Saturday, January 28, 2012

നരിക്കാട്ടേരി സ്ഫോടനം: ലീഗ് നേതാവിനെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്തുന്നു

നരിക്കാട്ടേരി സ്ഫോടന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി സി എം പ്രദീപ് കുമാറിനെ മാറ്റിയതിനു പിന്നാലെ കേസിലെ പ്രധാന പ്രതിയായ ലീഗ് നേതാവിനെ രക്ഷപ്പെടുത്താന്‍ നീക്കം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും മേപ്പയ്യൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനും പ്രാദേശിക ലീഗ് നേതാവുമായ തയ്യില്‍ മൊയ്തു (55)വിനെയാണ് മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് മൊയ്തു ഇക്കഴിഞ്ഞ 23ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരായി. ക്രിമിനല്‍ നടപടി 164 വകുപ്പ് പ്രകാരം മജിസ്ട്രേട്ട് മൊയ്തുവിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി.

നാദാപുരത്ത് കലാപമുണ്ടാക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി അഞ്ച് ലീഗ് പ്രവര്‍ത്തകരാണ് നരിക്കാട്ടേരിയില്‍ കൊല്ലപ്പെട്ടത്. നരിക്കാട്ടേരി സ്ഫോടനം സമഗ്രമായി അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടത്. അന്വേഷണം അവസാനഘട്ടത്തിലെത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് എസ്പി സി എം പ്രദീപ് കുമാറിനെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയത്. നരിക്കാട്ടേരി സ്ഫോടനം ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ തലപ്പത്തുണ്ടായിരുന്ന കോഴിക്കോട് റൂറല്‍ എസ്പി നീരജ്കുമാര്‍ ഗുപ്തക്കാണ് ഇപ്പോള്‍ കേസിന്റെ ചുമതല നല്‍കിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാദാപുരം മേഖലയില്‍ കലാപമുണ്ടാക്കി ഐസ്ക്രീം വിവാദത്തിന് മറയിടാനായിരുന്നു ഗൂഢാലോചന. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ നരിക്കാട്ടേരി അണിയാരിക്കുന്നില്‍ ബോംബ് നിര്‍മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയുടെ മുഖ്യസൂത്രധാരന്‍ മൊയ്തുവാണെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ വെളിപ്പെടുത്തിയത്. മൊയ്തുവിനെ കേസില്‍ നിന്ന് ഒഴിവാക്കി പ്രവര്‍ത്തകരെ ബലിയാടാക്കുന്നതില്‍ ലീഗിനകത്തുനിന്നു തന്നെ പ്രതിഷേധമുണ്ട്. 2011 ഫെബ്രുവരി 26ന് രാത്രിയാണ് ബോംബ് നിര്‍മിക്കുന്നതിനിടയില്‍ സ്ഫോടനമുണ്ടായത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ചാലില്‍ റിയാസ് (25), ചെറിയതയ്യില്‍ ഷമീര്‍ (29), പുത്തൂരിടത്ത് റഫീഖ് (30), വലിയപീടികയില്‍ ഷബീല്‍ (20), കരയത്ത് ഷബീര്‍ (26) എന്നിവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
(കെ കെ ശ്രീജിത്)

deshabhimani 280112

1 comment:

  1. നരിക്കാട്ടേരി സ്ഫോടന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി സി എം പ്രദീപ് കുമാറിനെ മാറ്റിയതിനു പിന്നാലെ കേസിലെ പ്രധാന പ്രതിയായ ലീഗ് നേതാവിനെ രക്ഷപ്പെടുത്താന്‍ നീക്കം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും മേപ്പയ്യൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനും പ്രാദേശിക ലീഗ് നേതാവുമായ തയ്യില്‍ മൊയ്തു (55)വിനെയാണ് മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് മൊയ്തു ഇക്കഴിഞ്ഞ 23ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരായി. ക്രിമിനല്‍ നടപടി 164 വകുപ്പ് പ്രകാരം മജിസ്ട്രേട്ട് മൊയ്തുവിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി.

    ReplyDelete