Monday, February 27, 2012

വൈദ്യുതപദ്ധതികളില്‍ ദീര്‍ഘവീക്ഷണമില്ല; കേരളം ഇരുട്ടിലേക്ക്

ദിവസംതോറും വര്‍ധിച്ചുവരുന്ന  ഉപഭോഗത്തിനനുസരിച്ച് വൈദ്യതോത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതു മൂലം കേരളം പവര്‍കട്ടിന്റെ നാളുകളിലേക്ക് നീങ്ങുമെന്ന് സൂചന. ശരാശരി ഉപഭോഗത്തിന്റെ 70 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്്പാദിക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഉപഭോഗം 25 ശതമാനം കൂടുമെന്നിരിക്കെ വൈദ്യുതി ക്ഷാമം 50 ശതമാനമായി ഉയരുമെന്നാണ് കണക്ക്.

കേരളത്തിലെ ജല-താപ വൈദ്യുതനിലയങ്ങളുടെ ഉത്പാദനശേഷി 2229.26 മെഗാവാട്ടാണ്. നമുക്ക് ആവശ്യമുളളതാകട്ടെ 3300 മെഗാവാട്ടും. അഞ്ചുവര്‍ഷം കഴിയുമ്പോഴേക്കും ആവശ്യം 4574 മെഗാവാട്ട് ആയേക്കുമെന്നാണ് അനുമാനിക്കുന്നത്.  സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളുടെ ശേഷിയുടെ 70 ശതമാനം മാത്രമാണ് ഇന്ന് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഉത്പാദനത്തിന്റെ 15 ശതമാനത്തോളം വിതരണത്തിനും പ്രസരണത്തിനുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേന്ദ്രപൂളില്‍ നിന്നും അനുവദിക്കപ്പെട്ട വൈദ്യുതിയും നമുക്ക് കൃത്യമായി ലഭിക്കാറില്ല. ഇടുക്കി, ഇടമലയാര്‍, ശബരിഗിരി എന്നിവിടങ്ങളിലാണ് വേനല്‍ക്കാലത്തെ ഉത്പാദനത്തിനായി ജലം സംഭരിക്കുന്നത്. മാര്‍ച്ച് മാസത്തോടെ മറ്റു ജലസംഭരണികളില്‍ ആവശ്യത്തിന് വെളളം ഉണ്ടാകാറില്ല. മൊത്തം സംഭരണശേഷിയുടെ 80 ശതമാനവും ഇടുക്കിയിലാണ്. ഇത്തവണ മുല്ലപ്പെരിയാര്‍ ഭീഷണിയെത്തുടര്‍ന്ന് ഇടുക്കിയിലെ ജലസംഭരണം കുറച്ചതുകാരണം വേനല്‍ക്കാലമാകുമ്പോഴേക്കും കേരളം ഇരുട്ടിലാകുമെന്നാണ് സൂചന.

റുതും വലുതുമായി നിര്‍മ്മാണത്തിലിരിക്കുന്ന   ജലവൈദ്യുതപദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധിക്കാതിരുന്നതാണ് ഇന്നത്തെ സ്ഥിതിക്ക് കാരണം. വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഉത്പാദനം വര്‍ധിപ്പിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളുന്നുമില്ല.   പാലക്കാട് ജില്ലയിലെ മീന്‍വല്ലം പോലുള്ള ചെറുകിട പദ്ധതികള്‍  സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകുന്നില്ല. പാരമ്പര്യേതര മാര്‍ഗങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താനും തയ്യാറാകുന്നില്ല. കായംകുളം താപനിലയത്തിന്റെ നിലവിലുളള ശേഷിപോലും കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ നമുക്കാവുന്നില്ല. ഉള്ള പദ്ധതികളില്‍ പലതും വിവാദത്തില്‍ കുരുങ്ങിനില്‍ക്കുന്നു. ആതിരപ്പള്ളി പോലെ പാരിസ്ഥിതിക വിവാദങ്ങളില്‍ കുടുങ്ങുന്ന വന്‍കിട പദ്ധതികളല്ലാതെ പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ വൈദ്യുതി വകുപ്പ് താത്പര്യമെടുക്കാത്തതാണ് പ്രധാന പ്രശ്‌നം.

പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഒഴിവാക്കുന്നതിന് പുറത്തുനിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുക മാത്രമാണ് ഇനി പോംവഴി. ഇപ്പോള്‍ അഞ്ചുരൂപ വിലയുളള വൈദ്യുതിക്ക് മാര്‍ച്ച് മാസമാകുമ്പോഴേക്കും 12 രൂപ വരെ കൊടുക്കേണ്ടിവരും. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്‍കുമ്പോള്‍ വരുന്ന നഷ്ടം വൈദ്യുതിബോര്‍ഡ് അടുത്ത കണക്കില്‍ കാണിക്കുകയും വൈദ്യുതി നിരക്കുയര്‍ത്താനുളള ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യാനിടയുണ്ട്. തമിഴ്‌നാടും ആന്ധ്രയും കൂടിയ വിലയ്ക്കുളള വൈദ്യുതി ഇപ്പോള്‍തന്നെ ബുക്കു ചെയ്തുകഴിഞ്ഞു. കേരളം അതേപ്പറ്റി ആലോചിച്ചു തുടങ്ങിയിട്ടേയുളളു. അതിനാല്‍ തന്നെ ഉയര്‍ന്ന വിലയ്ക്കുള്ള വൈദ്യുതി പോലും ലഭിക്കാന്‍ ഇത്തവണ ബുദ്ധിമുട്ടും. അങ്ങനെ വന്നാല്‍ കേരളത്തിന് പവര്‍കട്ട് സ്വന്തമാകും.

സുരേന്ദ്രന്‍ കുത്തനൂര്‍ janayugom 280212

1 comment:

  1. ദിവസംതോറും വര്‍ധിച്ചുവരുന്ന ഉപഭോഗത്തിനനുസരിച്ച് വൈദ്യതോത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതു മൂലം കേരളം പവര്‍കട്ടിന്റെ നാളുകളിലേക്ക് നീങ്ങുമെന്ന് സൂചന. ശരാശരി ഉപഭോഗത്തിന്റെ 70 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്്പാദിക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഉപഭോഗം 25 ശതമാനം കൂടുമെന്നിരിക്കെ വൈദ്യുതി ക്ഷാമം 50 ശതമാനമായി ഉയരുമെന്നാണ് കണക്ക്.

    ReplyDelete