Sunday, February 26, 2012

പിറവത്ത് വര്‍ഗീയതീക്കളിയുമായി യുഡിഎഫ്

ഭരണത്തിനെതിരായ ജനവിധിയായി പിറവം ഉപതെരഞ്ഞെടുപ്പ് മാറുന്നത് തടുക്കാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരും യുഡിഎഫും വര്‍ഗീയത്തീക്കളിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്ത യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ അതിന്റെ പരസ്യപ്രകടനമായി. യേശുക്രിസ്തുവിനെ വിമോചനപ്പോരാളിയായി കാണുന്നത് മതനിരപേക്ഷചിന്തയാണ്. എന്നാല്‍ , ഇതിനെ എതിര്‍ത്തുകൊണ്ട് ക്രിസ്തുവിനെയും മതത്തെയും വിശ്വാസത്തെയും കൂട്ടിയിണക്കി ജാതിപറഞ്ഞ് വോട്ട് പിടിക്കുന്ന വിലകുറഞ്ഞ നിലവാരത്തിലാണ് യുഡിഎഫ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാര്‍ , ആര്‍ ബാലകൃഷ്ണപിള്ള എന്നിവരെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദത്തോടെ നടത്തിയ പ്രസംഗങ്ങളെല്ലാം ഈ ദിശയിലുള്ളതാണ്. പിറവത്തെ വോട്ടര്‍മാരില്‍ നല്ലൊരു പങ്ക് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണെന്നത് കണക്കിലെടുത്താണ്, ഭരണഘടനയെ ലംഘിക്കുന്ന ഈ ജാതിക്കളി. കണ്‍വന്‍ഷനെത്തിയ മുഖ്യമന്ത്രി ഒരു സമുദായത്തിലെ ഒരുവിഭാഗത്തിന്റെ മതമേധാവിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതും നല്ല സന്ദേശമല്ല നാട്ടില്‍ പരത്തിയത്. മതത്താല്‍ നിര്‍ണയിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതുമായ രാഷ്ട്രീയത്തില്‍ യുഡിഎഫ് അഭയം പ്രാപിച്ചത് പിറവത്തെ വോട്ടെടുപ്പിനുശേഷവും കേരളസമൂഹത്തെ കളങ്കപ്പെടുത്തും.

സമുദായസംഘടനകളുടെ പരസ്യ ഇടപെടല്‍ യുഡിഎഫ് സ്പോണ്‍സര്‍ഷിപ്പില്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാന്‍ "യുഡിഎഫിന് വോട്ട്" എന്ന മുദ്രാവാക്യവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ രംഗത്തുവന്നത്. പി കെ നാരായണപ്പണിക്കര്‍ ജനറല്‍സെക്രട്ടറിയായിരുന്ന കാലത്ത് സമദൂരം എന്ന പാതയിലായിരുന്നു ഏറെക്കുറെ. എന്നാല്‍ , ചില ഘട്ടങ്ങളില്‍ സമദൂരം പറയുകയും യുഡിഎഫ് പാതയില്‍ രഹസ്യമായി എത്തുകയും ചെയ്തിരുന്നു. പക്ഷേ, ഇക്കുറി സുകുമാരന്‍നായര്‍ നയിക്കുന്ന എന്‍എസ്എസ് മറയില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കയാണ്. പിറവത്തെ ഉപതെരഞ്ഞെടുപ്പുഫലം വന്നതുകൊണ്ടുമാത്രം സര്‍ക്കാര്‍ അസ്ഥിരപ്പെടണമെന്നില്ല. പാര്‍ലമെന്ററി ഉപജാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല എന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും പിറവത്ത് തോറ്റാല്‍ മന്ത്രിസഭ പോകുമെന്ന് സുകുമാരന്‍നായര്‍ പ്രഖ്യാപിച്ചിരിക്കയാണ്. പിറവത്ത് തോറ്റാല്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയും ഇടക്കാല തെരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് സുകുമാരന്‍നായര്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ ഉച്ചഭാഷിണിയായാണ് ഒരു സമുദായനേതാവ് മാറിയിരിക്കുന്നത്. ഇതു ശരിയോ തെറ്റോ എന്ന് വ്യക്തമാക്കാനുള്ള ചുമതല മുഖ്യമന്ത്രിക്കുണ്ട്.

ചില പ്രത്യേക മതവിഭാഗങ്ങളുടെ സങ്കുചിത ആവശ്യങ്ങളെ മുന്‍നിര്‍ത്തിയും സമുദായസംഘടനകളുടെ നിര്‍ദേശപ്രകാരം മന്ത്രിമാരെ നിര്‍ണയിച്ചും നാട്ടില്‍ സാമുദായിക വേര്‍തിരിവ് വ്യാപകമാക്കിയിരിക്കയാണ് ഉമ്മന്‍ചാണ്ടി ഭരണം. കോണ്‍ഗ്രസിന്റെ മന്ത്രിമാരില്‍ ചിലരെ നിശ്ചയിച്ചിത് എന്‍എസ്എസ് ആണെന്ന് സുകുമാരന്‍നായര്‍ നേരത്തെ പറഞ്ഞു. മുസ്ലിംലീഗിന് എത്ര മന്ത്രിമാരെന്നും അവരുടെ വകുപ്പ് എന്തെന്നും മുഖ്യമന്ത്രി അറിയാതെ മുസ്ലിംലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് വര്‍ഗീയതയിലും ജാതീയതയിലും ഊന്നിയ രാഷ്ട്രീയവുമായി യുഡിഎഫ് പിറവത്ത് തീക്കളി നടത്തുന്നത്.
(ആര്‍ എസ് ബാബു)

deshabhimani 260212

2 comments:

  1. ഭരണത്തിനെതിരായ ജനവിധിയായി പിറവം ഉപതെരഞ്ഞെടുപ്പ് മാറുന്നത് തടുക്കാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരും യുഡിഎഫും വര്‍ഗീയത്തീക്കളിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്ത യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ അതിന്റെ പരസ്യപ്രകടനമായി.

    ReplyDelete
  2. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പിറവത്ത് മാര്‍ച്ച് മൂന്നിന് വൈകിട്ട് എല്‍ഡിഎഫ് റാലി നടത്തും. മുന്നണിയുടെ എല്ലാ നേതാക്കളും സമ്മേളനത്തില്‍ പ്രസംഗിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

    ReplyDelete