Saturday, February 25, 2012

പിറവത്ത് വിജയമുറപ്പ് എല്‍ഡിഎഫ്

പിറവത്ത് എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് തകര്‍ത്തു. പിറവത്ത് എല്‍ഡിഎഫ് നടത്തിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ സ്വന്തമാക്കിയാണ് യുഡിഎഫ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. അന്ന് വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ത്ത യുഡിഎഫ് ഇപ്പോള്‍ അതിന്റെ അവകാശികളായി രംഗത്തുവരികയാണ്. പിറവത്ത് ഇലക്ട്രോണിക് പാര്‍ക്ക് കൊണ്ടുവന്നത് എല്‍ഡിഎഫാണ്. എല്‍ഡിഎഫ് അതിനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്തുവച്ചു. അന്ന് പദ്ധതിയെ എതിര്‍ത്ത യുഡിഎഫ് ഇപ്പോള്‍ അതേറ്റെടുത്തു. അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്നു പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്. മന്ത്രിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമില്ല.

സ്മാര്‍ട്ട് സിറ്റി ഇപ്പോള്‍ ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ വ്യവസായത്തിന്റെ ശവപ്പറമ്പാക്കിയ ജില്ലയെ വികസനപാതയില്‍ നയിച്ചത് എല്‍ഡിഎഫാണ്. വികസനപ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് തകര്‍ത്തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. പെന്‍ഷനുകള്‍ കുടിശികയാക്കി. എല്‍ഡിഎഫ് 42 ലക്ഷം പേര്‍ക്ക് ഒരു രൂപക്ക് അരി കൊടുത്തതിന്റെ പകുതിതുക പോലും ഇപ്പോള്‍ ചെലവഴിക്കുന്നില്ല. എല്ലാമേഖലകളിലും തകര്‍ച്ചയാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത എല്‍ഡിഎഫിനുണ്ട്. അഴിമതിക്കാരായ മന്ത്രിമാരെക്കൊണ്ട് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് കേസുകള്‍ തേച്ചുമാച്ചുകളയാന്‍ മടിയില്ല. താന്‍ ഒന്നും ചെയ്യുന്നില്ലെന്ന പറയുന്ന മുഖ്യമന്ത്രി മറ്റുള്ളവരെക്കൊണ്ട് അതുചെയ്യിക്കുകയാണ്. അസഭ്യവര്‍ഷം കേട്ട് കോടതിപോലും പിന്‍മാറുകയാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ തിരിച്ചുവന്നതാണ് 9 മാസത്തെ യുഡിഎഫ് ഭരണം കൊണ്ടുണ്ടായ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസമേഖലകള്‍ തകര്‍ന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ പേരിലും ജനങ്ങളെ ചതിക്കുകയാണ്്. തൊഴില്‍കൊടുക്കുമെന്നു പറഞ്ഞ് തറക്കല്ലിട്ട പദ്ധതിയില്‍ 26 ശതമാനം മാത്രമേ റെയില്‍വേക്കുള്ളു. സ്വകാര്യകമ്പനിയാണ് മുതല്‍മുടക്കുന്നത്. പിറവത്ത് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയും തെറ്റായ പ്രചാരണങ്ങളഴിച്ചുവിട്ടുമാണ് യുഡിഎഫ് പ്രചാരണം. വോട്ടേഴ്സ് ലിസ്റ്റില്‍ അനധികൃതമായി ആളെ ചേര്‍ത്തും വാഗ്ദാനങ്ങള്‍ നല്‍കിയും യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയാണ്. അതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിച്ചുമാണ് എല്‍ഡിഎഫിന്റെ പ്രചാരണം. നല്ല ജനപിന്തുണയുള്ള മികച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മല്‍സരിക്കുന്നത്. അതുകൊണ്ടു തന്നെ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്തമാസം മൂന്നിന് പിറവത്ത് ബഹുജനറാലി സംഘടിപ്പിക്കും. ഇടുക്കിയില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കുകയും കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ യോഗം പ്രതിഷേധിച്ചു. 28 ന്റെ ട്രേഡ്യൂനിയന്‍ പണിമുടക്കിന് പിന്തുണ നല്‍കണമെന്നും വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.

1 comment:

  1. പിറവത്ത് എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് തകര്‍ത്തു. പിറവത്ത് എല്‍ഡിഎഫ് നടത്തിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ സ്വന്തമാക്കിയാണ് യുഡിഎഫ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. അന്ന് വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ത്ത യുഡിഎഫ് ഇപ്പോള്‍ അതിന്റെ അവകാശികളായി രംഗത്തുവരികയാണ്. പിറവത്ത് ഇലക്ട്രോണിക് പാര്‍ക്ക് കൊണ്ടുവന്നത് എല്‍ഡിഎഫാണ്. എല്‍ഡിഎഫ് അതിനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്തുവച്ചു. അന്ന് പദ്ധതിയെ എതിര്‍ത്ത യുഡിഎഫ് ഇപ്പോള്‍ അതേറ്റെടുത്തു. അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്നു പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്. മന്ത്രിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമില്ല.

    ReplyDelete