Monday, February 6, 2012

വിഷപ്രയോഗത്തിനു മനോരമ കാത്തിരുന്നത് ഒരാഴ്ച

22 വര്‍ഷം മുമ്പ് ദുഃഖവെള്ളിയാഴ്ച നാളില്‍ അവസാന അത്താഴം കാര്‍ട്ടൂണാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ മലയാള മനോരമയ്ക്ക് മതവികാരം വ്രണപ്പെട്ടില്ല. ഇപ്പോള്‍ അവസാന അത്താഴത്തിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള ദുഷ്ടലാക്കോടെ മനോരമ രംഗത്തിറങ്ങി. യേശുവിന്റെ സ്ഥാനത്ത് വി പി സിങ്ങിനെ ചിത്രീകരിച്ച് 1990 ഏപ്രില്‍ 13നാണ് മനോരമ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ആ കാര്‍ട്ടൂണ്‍ പിന്നീട് അവാര്‍ഡും നേടി. അതേ മനോരമ തന്നെയാണ് അവസാനത്തെ അത്താഴം സിപിഐ എം വികലമായി ചിത്രീകരിച്ചതായി ഇപ്പോള്‍ മുറവിളി കൂട്ടി ക്രൈസ്തവരെ പാര്‍ടിക്കെതിരെ രംഗത്തിറക്കാന്‍ ഗൂഢാലോചന നടത്തുന്നത്.

ഒരാഴ്ച മുമ്പേ നീക്കംചെയ്ത ബോര്‍ഡിന്റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ മനോരമ തെരഞ്ഞെടുത്ത ദിവസംതന്നെയാണ് ഗൂഢാലോചനയ്ക്ക് പ്രധാന തെളിവ്. അവസാനത്തെ അത്താഴം വികലമായി ചിത്രീകരിച്ച ബോര്‍ഡ് അര മണിക്കൂറിനകം തന്നെ നീക്കിയതാണ്. എന്നാല്‍ , ക്രൈസ്തവര്‍ ദേവാലയങ്ങളില്‍ പോകുന്ന ഞായറാഴ്ചവരെ വിഷപ്രയോഗത്തിന് മനോരമ കാത്തിരുന്നു. വിശ്വാസികളെ ഇളക്കിവിടുന്നതിനൊപ്പം, ഒറ്റമനസ്സോടെ ജനങ്ങളാകെ പങ്കാളികളായ സംസ്ഥാന സമ്മേളനപ്രവര്‍ത്തനങ്ങളെ കരിതേക്കുകയായിരുന്നു ലക്ഷ്യം. വാര്‍ത്ത ഏറ്റുപിടിച്ച് ചിലയിടങ്ങളില്‍ പ്രകടനംനടന്നു. ചില പുരോഹിതര്‍ സിപിഐ എമ്മിനെതിരെ അഭിപ്രായവും പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പതിവുപോലെ പാര്‍ടിക്കെതിരെ രംഗത്തുവന്നു.

തിരുവനന്തപുരം തൃക്കണ്ണാപുരത്തിനടുത്ത് കുന്നപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ , തിരുവത്താഴത്തെ വികൃതമായി അനുകരിച്ചുള്ള ബോര്‍ഡുവച്ചത് പാര്‍ടി പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. കെട്ടിടനിര്‍മാണത്തൊഴിലാളി യൂണിയന്റെ പേരില്‍ സ്ഥാപിച്ച ബോര്‍ഡ് അരമണിക്കൂറേ അവിടെ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തെ സിപിഐ എം പ്രവര്‍ത്തകര്‍ ബോര്‍ഡ് നീക്കി. അതിനിടയില്‍തന്നെ അതിന്റെ ചിത്രമെടുത്തു. ഞായറാഴ്ച പുതിയ മുഖച്ഛായയുമായി ഇറങ്ങുമെന്ന് മനോരമ ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. സിപിഐ എം വിരുദ്ധവിഷപ്രയോഗത്തിന്റെ പുത്തന്‍പ്രയോഗമാണ് ആ മുഖച്ഛായയില്‍ കണ്ടത്. മതവികാരം ഇളക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മനോരമ ചെയ്തത് ക്രിമിനല്‍ കുറ്റമാണന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മതനിന്ദ നടത്തിയെന്നാരോപിച്ച് വിശ്വാസികളെ ഇളക്കിവിടുന്നതും സ്പര്‍ധ സൃഷ്ടിക്കുന്നതും മതപരമായ വിവാദമുണ്ടാക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമം 153-എ, 295-എ, 298 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. ദീര്‍ഘകാലമായി പാര്‍ടിയെ കരിവാരിത്തേച്ചുകൊണ്ടിരുന്ന മനോരമയെപോലുള്ള മാധ്യമങ്ങള്‍ ഇത്തവണത്തെ സമ്മേളന കാലയളവില്‍ നിരാശയിലാണ്. പതിവ് പാര്‍ടിവിരുദ്ധകെട്ടുകഥകള്‍ക്ക് സാധ്യതയില്ലെന്നു കണ്ടതോടെയാണ് മതവികാരത്തില്‍ കയറിപ്പിടിച്ചുള്ള അപകടകരമായ കളി.
(കെ എം മോഹന്‍ദാസ്)

