്ഞിനെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നു
    പഠിച്ചത് ഒന്നും അവന്‍ ഓര്‍ത്തു വൈക്കുന്നില്ല താനും
    കുറ്റ ബോധവും അധമ ബോധവും മൂലം ആത്മ വിശ്വാസം നഷ്ട്ടപെട്ട ഒരു സമൂഹം..അവരെ വാര്‍ത്തെടുക്കുന്നു
    കുട്ടികളെ ഏറ്റവും പീഡിപ്പിക്കുന്ന രണ്ടു രാജ്യങ്ങള്‍
    ഒന്നാമത് ജപ്പാനും രണ്ടാമത് ഭാരതവുമാണ്
    കുഞ്ഞുങ്ങളിലെ ആത്മഹത്യ ഏറ്റവും കൂടുതല്‍ ഈ രാജ്യങ്ങളില്‍ ആണ്

    ReplyDelete