Wednesday, February 29, 2012

പണിക്കര്‍ മാന്യനായ സമുദായ നേതാവ് പിണറായി

മാന്യവും സൗമ്യവുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി കെ നാരായണപ്പണിക്കരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തില്‍ വീഴ്ച്ച വരുത്താതെയുള്ള സാമുദായിക പ്രവര്‍ത്തനശൈലിയാണ് അദ്ദേഹം എന്നും പിന്തുടര്‍ന്നത്. മതനിരപേക്ഷമായ അന്തരീക്ഷത്തിന് പോറലുണ്ടാവാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചു.

സംഘപരിവാര്‍ ശക്തികള്‍ എന്‍എസ്എസിനെ ഉപസംഘടനയാക്കി മാറ്റാനും അതിന്റെ സ്ഥാപനങ്ങളെ അധീനത്തിലാക്കാനും ശ്രമിച്ച നിര്‍ണ്ണായക ഘട്ടത്തില്‍ അതിനെതിരെ എന്‍എസ്എസിന്റെ വ്യക്തിത്വം സംരക്ഷിച്ചുറപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വം കൊണ്ട് സാധിച്ചു.

എന്‍എസ്എസ് സ്ഥാപനങ്ങളെ വൈവിധ്യവല്‍ക്കരണത്തിലൂടെ വളര്‍ച്ചയിലേക്കും വികസനത്തിലേക്കും നയിച്ചു അദ്ദേഹത്തിന്റെ നേതൃത്വം. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ നഷ്ടമാണ് നാരായണപ്പണിക്കരുടെ വിയോഗംമൂലമുണ്ടായതെന്നും പിണറായി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.

പണിക്കരുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

കോട്ടയം: എന്‍എസ്എസ് നേതാവ് നാരായണപണിക്കരുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. സാമൂഹ്യരാഷ്ട്രീയരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ സ്മരിച്ചു. പൊതുരംഗത്തു നിന്ന നേതാക്കളില്‍ വ്യത്യസ്തനായിരുന്നു അദ്ദേഹമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അനുസ്മരിച്ചു. മാന്യതയുടെ ആള്‍രൂപമായിരുന്ന അദ്ദേഹം ആര്‍ക്കും അനുകൂലിക്കാവുന്ന മാതൃകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. കേരളത്തിന്റെ നേതാവായിരുന്നു നാരായണപണിക്കരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. മൂന്ന് പതിറ്റാണ്ടോളം എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി സേവസമനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ മികച്ച പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

നാരായണപണിക്കര്‍ ലളിതമായ ജീവിതശൈലിക്കുടമയായിരുന്നുവെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മിച്ചു. സൗമ്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. സമദൂരം കൊണ്ട് എന്‍എസ്എസ് നിലപാടിന് വ്യക്തത നല്‍കിയ നേതാവായിരുന്നു. പ്രത്യേകതയാര്‍ന്ന പ്രവര്‍ത്തനശൈലിക്കുടമയായിരുന്നു അദ്ദേഹമെന്നും കോടിയേരി അനുസ്മരിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കുഞ്ഞാലിക്കുട്ടി, കെ എം മാണി,മുന്‍മന്ത്രിമാരായ മാത്യു ടി തോമസ്,എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ അനുശോചിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി വിവിധസംഘടനാനേതാക്കള്‍ പണിക്കരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

deshabhimani 290212

1 comment:

  1. മാന്യവും സൗമ്യവുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി കെ നാരായണപ്പണിക്കരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തില്‍ വീഴ്ച്ച വരുത്താതെയുള്ള സാമുദായിക പ്രവര്‍ത്തനശൈലിയാണ് അദ്ദേഹം എന്നും പിന്തുടര്‍ന്നത്. മതനിരപേക്ഷമായ അന്തരീക്ഷത്തിന് പോറലുണ്ടാവാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചു.

    ReplyDelete