അവസാന അത്താഴം: ബോര്‍ഡ് പാര്‍ടി വച്ചതല്ല- പിണറായി

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "അവസാന അത്താഴം" ചിത്രീകരിച്ച് ഒരു പാര്‍ടി പ്രവര്‍ത്തകനും ബോര്‍ഡ് വച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സമ്മേളനവുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു ബോര്‍ഡ് ആരോ വച്ചതായി അറിഞ്ഞ് അരമണിക്കൂറിനകം എടുത്തുമാറ്റി. ബോര്‍ഡ് മാറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞു. മറ്റാരെങ്കിലും പറഞ്ഞിട്ടല്ല ബോര്‍ഡ് മാറ്റിയത്. ഉത്തരവാദപ്പെട്ട പാര്‍ടി പ്രവര്‍ത്തകരാണ് ഇങ്ങനെ ഒരു ബോര്‍ഡ് വേണ്ടെന്ന് പറഞ്ഞ് എടുത്തുമാറ്റിയത്. നീക്കംചെയ്ത ബോര്‍ഡിന്റെ ഫോട്ടോ ഒരാഴ്ച കഴിഞ്ഞ് മനോരമയില്‍ വന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

ക്രൈസ്തവവികാരത്തിന് ഒരര്‍ഥത്തിലും പോറലേല്‍പ്പിക്കരുതെന്ന് ചിന്തിക്കുന്ന മാധ്യമമായാണല്ലോ മനോരമയെ കാണുന്നത്. ആ മനോരമയില്‍ ഇതേ മാതൃകയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. അതില്‍ കേന്ദ്രസ്ഥാനത്ത് അന്നത്തെ പ്രധാനമന്ത്രി വി പി സിങ്. ഒരുഭാഗത്ത് ചന്ദ്രശേഖറും മറുഭാഗത്ത് ദേവിലാലും. "ഇതിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും... മറ്റൊരാള്‍ തള്ളിപ്പറയും" എന്നാണ് ആ കാര്‍ട്ടൂണിലുള്ളത്. ആ കാര്‍ട്ടൂണിന് മനോരമയ്ക്ക് അവാര്‍ഡും ലഭിച്ചു. അവസാന അത്താഴത്തെക്കുറിച്ച് മനോരമ കാര്‍ട്ടൂണ്‍ വരച്ചത് ക്രൈസ്തവ മൂല്യങ്ങളെ അധിക്ഷേപിക്കാനാണെന്ന് ആരെങ്കിലും പറയുമോ? ആദ്യം പൊട്ടിച്ച വെടി ഏശാതായപ്പോള്‍ കിടക്കട്ടെ മറ്റൊരു വെടികൂടി എന്നനിലയിലേ ഇപ്പോഴത്തെ വിവാദത്തെ കാണേണ്ടതുള്ളൂ. ഞങ്ങള്‍ക്ക് യേശുവിനെയോ ക്രൈസ്തവ മതമൂല്യങ്ങളെയോ അപമാനിക്കാന്‍ ഉദ്ദേശമില്ല.

