Tuesday, February 28, 2012

ആന എഴുന്നള്ളിപ്പ്: സര്‍ക്കാര്‍ ഉത്തരവ് നിയമങ്ങളെ അട്ടിമറിക്കും

ആന കോണ്‍ട്രാക്ടര്‍മാരേയും ഉത്സവ സംഘാടകരേയും നിയമവിരുദ്ധമായി സഹായിക്കാനാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഇറക്കിയ പുതിയ ഉത്തരവെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം 2003ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നാട്ടാന പരിപാലനചട്ടം നടപ്പാക്കാന്‍ 2008 മാര്‍ച്ചില്‍ ഹൈക്കോടതി ഉത്തവ് പുറപ്പെടുവിച്ചിരുന്നു. ആനകളെ എഴുന്നള്ളിക്കുന്ന ദിവസവും തടി പിടിപ്പിക്കുന്ന ദിവസവും വെറ്ററിനറി സര്‍ജന്‍ ആനയെ നേരിട്ട് പരിശോധിക്കണമെന്നാണ് വ്യവസ്ഥ. ആനക്ക് പരുക്കും മദപ്പാടും ഇല്ലെന്നും ഭേദ്യം കൂടാതെ പാപ്പാനെ അനുസരിക്കുന്നുണ്ടെന്നും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉറപ്പാക്കിയ ശേഷമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയിലൊരിക്കല്‍ പുതുക്കാവു. ആന എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് കലക്ടറുടെ അനുമതിപത്രം വാങ്ങണമെന്ന ഉത്തരവ് മറികടക്കാന്‍ എഴുന്നള്ളിപ്പുകളുടെ വിവരം പൊലീസ് സ്റ്റേഷനിലും വനം ഓഫീസിലും നല്‍കിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ആനകളെ ദിവസം 30 കി. മീ. നടത്താനും പുതിയ ഉത്തരവില്‍ അനുവാദം നല്‍കുന്നുണ്ട്. ആനകരാറുകാരുടെ സംഘടനാ ഭാരവാഹികളേയും ജില്ലാ തല നാട്ടാന പീഡന നിവാരണ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവും കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആനകളുടെ സംരക്ഷണം മുഖ്യ അജണ്ടയായി എടുത്ത് ബിനോയ് വിശ്വം വനംവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ആനയുടമകളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന വിധത്തില്‍ വനംവകുപ്പ് മാറ്റിമറിക്കുകയാണുണ്ടായതെന്നും കടുത്ത ആക്ഷേപമുണ്ട്.

കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ആന ഇടഞ്ഞ് 300ല്‍പരം പേര്‍ക്ക് ജീവഹാനി വരുത്തിയിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുമെന്നാണ് ആനപ്രേമികളുടെ സംഘടന പറയുന്നത്. മരിച്ചതില്‍ ഭൂരിഭാഗവും ആനപാപ്പാന്മാരാണ്. വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതും പ്രതികൂല കാലാവസ്ഥയും പ്രകോപനമുണ്ടാക്കുന്ന വിധത്തിലുള്ള ഇടപെടലുകളുമാണ് ആന ഇടയുന്നതിനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം.

ആനകളുടെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബേബി ആലുവ janayugom 280212

No comments:

Post a Comment