Wednesday, March 28, 2012

കുട്ടനാട് പാക്കേജ് നാളെ മനുഷ്യച്ചങ്ങല


ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം: കുട്ടനാട് പാക്കേജ് അപാകതകള്‍ പരിഹരിച്ച് സമയ ബന്ധിതമായും സുതാര്യമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം വ്യാഴാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. വിപുലമായ കര്‍ഷക പങ്കാളിത്തം ഉറപ്പിക്കാനുള്ള കണ്‍വന്‍ഷനടക്കമുള്ള തയ്യാറെടുപ്പുകളാണ് നടന്നതെന്ന് കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പി എന്‍ പ്രഭാകരനും സെക്രട്ടറി പ്രൊഫ. എം ടി ജോസഫും അറിയിച്ചു. രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ കുട്ടനാടിനെയും കൃഷിയെയും സ്നേഹിക്കുന്ന എല്ലാ കര്‍ഷകരും മനുഷ്യച്ചങ്ങലയില്‍ അണിനിരക്കണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

വിവിധ ഏരിയകളില്‍ നിന്നുള്ള കര്‍ഷക സംഘം പ്രവര്‍ത്തകര്‍ താഴെ പറയുന്ന ക്രമത്തില്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകണമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. കര്‍ഷകര്‍ക്കൊപ്പം മത്സ്യ തൊഴിലാളികളും മറ്റ് തൊഴിലാളികളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. കച്ചവടക്കാര്‍, അധ്യാപകര്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പാക്കേജിന്റെ സുതാര്യമായ നടത്തിപ്പിനായി രംഗത്തുണ്ട്. അവരെല്ലാം മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിനും രംഗത്തിറങ്ങുമെന്ന് കര്‍ഷക സംഘം ഭാരവാഹികള്‍ പറഞ്ഞു. ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല റൂട്ടിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ മനുഷ്യച്ചങ്ങലയില്‍ അണിനിരക്കേണ്ട ക്രമം ചുവടെ. വിവിധ ഏരിയകളും അണിനിരക്കേണ്ട സ്ഥലവും : അയര്‍ക്കുന്നം, പുതുപ്പള്ളി, വാഴൂര്‍: എംസി റോഡില്‍ പെരുന്ന റെഡ് സ്ക്വയര്‍ മുതല്‍ ബൈപാസ് ജങ്ഷന്‍ വരെ. പാലാ: എം സി റോഡില്‍ ബൈപാസ് ജങ്ഷന്‍ മുതല്‍ പത്തനംതിട്ട ജില്ലാ അതിര്‍ത്തി വരെ. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍: എസി റോഡില്‍ റെഡ് സ്ക്വയര്‍ മുതല്‍ മനയ്ക്കച്ചിറ വരെ. വൈക്കം, തലയോലപ്പറമ്പ്: എസി റോഡില്‍ മനയ്ക്കച്ചിറ മുതല്‍ കൊണ്ടൂര്‍ പാലം വരെ. കോട്ടയം, ഏറ്റുമാനൂര്‍: എസി റോഡില്‍ കൊണ്ടൂര്‍ പാലം മുതല്‍ ആലപ്പുഴ ജില്ലാ അതിര്‍ത്തി വരെ. ചങ്ങനാശേരി: റെഡ് സ്ക്വയര്‍ മുതല്‍ രണ്ടാം പാലം വരെ.

