Tuesday, February 28, 2012

കോണ്‍ഗ്രസിന് എന്തിന് ലജ്ജ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ടി രാഷ്ട്രീയ ലജ്ജാശൂന്യതയുടെ പര്യായമാണെന്ന് അതിന്റെ സമീപകാല ചരിത്രം പരിശോധിക്കുന്നവരെ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടിവരില്ല. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന ഖ്യാതികൂടി ആ പാര്‍ടിക്കുമുകളില്‍ പതിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരാണ് എന്ന് നീതിപീഠങ്ങള്‍ക്കുമുന്നില്‍ നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍നിന്ന് ഒഴുകുന്ന പണമാണ് അമ്പരപ്പിക്കുന്ന കള്ളപ്പണ നിക്ഷേപമായി വിദേശബാങ്കുകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്നത്. അത്തരം നിക്ഷേപങ്ങളില്‍ വലിയൊരു പങ്ക് കോണ്‍ഗ്രസിന്റേതുതന്നെയാണെന്നും വാര്‍ത്ത വന്നു. തെരഞ്ഞെടുപ്പുകളില്‍ പണം കുത്തിയൊഴുക്കുന്നതില്‍ ബൂര്‍ഷ്വാപാര്‍ടികള്‍ മത്സരിക്കുമ്പോള്‍ മുന്നിലെത്തുന്നത് കോണ്‍ഗ്രസാണ്. കേരളത്തിലേക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അയച്ച പണപ്പെട്ടികള്‍ വലിയ വാര്‍ത്ത സൃഷ്ടിച്ചതാണ്. നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഇങ്ങനെയുള്ള കള്ളപ്പണം പിടിച്ചെടുത്തിട്ടുമുണ്ട്.

പ്രധാനമന്ത്രി ഉള്‍പ്പെടെ ആരോപണ വിധേയരാണ് കോണ്‍ഗ്രസില്‍ . ഒന്നേമുക്കാല്‍ ലക്ഷം കോടിയിലേറെ രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തിയ 2ജി സ്പെക്ട്രം അഴിമതി കേവലമൊരു പ്രാദേശിക കക്ഷിയായ ഡിഎംകെയുടെ പ്രതിനിധികള്‍ രഹസ്യമായി നടത്തിയതാണെന്ന് വിവേകമതികള്‍ കരുതുന്നില്ല. അതിന്റെ നേതൃത്വവും ഉത്തരവാദിത്തവും പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍ക്കാണെന്ന ചൂണ്ടിക്കാട്ടലുകള്‍ക്ക് യുക്തിഭദ്രമായി വിശദീകരണം നല്‍കാന്‍ ഇന്നുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുമില്ല. കോണ്‍ഗ്രസ് എന്നത്തെയുംകാള്‍ മോശം അവസ്ഥയിലായ ഘട്ടമാണിത്. അതുകൊണ്ടുതന്നെ, അഴിമതിക്കേസുകളില്‍ കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന യെദ്യൂരപ്പയെന്ന ബിജെപി നേതാവിനെ കോണ്‍ഗ്രസിലേക്ക് ഔപചാരികമായി ക്ഷണിച്ചതില്‍ ആര്‍ക്കും ആശ്ചര്യപ്പെടാനാവില്ല. ആയിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ച കേസില്‍പെട്ടാണ് യെദ്യൂരപ്പയ്ക്ക് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. ആ യെദ്യൂരപ്പയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ ചേരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ സ്വാഗതംചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുകൂടിയായ ഖാര്‍ഗെ പറഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെട്ട് യെദ്യൂരപ്പ സ്വന്തം പാര്‍ടിനേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ആ സാഹചര്യം മുതലെടുത്താണ് കോണ്‍ഗ്രസ് പരസ്യക്ഷണം മുന്നോട്ടുവച്ചത്.

മറ്റുകക്ഷികളില്‍നിന്ന് അഴിമതിയടക്കമുള്ള ദുര്‍വൃത്തികളുടെ പേരില്‍ പുറംതള്ളുന്ന മാലിന്യങ്ങളെപ്പോലും സ്വീകരിക്കാന്‍ വിധം കോണ്‍ഗ്രസിനെ അധഃപതിപ്പിച്ചത് ആ പാര്‍ടിയുടെ ആന്തരികമായ ദൗര്‍ബല്യവും ശോഷണവുമാണ്. ഗാന്ധിയന്‍ ആദര്‍ശമല്ല, അഴിമതിയാണിന്ന് കോണ്‍ഗ്രസിന്റെ കൊടിയടയാളം. ഏതാനും വോട്ടുകള്‍ക്കോ അധികാരം പിടിച്ചുനിര്‍ത്താനോ വെട്ടിപ്പിടിക്കാനോ ഏതുതലത്തിലേക്ക് തരംതാഴാനും മടിയില്ല എന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. കേരളത്തില്‍ വര്‍ഗീയതയുടെയും ജാതിസങ്കുചിതത്വത്തിന്റെയും അഴിമതിയുടെയും കൊടിയേന്തിയാണ് കോണ്‍ഗ്രസ് അധികാരം കാത്തുസൂക്ഷിക്കുന്നതെങ്കില്‍ കര്‍ണാടകത്തില്‍ അഴിമതിരാജാവിനെ ക്ഷണിച്ച് അകത്തുകയറ്റിയാണ് രാഷ്ട്രീയ ലാഭത്തിന് കണ്ണെറിയുന്നതെന്നതുമാത്രം. ബിജെപി അഴിമതിയോട് സന്ധിചെയ്യുന്ന പാര്‍ടിയാണ്. മറ്റു വഴികളില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. യെദ്യൂരപ്പ കോണ്‍ഗ്രസിലെത്തുമ്പോള്‍ അവിടത്തെ അഴിമതിയുടെ കോറസില്‍ ഒരംഗം കൂടിയാകുമെന്നേയുള്ളൂ.

deshabhimani editorial 280212

1 comment:

  1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ടി രാഷ്ട്രീയ ലജ്ജാശൂന്യതയുടെ പര്യായമാണെന്ന് അതിന്റെ സമീപകാല ചരിത്രം പരിശോധിക്കുന്നവരെ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടിവരില്ല. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന ഖ്യാതികൂടി ആ പാര്‍ടിക്കുമുകളില്‍ പതിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരാണ് എന്ന് നീതിപീഠങ്ങള്‍ക്കുമുന്നില്‍ നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍നിന്ന് ഒഴുകുന്ന പണമാണ് അമ്പരപ്പിക്കുന്ന കള്ളപ്പണ നിക്ഷേപമായി വിദേശബാങ്കുകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്നത്. അത്തരം നിക്ഷേപങ്ങളില്‍ വലിയൊരു പങ്ക് കോണ്‍ഗ്രസിന്റേതുതന്നെയാണെന്നും വാര്‍ത്ത വന്നു. തെരഞ്ഞെടുപ്പുകളില്‍ പണം കുത്തിയൊഴുക്കുന്നതില്‍ ബൂര്‍ഷ്വാപാര്‍ടികള്‍ മത്സരിക്കുമ്പോള്‍ മുന്നിലെത്തുന്നത് കോണ്‍ഗ്രസാണ്. കേരളത്തിലേക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അയച്ച പണപ്പെട്ടികള്‍ വലിയ വാര്‍ത്ത സൃഷ്ടിച്ചതാണ്. നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഇങ്ങനെയുള്ള കള്ളപ്പണം പിടിച്ചെടുത്തിട്ടുമുണ്ട്.

    ReplyDelete