Wednesday, February 29, 2012

ഇഖ്റയില്‍ നേഴ്സുമാര്‍ സമരത്തില്‍


കോഴിക്കോട്: ശമ്പളം വര്‍ധിപ്പിച്ച് നല്‍കുക, ജോലി സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്് ഇഖ്റ ഹോസ്പിറ്റലില്‍ നേഴ്സുമാരുടെ സമരം തുടങ്ങി. സ്റ്റാഫ് നേഴ്സുമാര്‍ക്ക് കുറഞ്ഞ വേതനം 9500 രൂപയാക്കി ഉയര്‍ത്തണമെന്നാണ് നേഴ്സുമാരുടെ പ്രധാന ആവശ്യം. 2009ല്‍ മിനിമം വേതനം നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നുവര്‍ഷമാകാറായിട്ടും ആശുപത്രി മാനേജ്മെന്റ് നിര്‍ദേശം നടപ്പാക്കിയില്ല. നിലവില്‍ 5750 രൂപയാണ് സ്റ്റാഫ് നേഴ്സിന് നല്‍കുന്നത്. നേഴ്സിങ് അസിസ്റ്റന്റുമാര്‍ക്ക് 2000-2500 രൂപയും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുകാട്ടി 45 ദിവസം മുമ്പ് ഇന്ത്യന്‍ രജിസ്ട്രേഡ് നേഴ്സിങ് അസോസിയേഷന്‍ ഇഖ്റ യൂണിറ്റ്, മാനേജ്മെന്റിന് നോട്ടീസ് നല്‍കി. ഇതുസംബന്ധിച്ച് പഠിക്കാന്‍ മൂന്നുമാസം സമയം വേണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ സമരം ആരംഭിച്ചത്. സമരക്കാരുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.തുടര്‍ന്ന് കലക്ടറുമായി വൈകിട്ട് നേഴ്സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തി.

രോഗികളെ ബുദ്ധിമുട്ടിക്കാതെയാണ് തങ്ങള്‍ സമരം നടത്തുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഡയാലിസിസ്, ഓപ്പറേഷന്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ പതിവുപോലെ നേഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ചര്‍ച്ചയില്‍ കുറഞ്ഞവേതനം 8700 രൂപയാക്കി വിട്ടുവീഴ്ചക്ക് ജീവനക്കാര്‍ തയ്യാറായെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല. ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സി അന്‍വര്‍ , ജെഡിടി ട്രസ്റ്റ് പ്രസിഡന്റ് കെ എം കുഞ്ഞുമുഹമ്മദ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരളി എന്നിവര്‍ മാനേജ്മെന്റ് ഭാഗത്തുനിന്നും നേഴ്സിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം പി സന്തോഷ്, യൂണിറ്റ് സെക്രട്ടറി അമര്‍ജിത്ത്, പ്രസിഡന്റ് ദിലിപ് പുളിവേലില്‍ എന്നിവര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. കലക്ടര്‍ പി ബി സലീമുമായി യൂണിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

ആശുപത്രിക്ക് മുന്നില്‍ ആരംഭിച്ച സമരം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം പി സന്തോഷ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ നഴ്സുമാര്‍ക്ക് മിനിമം വേതനവ്യവസ്ഥയില്‍ ഉപരിയായ ആനുകൂല്യങ്ങള്‍ ഫിബ്രവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതില്‍ അപാകതയുണ്ടെങ്കില്‍ ഡേക്ടര്‍മാരും തൊഴിലാളി പ്രതിനിധികളും ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് വിടാമെന്നും ഇഖ്റ ആശുപത്രി മാനേജ്മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. കമ്മിറ്റി സമാന ആശുപത്രികളിലെ വേതനഘടന പരിശോധിച്ച് സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ശമ്പളവര്‍ധന ആവശ്യപ്പെട്ട് കോഴിക്കോട്ടെ രണ്ട് പ്രമുഖ സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്മെന്റുകള്‍ക്ക് നേഴ്സിങ് ജീവനക്കാരുടെ യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നേഴ്സുമാരുടെ സമരം: ഐക്യദാര്‍ഢ്യ റാലി ഇന്ന്

സ്വകാര്യ നേഴ്സിങ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ഗവ. സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) നേതൃത്വത്തില്‍ ബുധനാഴ്ച നഗരത്തില്‍ റാലി നടത്തും. വൈകിട്ട് 4.30ന് മുതലക്കുളത്തുനിന്നാരംഭിക്കുന്ന റാലി സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.

deshabhimani 290212

1 comment:

  1. ശമ്പളം വര്‍ധിപ്പിച്ച് നല്‍കുക, ജോലി സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്് ഇഖ്റ ഹോസ്പിറ്റലില്‍ നേഴ്സുമാരുടെ സമരം തുടങ്ങി. സ്റ്റാഫ് നേഴ്സുമാര്‍ക്ക് കുറഞ്ഞ വേതനം 9500 രൂപയാക്കി ഉയര്‍ത്തണമെന്നാണ് നേഴ്സുമാരുടെ പ്രധാന ആവശ്യം. 2009ല്‍ മിനിമം വേതനം നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നുവര്‍ഷമാകാറായിട്ടും ആശുപത്രി മാനേജ്മെന്റ് നിര്‍ദേശം നടപ്പാക്കിയില്ല. നിലവില്‍ 5750 രൂപയാണ് സ്റ്റാഫ് നേഴ്സിന് നല്‍കുന്നത്. നേഴ്സിങ് അസിസ്റ്റന്റുമാര്‍ക്ക് 2000-2500 രൂപയും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുകാട്ടി 45 ദിവസം മുമ്പ് ഇന്ത്യന്‍ രജിസ്ട്രേഡ് നേഴ്സിങ് അസോസിയേഷന്‍ ഇഖ്റ യൂണിറ്റ്, മാനേജ്മെന്റിന് നോട്ടീസ് നല്‍കി. ഇതുസംബന്ധിച്ച് പഠിക്കാന്‍ മൂന്നുമാസം സമയം വേണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ സമരം ആരംഭിച്ചത്. സമരക്കാരുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.തുടര്‍ന്ന് കലക്ടറുമായി വൈകിട്ട് നേഴ്സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തി

    ReplyDelete