ആലപ്പുഴ- തിരുവല്ല പാതയില്‍ മനുഷ്യച്ചങ്ങല നാളെ

ആലപ്പുഴ: കുട്ടനാട് പാക്കേജ് അഴിമതിരഹിതമായും സുതാര്യമായും ഡോ. സ്വാമിനാഥന്‍ റിപ്പോര്‍ട്ടിന് അനുസൃതമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം നേതൃത്വത്തില്‍ വ്യാഴാഴ്ച ആലപ്പുഴ നഗരചത്വരം മുതല്‍ തിരുവല്ലവരെ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ജില്ലാ സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടനാടിന്റെ ജൈവ വൈവിധ്യ സംരക്ഷണത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്ക്കു പരിഹാരം കാണുന്നതിനായി 15 കര്‍മപദ്ധതികളും 59ഓളം സ്കീമുകളുമാണ് ഡോ. എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കായലോര മേഖലയില്‍ 4-6 മീറ്റര്‍ തീരം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ നവീകരിക്കുക, കുട്ടനാടന്‍ കായലുകളുടെയും തോടുകളുടെയും ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുക, വേമ്പനാട്ടുകായലിലെ ജൈവ വൈവിധ്യം സംരക്ഷിക്കുക, കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുക, നെല്‍കൃഷിയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, നെല്‍കൃഷിക്ക് വിള കലണ്ടര്‍, ഗവേഷണം, നെല്ലിന് താങ്ങുവിലയും വിപണനവും, തെങ്ങുകൃഷിയും സംയോജിത കൃഷി പുനരുദ്ധാരണവും മത്സ്യമേഖലയുടെ വികസനം, കായല്‍ ടൂറിസം വികസനം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. പദ്ധതി നടപ്പാക്കുമ്പോള്‍ കുട്ടനാടിന്റെ ലോലമായ പരിസ്ഥിതിക്ക് ആഘാതമേല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ മുന്‍ഗണനക്രമം നിശ്ചയിച്ചല്ല നടപ്പാക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് ഏകോപന സംവിധാനമില്ല. പാക്കേജിന്റെ പേരില്‍ ഭരണകക്ഷികള്‍ തമ്മില്‍തല്ലി കുട്ടനാടിനെ അപമാനിക്കുകയാണ്. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ലക്ഷ്യം അഴിമതിയാണ്. പാക്കേജ് നടത്തിപ്പ് ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്നതായി ഡോ. സുധാപിള്ളയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് കുട്ടനാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനലക്ഷങ്ങള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ആലപ്പുഴ നഗരചത്വരത്തില്‍നിന്ന് ആരംഭിക്കുന്ന ചങ്ങലയില്‍ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ ആദ്യകണ്ണിയാകും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ നെടുമുടി പൂപ്പള്ളിയിലും അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ശ്രീജ ആലപ്പുഴയിലും ജി സുധാകരന്‍ എംഎല്‍എ കൈതവന ജങ്ഷനിലും സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റിയംഗം പി കെ ചന്ദ്രാനന്ദന്‍, സി കെ സദാശിവന്‍ എംഎല്‍എ, സി എസ് സുജാത എന്നിവര്‍ ആലപ്പുഴയില്‍ ചങ്ങലയില്‍ കണ്ണിചേരും. നഗര ചത്വരത്തില്‍നിന്ന് ആരംഭിച്ച് കല്ലുപാലം, പഴവീട്, കൈതവനമുക്ക് വഴി എ സി റോഡില്‍ കിടങ്ങറ ജില്ലാ അതിര്‍ത്തിവരെ ആലപ്പുഴ ജില്ലാകമ്മിറ്റിയും കിടങ്ങറ മുതല്‍ പെരുന്നവഴി തിരുവല്ലവരെ കോട്ടയം പത്തനംതിട്ട ജില്ലാ കമ്മിറ്റികളും മനുഷ്യച്ചങ്ങല തീര്‍ക്കും. ജില്ലയില്‍ 24.5 കിലോമീറ്റര്‍ ദൂരത്തില്‍ ചങ്ങലതീര്‍ക്കും. വൈകിട്ട് അഞ്ചിന് ജനലക്ഷങ്ങള്‍ ചങ്ങലതീര്‍ത്ത് പ്രതിജ്ഞചൊല്ലും. തുടര്‍ന്ന് നഗരചത്വരം, കൈതവനമുക്ക്, പൂപ്പള്ളി, മങ്കൊമ്പ്, രാമങ്കരി, കിടങ്ങറ എന്നിവിടങ്ങളില്‍ യോഗം ചേരും. ജില്ലാ സംഘാടകസമിതി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു, സെക്രട്ടറി എം ശ്രീകുമാരന്‍തമ്പി, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ജി വേണുഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം കോട്ടയ്ക്കല്‍ വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 280312

No comments:

Post a Comment