Sunday, February 26, 2012

പിറവത്തിനുശേഷം ഗണേശനെതിരെ നടപടി: പിള്ള

പിറവം തെരഞ്ഞെടുപ്പു ഫലം വന്നശേഷം മന്ത്രി കെ ബി ഗണേശ്കുമാറിനെതിരെയുള്ള പാര്‍ടി നടപടി തീരുമാനിക്കുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഗണേശ്കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വന്‍ അഴിമതിക്കാരനാണെന്നും പിള്ള പറഞ്ഞു. പാര്‍ടി ജില്ലാകമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിള്ള.

തന്റെ രാഷ്ട്രീയജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൊന്നും യുഡിഎഫില്‍നിന്ന് ഒരു സഹായവും ഉണ്ടായിട്ടില്ല. ഘടക കക്ഷികളോടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമീപനത്തിന് പരിമിതികളുണ്ട്. ഇപ്പോള്‍ ഞാന്‍ മരിച്ച അവസ്ഥയിലാണ്. പിറവം തെരഞ്ഞെടുപ്പിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. മന്ത്രി ഗണേശ്കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദീപിനെ തല്ലിയത് സംബന്ധിച്ച ചോദ്യത്തിന് അവന് നേരത്തെ കിട്ടേണ്ടതായിരുന്നു എന്നാണ് പിള്ള പ്രതികരിച്ചത്. പത്തനാപുരത്ത് ഗണേശന്റെ എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ നേതാവാണ് പ്രദീപ്. ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് മന്ത്രിയുടെ പൂര്‍ണ പിന്തുണയും എന്‍ഡിഎഫ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്‍ബലവുമുണ്ട്. പ്രദീപിന്റെ നേതൃത്വത്തില്‍ വന്‍ പണപ്പിരിവാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് പാര്‍ടി പ്രവര്‍ത്തകര്‍ പരാതി തന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് പാര്‍ടി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിയുടെ സെക്രട്ടറിക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നായിരുന്നു പിള്ളയുടെ മറുപടി.

ഗണേശ്കുമാറിന്റെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കാന്‍ രാവിലെ പിള്ളയുടെ കൊട്ടാരക്കരയിലെ വീട്ടില്‍ ചേര്‍ന്ന പാര്‍ടി ജില്ലാ കമ്മിറ്റിയോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. പാര്‍ടി തീരുമാനത്തിനു വിരുദ്ധമായി ഗണേശ്കുമാറിന്റെ പരിപാടികളില്‍ പങ്കെടുത്ത ജില്ലാ വൈസ് പ്രസിഡന്റ് പട്ടാഴി ഷിബുവിനെ യോഗത്തില്‍നിന്ന് പിള്ള ഇറക്കിവിട്ടു. പകരം പിള്ളയുടെ അനുയായി തോമസിനെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. മന്ത്രിയെക്കൊണ്ട് സിനിമയിലെ ചില ഞാഞ്ഞൂലുകള്‍ക്ക് മാത്രമാണ് ഗുണം. പാര്‍ടിയില്‍ ഒന്നുമല്ലാത്ത പ്രദീപ് പാര്‍ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് പാര്‍ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ടി പരിപാടികളില്‍ പങ്കെടുക്കാത്ത ഗണേശ്കുമാറിനെ ഉടന്‍ പുറത്താക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 260212

No comments:

Post a Comment