Monday, February 27, 2012

ദേശീയ ഉപജീവന മിഷന്‍ ഫണ്ട് ജനശ്രീവഴിയാക്കാന്‍ നീക്കം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) കേരളത്തിലെ നടത്തിപ്പില്‍നിന്ന് കുടുംബശ്രീയെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. കോടികള്‍ ഒഴുകുന്ന ഈ പദ്ധതി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജനശ്രീയെ ഏല്‍പ്പിക്കാനാണ് പദ്ധതി. ഇതിനുമുന്നോടിയായി, ഫണ്ട് "മറ്റ് ഏജന്‍സികള്‍ക്ക്" കൈമാറരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടന കേന്ദ്രമന്ത്രി ജയറാം രമേഷിന് നിവേദനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പി ടി തോമസ് എംപി യുടെ ശുപാര്‍ശക്കത്തോടെയാണ് കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയത്. "മറ്റ് ഏജന്‍സികള്‍" എന്നതിലൂടെ സൂചിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീയെയാണ്. മുഖ്യമന്ത്രിയുടെയും സംസ്ഥാന ഗ്രാമവികസനമന്ത്രി കെ സി ജോസഫിന്റെയും പിന്തുണയോടെയാണ് ഈ നീക്കം. ഗ്രാമവികസന വകുപ്പിലേക്ക് ഫണ്ട് നേരിട്ട് ലഭിക്കണമെന്ന ആവശ്യം ജനശ്രീക്ക് കൈമാറാന്‍വേണ്ടിയാണെന്നും അറിയുന്നു.

ദേശീയ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെ നിയോഗിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വനിതാക്ഷേമ ഓഫീസര്‍ അടക്കം നാല് തസ്തിക ഗ്രാമവികസന വകുപ്പില്‍ നിന്ന് കുടുംബശ്രീയിലേക്ക് മാറ്റുകയും ചെയ്തു. ഇത് നിലനില്‍ക്കെത്തന്നെയാണ് കുടുംബശ്രീയെ ഒഴിവാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തന്ത്രം മെനയുന്നത്. എന്‍ആര്‍എല്‍എം നടപ്പാക്കുന്നതിന് കുടുംബശ്രീയെ മാതൃകയാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ കേരളത്തിലെത്തിയിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം കേരളത്തിന് ലഭ്യമാകുമായിരുന്ന എന്‍ആര്‍എല്‍എം ഫണ്ട് വേണ്ടെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതും ഗൂഢനീക്കം വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വന്ന സ്വര്‍ണജയന്തി സ്വറോസ്ഗാര്‍ യോജനയുടെ (എസ്ജിഎസ്വൈ) തുടര്‍പദ്ധതിയാണ് എന്‍ആര്‍എല്‍എം. എന്‍ആര്‍എല്‍എം നിലവില്‍വന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ എസ്ജിഎസ്വൈയുടെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതാണ്. ഇതനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം എന്‍ആര്‍എല്‍എം ഫണ്ട് ലഭിക്കുമായിരുന്നു. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷംകൂടി സംസ്ഥാനത്തിന് എസ്ജിഎസ്വൈ പ്രകാരമുള്ള ഫണ്ട് മതിയെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു. ഈ സാവകാശം ഉപയോഗിച്ച് കുടുംബശ്രീയെ ഒഴിവാക്കാനാണ് തീരുമാനം. എന്‍ആര്‍എല്‍എം നടത്തിപ്പ് കുടുംബശ്രീയെത്തന്നെ ഏല്‍പ്പിക്കുമെന്ന ഗ്രാമവികസനമന്ത്രിയുടെ നിയമസഭയിലെ ഉറപ്പും ഇതോടെ ലംഘിക്കപ്പെടുകയാണ്.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജനശ്രീ സുസ്ഥിര വികസന മിഷന് ഖജനാവില്‍നിന്ന് വഴിവിട്ട് 50 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കവും. ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത വിധം സാമ്പത്തികപ്രതിസന്ധിയില്‍ കുടുംബശ്രീ മിഷനെ അകപ്പെടുത്തിയാണ് ജനശ്രീയെ വളര്‍ത്താന്‍ ശ്രമിക്കുന്നത്. 100 കോടി രൂപ കുടുംബശ്രീക്ക് അനുവദിക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇത് 45 കോടിയായി ചുരുക്കി.
(ആര്‍ സാംബന്‍)

deshabhimani 270212

1 comment:

  1. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജനശ്രീ സുസ്ഥിര വികസന മിഷന് ഖജനാവില്‍നിന്ന് വഴിവിട്ട് 50 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കവും. ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത വിധം സാമ്പത്തികപ്രതിസന്ധിയില്‍ കുടുംബശ്രീ മിഷനെ അകപ്പെടുത്തിയാണ് ജനശ്രീയെ വളര്‍ത്താന്‍ ശ്രമിക്കുന്നത്. 100 കോടി രൂപ കുടുംബശ്രീക്ക് അനുവദിക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇത് 45 കോടിയായി ചുരുക്കി.

    ReplyDelete