Saturday, February 25, 2012

മാനനഷ്ടക്കേസില്‍ മാതൃഭൂമിക്കെതിരെ വിധി, പത്രാധിപരടക്കം 4 പേര്‍ക്ക് തടവ്

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ വനിതാ ഡോക്ടര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മാതൃഭൂമിക്കെതിരെ പത്രാധിപരടക്കം നാലുപേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ , പത്രാധിപരായിരുന്ന കെ ഗോപാലകൃഷ്ണന്‍ , പ്രസാധകന്‍ എം എന്‍ രവിവര്‍മ, മാള ലേഖകന്‍ മുരളീധരന്‍ എന്നിവരെയാണ് മൂന്നുമാസംവീതം തടവിനും അയ്യായിരം രൂപവീതം പിഴയടയ്ക്കാനും ചാലക്കുടി ഫസറ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി ചന്ദ്രശേഖര്‍ ശിക്ഷിച്ചത്.

2005 ഡിസംബര്‍ പത്തിന് മാതൃഭൂമി പ്രസിദ്ധീകരിച്ച "സിസേറിയന്‍ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ടും നൂലും" എന്ന ചിത്രം സഹിതമുള്ള വാര്‍ത്ത തനിക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് ചാലക്കുടിയിലെ ഡോ. റോസമ്മ ജോസഫ് ഫയല്‍ ചെയ്ത കേസിലാണ് വിധി. മാള ഗവ. ആശുപത്രിയില്‍ ജോലിചെയ്യുമ്പോള്‍ 2003ല്‍ മാള സ്വദേശിനി വില്‍സി ജോഷിയുടെ സിസേറിയന്‍ നടത്തിയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് വയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടപ്പോള്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെന്നും ഡോ. സുഗതന്‍ ശസ്ത്രക്രിയയിലൂടെ വയറ്റിലുണ്ടായിരുന്ന പഞ്ഞിക്കെട്ടും നൂലും പുറത്തെടുത്തുവെന്നുമായിരുന്നു വാര്‍ത്ത. പഞ്ഞിക്കെട്ടും നൂലും നേരത്തേ സിസേറിയന്‍ നടത്തിയ ഡോക്ടറുടെ അശ്രദ്ധമൂലമാണ് വയറ്റില്‍പെട്ടതെന്നും വാര്‍ത്തയിലുണ്ടായിരുന്നു. വാര്‍ത്ത അപകീര്‍ത്തികരവും സത്യവിരുദ്ധവുമാകയാല്‍ പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നാവശ്യപ്പട്ട് ഡോ. റോസമ്മ ജോസഫ് മാതൃഭൂമിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഉത്തമബോധ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നുമുള്ള മറുപടിയാണ് മാതൃഭൂമിയില്‍നിന്ന് ലഭിച്ചത്. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

മാനഹാനി വരുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ശിക്ഷാനിയമം 500-ാം വകുപ്പനുസരിച്ചാണ് തടവും പിഴയും. ഒന്നാംപ്രതി മാനേജിങ് എഡിറ്ററും മൂന്നാം പ്രതി പ്രസാധകനും ഐപിസി 502, 501 വകുപ്പുകള്‍ പ്രകാരം (പത്രം വിറ്റതിനും അപകീര്‍ത്തികരമെന്നറിഞ്ഞ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും) അയ്യായിരം രൂപവീതം കൂടുതലായി പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. അപ്പീല്‍ പോകുന്നതിന് ശിക്ഷ താല്‍ക്കാലികമായി തടയണമെന്ന പ്രതികളുടെ അപേക്ഷ സ്വീകരിച്ച കോടതി ഏപ്രില്‍ 24 വരെ സമയം അനുവദിച്ചു. പരാതിക്കാരിക്കുവേണ്ടി അഡ്വക്കറ്റുമാരായ കെ ബി സുനില്‍കുമാര്‍ , ബിജു വാഴക്കാല എന്നിവര്‍ ഹാജരായി.

deshabhimani 250212

2 comments:

  1. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ വനിതാ ഡോക്ടര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മാതൃഭൂമിക്കെതിരെ പത്രാധിപരടക്കം നാലുപേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ , പത്രാധിപരായിരുന്ന കെ ഗോപാലകൃഷ്ണന്‍ , പ്രസാധകന്‍ എം എന്‍ രവിവര്‍മ, മാള ലേഖകന്‍ മുരളീധരന്‍ എന്നിവരെയാണ് മൂന്നുമാസംവീതം തടവിനും അയ്യായിരം രൂപവീതം പിഴയടയ്ക്കാനും ചാലക്കുടി ഫസറ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി ചന്ദ്രശേഖര്‍ ശിക്ഷിച്ചത്.

    ReplyDelete
  2. ഈ രീതിയിലുള്ള ശിക്ഷ നടപടികള്‍ നല്ലത് തന്നെയാണ്. പക്ഷെ നമ്മുടെ ഇന്നത്തെ രീതി വട്ച്ചു നോക്കുകയാണെങ്കില്‍ മേല്‍ കോടതികളില്‍ അപ്പീല്‍ പോകുവാനും ശിക്ഷ നടപടികള്‍ അനന്ടമായി നീടിക്കൊണ്ടുപോകുവനും എളുപ്പം . ഈ രീതിയില്‍ നിന്നും നമുക്ക് എപ്പോഴെങ്കിലും മോചന മുണ്ടോ ?ഈ ശിക്ഷ മറ്റുള്ളവര്‍ക്കും ഒരു പഠമാകട്ടെ എന്ന് വിശ്വസിക്കാം

    ReplyDelete