Friday, January 27, 2012

കോണ്‍ഗ്രസിലും വാര്‍ത്തകളുണ്ട്...

വക്കംകമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം കെ അച്യുതന്‍

പാലക്കാട്: വക്കം കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കെ അച്യുതന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മിണ്ടാതിരിക്കുന്നത് സര്‍ക്കാരിന് കുഴപ്പമുണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് പുനസംഘടനയോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നു.ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ രാജിവെക്കുന്നില്ല. തനിക്കെതിരെ പരസ്യമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. നടപടി ഉണ്ടാവുമെന്ന് കെപിസിസി എക്സിക്യൂട്ടീവും വക്കവും പറഞ്ഞിരുന്നു. അതുകൊണ്ടാണ് പരാതി പറയാന്‍ പോയത്. പരാതി തെളിവു സഹിതം പറഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ റിപ്പോര്‍ട്ടു കിട്ടിയിട്ടും നടപടിയെടുക്കാത്തത് ശരിയല്ല. നടപടിയെടുക്കുന്നില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും അച്യുതന്‍ പറഞ്ഞു. വക്കം കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയൊന്നുമുണ്ടാകാന്‍ സാധ്യതയില്ലെന്ന് പി സി ചാക്കോ ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞിരുന്നു. ആര്‍ക്കെതിരെയും നടപടിയുടെ ആവശ്യമില്ല. തെറ്റു ചെയ്തവര്‍ തിരുത്തിയാല്‍ മതിയെന്ന ചാക്കോയുടെ പ്രസ്താവനക്കെതിരെയാണ് അച്യുതന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ്സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി; പൊലീസുകാരെയും ആക്രമിച്ചു

വടകര: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് തെരുവ് യുദ്ധത്തിലേക്ക്. താലൂക്കില്‍ പലേയിടത്തും എ, ഐ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുകാരെയും അക്രമിച്ചു. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അലങ്കേലപ്പെട്ടു. വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കെഎസ്യു ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും തെരുവില്‍ ഏറ്റുമുട്ടി. ബുധനാഴ്ച പകല്‍ മൂന്നരയോടെ കോളേജ് പരിസരത്താണ് എഐ വിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഐ വിഭാഗം പ്രവര്‍ത്തകര്‍ സോഡാക്കുപ്പി പൊട്ടിച്ച് എതിരാളികളെ നേരിട്ടു. സംഘര്‍ഷ സ്ഥലത്തെത്തിയ പൊലീസുകാരെയും ഐ വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് അക്രമത്തിന് ഇരയായ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.

ആന്ധ്രപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു റിട്ടേണിങ് ഓഫീസര്‍ . അമ്പത് അംഗങ്ങളുടെ ലിസ്റ്റാണ് റിട്ടേണിങ് ഓഫീസറുടെ മുന്നില്‍ ഉണ്ടായിരുന്നത്. വേട്ടേഴ്സ് ലിസ്റ്റില്‍ കൃത്രിമം ഉണ്ടെന്ന് എ വിഭാഗം ആരോപിച്ചു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ വോട്ടേഴ്സ് ലിസ്റ്റ് കോളേജ് പ്രിന്‍സിപ്പലിനെ കൊണ്ട് പരിശോധിപ്പിച്ചു. അമ്പതംഗ വോട്ടേഴ്സ് ലിസ്റ്റിലെ നാല് പേര്‍ മാത്രമാണ് പോളിടെക്നിക് കോളേജില്‍ പഠിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ റിട്ടേണിങ് ഓഫീസര്‍ തയ്യാറായപ്പോള്‍ ഐ വിഭാഗം റിട്ടേണിങ് ഓഫീസറെ തടഞ്ഞ് വെക്കുകയും എ വിഭാഗം പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ജയദാസന്‍ കാടോട്ടി, കളത്തില്‍ പീതാംബരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഐ മൂസയുടെ ഒത്താശയോടെ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് എ വിഭാഗം ആരോപിച്ചു. നാദാപുരത്ത് ദാറുല്‍ഹുദാ കോളേജിലും പുളിയാവ് നാഷനല്‍ കോളേജിലും കെഎസ്യു തെരഞ്ഞെടുപ്പ് കയ്യാങ്കളിയില്‍ കലാശിച്ചു. കെഎസ്യു നേതൃത്വത്തെ വരുതിയിലാക്കാനുള്ള ഗ്രൂപ്പ് പോരാണ് നാട്ടില്‍ ക്രമസമാധന പ്രശ്നം സൃഷ്ടിക്കുന്നത്.

തിരുവള്ളൂര്‍ മുരളിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം

വടകര: കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തോക്കിന്‍തിരകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തോക്ക് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറാകണം. ബുധനാഴ്ച വടകര പോളിടെക്നിക് കോളേജ് പരിസരത്ത് തമ്മിലടിച്ച കോണ്‍ഗ്രസ്സുകാര്‍ പൊലീസുകാരെ അക്രമിച്ചത് ഗൗരവമായി കാണണം. ഭരണത്തിന്റെ ഹുങ്കില്‍ പൊലീസിനെ ഭീഷണിപ്പെടുത്തി ക്രമസമാധാന നില തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ബ്ലോക്ക് സെക്രട്ടറി പി ടി കെ രാജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കാസര്‍കോട് ഡിസിസിയില്‍ എ ഐ തമ്മിലടി

കാസര്‍കോട്: കാസര്‍കോട് ഡിസിസിക്കു മുന്നില്‍ സംഘര്‍ഷം. എ ഐ വിഭാഗങ്ങള്‍ തമ്മിലടിച്ചു. എ വിഭാഗം സത്യഗ്രഹം നടത്തിയിരുന്ന സമരപ്പന്തല്‍ ഐക്കാര്‍ പൊളിച്ചു നീക്കി. ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്ന ശ്രീജയനെ സസ്പെന്‍ഡു ചെയ്തതിനെതിരെ എ വിഭാഗം രാവിലെ മുതല്‍ സത്യഗ്രഹസമരം പ്രഖ്യാപിച്ചിരുന്നു. ഓഫീസിലുണ്ടായിരുന്ന ഐക്കാര്‍ സത്യഗ്രഹപന്തല്‍ പൊളിച്ചു നീക്കി. ശ്രീജയനെ ഭീഷണിപ്പെടുത്തി ഓടിച്ചു. ശ്രീജയനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയവരെയും കൈകാര്യം ചെയ്തു.

deshabhimani news

1 comment:

  1. വക്കം കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കെ അച്യുതന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മിണ്ടാതിരിക്കുന്നത് സര്‍ക്കാരിന് കുഴപ്പമുണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് പുനസംഘടനയോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നു.ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ രാജിവെക്കുന്നില്ല.

    ReplyDelete