Tuesday, February 28, 2012

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് മുസ്ലിംലീഗിന്റെ രാഷ്ട്രീയ മുതലെടുപ്പ്

കുമളി ടൗണ്‍ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മുസ്ലിംലീഗും യുഡിഎഫും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. വാട്ടര്‍ അതോറിട്ടി മെയിന്റനന്‍സ് കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ഉള്‍പ്പെട്ട സംഘത്തിന്റെ സഹായത്തോടെയാണ് മുതലെടുപ്പ്. കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ്. കുടിവെള്ള വിതരണ ലൈനില്‍ തടസം സൃഷ്ടിക്കല്‍ ഇവര്‍ പതിവാക്കിയിരിക്കുകയാണ്.

അടുത്തിടെ ആഴ്ചകളായി കുമളി ടൗണിന്റെ സമീപപ്രദേശങ്ങളായ റോസാപ്പൂക്കണ്ടം, കിഴക്ക്മേട്, താമരക്കണ്ടം, തേക്കടി, ലബ്ബക്കണ്ടം മേഖലകളില്‍ കുടിവെള്ളം എത്തിയില്ല. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തുമെന്ന് പ്രഖ്യപിച്ചപ്പോള്‍ സമരം പൊളിക്കാന്‍ ദിവസങ്ങളോളം വെള്ളം തുറന്നുവിട്ടു. എന്നാല്‍ മുസ്ലിംലീഗ് പമ്പ് ഹൗസ് മാര്‍ച്ച് 27 ന് നടത്തുമെന്ന് പ്രഖ്യാപിച്ച് പോസ്റ്റര്‍ ഇറക്കിയതുമുതല്‍ ദിവസങ്ങളായി വെള്ളം തുറന്നുവിട്ടില്ല. ഇതേ സമീപനമാണ് തെരഞ്ഞെടുപ്പ് വേളയിലും തുടര്‍ച്ചയായി സ്വീകരിച്ചത്. യുഡിഎഫ് രാഷ്ട്രീയലക്ഷ്യ പൂര്‍ത്തീകരണത്തിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. മാസങ്ങളായി ടൗണിന്റെ സമീപ പ്രദേശങ്ങളിലൊന്നും ശുദ്ധജലമെത്തുന്നില്ല. തകരാറുകള്‍ യഥാസമയം പരിഹരിക്കാറില്ല. തകരാറിന്റെ പേരില്‍ കരാറുകാരന്‍ വര്‍ഷവും ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. മെയിന്റനന്‍സ് നടത്തുന്നത് നാട്ടുകാരില്‍ നിന്ന് വന്‍തുക പിരിച്ചാണ്.
കുമളിയിലെ വന്‍കിട റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും അനധികൃത കണക്ഷനുകള്‍ നല്‍കിയും പണം വാങ്ങുന്നു. നിയമവിരുദ്ധമായി പമ്പിങ്ലൈനില്‍നിന്ന് കണക്ഷന്‍ നല്‍കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം മാസങ്ങളോളം കുടിവെള്ളം മുട്ടിച്ച് നാട്ടുകാരെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനുള്ള ഇവരുടെ നീക്കം വിജയിക്കുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടൗണിന്റെ സമീപപ്രദേശങ്ങളില്‍ രണ്ട് മാസം ശുദ്ധജലമെത്തിയില്ല. കുടിവെള്ളം എത്താത്തതിന് എല്‍ഡിഎഫ് ഭരണസമിതിയാണ് കാരണമെന്നാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. പി ടി തോമസ് വിജയിച്ചാല്‍ വെള്ളമെത്തുമെന്നും പ്രചരിപ്പിച്ചു. കൊടും വേനലിലെ തെരഞ്ഞെടുപ്പില്‍ കുടിവെള്ളം കിട്ടാഞ്ഞ ജനം യുഡിഎഫ് പ്രചാരണത്തില്‍ വീണു. പി ടി തോമസ് വിജയിച്ചതായി പ്രഖ്യാപിച്ചയുടന്‍ വെള്ളം തുറന്നുവിടുകയും ചെയ്തു. അതേ തന്ത്രം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പയറ്റി.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയാണ് കുമളി ടൗണിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 18 ലക്ഷം രൂപ ചെലവഴിക്കുകയും പുതിയ വിതരണലൈന്‍ സ്ഥാപിക്കുകയും ചെയ്തത്. കുമളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വെള്ളം എത്തിക്കുന്നതിന് 12.5 കോടിയുടെ പദ്ധതി മുന്‍ ഭരണസമിതി നടപ്പാക്കി. യുഡിഎഫ് വന്നതോടെ അതും അട്ടിമറിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുമളി സ്വദേശി കരാറുകാരനാണ് കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നില്‍ . കുമളി ചോറ്റുപാറ സ്കൂളില്‍ മദ്യലഹരിയില്‍ അധ്യാപികമാരോട് മോശമായി പെരുമാറുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. കുടിവെള്ള പ്രശ്നമുയര്‍ത്തി രംഗത്ത് വരുന്നവരുടെ പേരില്‍ കള്ളപ്പരാതികള്‍ നല്‍കുന്നതും ഇയാളുടെ പതിവാണ്.

deshabhimani 280212

1 comment:

  1. കുമളി ടൗണ്‍ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മുസ്ലിംലീഗും യുഡിഎഫും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. വാട്ടര്‍ അതോറിട്ടി മെയിന്റനന്‍സ് കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ഉള്‍പ്പെട്ട സംഘത്തിന്റെ സഹായത്തോടെയാണ് മുതലെടുപ്പ്. കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ്. കുടിവെള്ള വിതരണ ലൈനില്‍ തടസം സൃഷ്ടിക്കല്‍ ഇവര്‍ പതിവാക്കിയിരിക്കുകയാണ്

    ReplyDelete