ഒരു കാര്യത്തില്‍ ചിലര്‍ക്ക് ഇപ്പോള്‍ കടുത്ത വേവലാതി തുടങ്ങിയിട്ടുണ്ട്. അത് അവരുടെകൂടെ ഉണ്ടായിരുന്നെന്ന് അവര്‍ ആശ്വസിച്ച ചിലര്‍ ഇപ്പോള്‍ അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ലോകപ്രശസ്ത ചിത്രകാരന്റെ സൃഷ്ടിയാണ് അവസാന അത്താഴത്തിന്റെ ചിത്രം. ഈ സൃഷ്ടി ലോകമാകെ അംഗീകരിച്ചു, ആസ്വദിച്ചു. കലാകാരന്റെ ഭാവനയ്ക്കനുസരിച്ചാണ് കലാസൃഷ്ടിക്ക് രൂപം നല്‍കുന്നത്. ഇത്തരം കലാസൃഷ്ടികളെ മാതൃകയാക്കി പിന്നീട് മറ്റ് കലാകാരന്‍മാര്‍ അവരുടെ ഭാവനകളില്‍ സൃഷ്ടികള്‍ നടത്താറുണ്ട്- പിണറായി പറഞ്ഞു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും എന്തു കിട്ടിയാലും ഏറ്റുപിടിക്കുകയാണെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. എങ്ങനെയെങ്കിലും നാലുപേരെ സിപിഐ എമ്മിന് എതിരാക്കാന്‍ പറ്റുമോയെന്നാണ് അവരുടെ നോട്ടം- പിണറായി പറഞ്ഞു.

മനോരമയുടേത് ക്രിമിനല്‍ കുറ്റം: ചെറുന്നിയൂര്‍

മതവികാരം വ്രണപ്പെടുത്തുന്നവിധം പ്രചാരണം നടത്തുകവഴി മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ് മലയാളമനോരമ ചെയ്തതെന്ന് പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍നായര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 295-എ വകുപ്പനുസരിച്ച് പൊലീസിന് ഇക്കാര്യത്തില്‍ ജാമ്യമില്ലാ വകുപ്പില്‍ നേരിട്ട് കേസെടുക്കാം. ക്രൈസ്തവ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ് മനോരമ പ്രസിദ്ധീകരിച്ചത്. മതനിന്ദ ആരോപിച്ച് മതവിശ്വാസികളെ ഇളക്കിവിടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. വിശ്വാസികള്‍ ആദരപൂര്‍വം കാണുന്ന ചിത്രമായ തിരുവത്താഴത്തെ ഓര്‍മിപ്പിക്കുന്ന ബോര്‍ഡുവച്ചതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ നീക്കംചെയ്തതാണ്. ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിനുപിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് സിപിഐ എം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ , മനോരമ മനഃപൂര്‍വം മതവിശ്വാസം വ്രണപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വികലവ്യാഖ്യാനം നല്‍കി മനോരമ ഇത് പ്രസിദ്ധീകരിച്ചത് ശിക്ഷാര്‍ഹമായ കുറ്റമാണ്. വിശ്വാസം ചൂഷണംചെയ്ത് പ്രകോപനം സൃഷ്ടിക്കാനും മതസ്പര്‍ധ വളര്‍ത്താനുമാണ് ഇതുവഴി ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎന്‍ടിയുസിയും തിരുവത്താഴം പോസ്റ്ററാക്കി
ആലപ്പുഴ: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ "തിരുവത്താഴം" ചിത്രത്തിലെ യേശുവിനെയും ശിഷ്യന്മാരെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാക്കി ഐഎന്‍ടിയുസിയും പോസ്റ്റടിച്ചു. വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരിഷ്കരിച്ചപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും താഴെയായി എന്ന് വിമര്‍ശിച്ച് ഇറക്കിയ പോസ്റ്ററിലാണ് അവസാന അത്താഴം പ്രമേയമാക്കിയത്. ഇതില്‍ യേശുവിനെ ജീവനക്കാരനായും സിഐടിയുവിനെ യൂദാസാക്കിയും ചിത്രീകരിക്കുന്നു. വൈദ്യുതി ബോര്‍ഡില്‍ ശമ്പളം സര്‍ക്കാര്‍ നിരക്കിനു പിന്നില്‍ , പരിഷ്കാരം നിര്‍ദേശിച്ചത് സിഐടിയു എന്ന മനോരമ വാര്‍ത്തയും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. വി എസ് ശിവകുമാര്‍ , തമ്പാനൂര്‍ രവി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഐഎന്‍ടിയുസിയിലെ സജീവ് ജനാര്‍ദ്ദനന്‍ വിഭാഗമാണ് പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്.

പരസ്യമായ ദൈവനിന്ദ: ഉമ്മന്‍ചാണ്ടി

കോട്ടയം: തിരുവത്താഴത്തോട് ഉപമിക്കുന്ന തരത്തില്‍ രാഷ്ട്രീയ നേതാക്കളെ ചിത്രീകരിച്ച നടപടി പരസ്യമായ ദൈവനിന്ദയാണെന്നും സിപിഐ എം മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. ക്രിസ്തുവിന്റെ ചിത്രം സമ്മേളനനഗറില്‍ വച്ചത് തെറ്റായി. തിരുവത്താഴത്തോട് ഉപമിച്ച് രാഷ്ട്രീയ നേതാക്കളെ ചിത്രീകരിച്ചത് അതിലും തെറ്റായെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ ചിത്രം വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ടി സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ നോക്കുകയാണെന്ന് മന്ത്രി കെ എം മാണി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഐ എം നീക്കം മതവികാരം വ്രണപ്പെടുത്താനെന്ന് കെസിവൈഎം

കൊച്ചി: "തിരുവത്താഴ" ചിത്രത്തെ പ്രചാരണോപാധിയാക്കി മതവികാരത്തെ വ്രണപ്പെടുത്താനാണ് സിപിഐ എം നീക്കമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കെസിവൈഎം ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനു ശ്രമിച്ചവര്‍ മാപ്പുപറയണം. ക്രൈസ്തവസമൂഹത്തെയും വിശ്വാസത്തെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മതത്തെയും വിശ്വാസത്തെയും സംരക്ഷിക്കാന്‍ സര്‍ക്കാരും മുഖമന്ത്രിയും മുന്‍കൈയെടുക്കണം. ക്രൈസ്തവസമൂഹത്തെ അവഗണിച്ച് മുന്നോട്ടുപോകാമെന്ന് ആരും കരുതേണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സോണി പവേലില്‍ , ജനറല്‍ സെക്രട്ടറി സിറിയക് ചാഴിക്കാടന്‍ , ഫാ. ജെയ്സണ്‍ കൊള്ളന്നൂര്‍ , ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 060212

1 comment:

  1. 22 വര്‍ഷം മുമ്പ് ദുഃഖവെള്ളിയാഴ്ച നാളില്‍ അവസാന അത്താഴം കാര്‍ട്ടൂണാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ മലയാള മനോരമയ്ക്ക് മതവികാരം വ്രണപ്പെട്ടില്ല. ഇപ്പോള്‍ അവസാന അത്താഴത്തിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള ദുഷ്ടലാക്കോടെ മനോരമ രംഗത്തിറങ്ങി. യേശുവിന്റെ സ്ഥാനത്ത് വി പി സിങ്ങിനെ ചിത്രീകരിച്ച് 1990 ഏപ്രില്‍ 13നാണ് മനോരമ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ആ കാര്‍ട്ടൂണ്‍ പിന്നീട് അവാര്‍ഡും നേടി. അതേ മനോരമ തന്നെയാണ് അവസാനത്തെ അത്താഴം സിപിഐ എം വികലമായി ചിത്രീകരിച്ചതായി ഇപ്പോള്‍ മുറവിളി കൂട്ടി ക്രൈസ്തവരെ പാര്‍ടിക്കെതിരെ രംഗത്തിറക്കാന്‍ ഗൂഢാലോചന നടത്തുന്നത്.

    ഒരാഴ്ച മുമ്പേ നീക്കംചെയ്ത ബോര്‍ഡിന്റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ മനോരമ തെരഞ്ഞെടുത്ത ദിവസംതന്നെയാണ് ഗൂഢാലോചനയ്ക്ക് പ്രധാന തെളിവ്. അവസാനത്തെ അത്താഴം വികലമായി ചിത്രീകരിച്ച ബോര്‍ഡ് അര മണിക്കൂറിനകം തന്നെ നീക്കിയതാണ്. എന്നാല്‍ , ക്രൈസ്തവര്‍ ദേവാലയങ്ങളില്‍ പോകുന്ന ഞായറാഴ്ചവരെ വിഷപ്രയോഗത്തിന് മനോരമ കാത്തിരുന്നു.

    ReplyDelete