Tuesday, March 27, 2012

ലീഗ് നില വിടരുത്

യുഡിഎഫിലെ രണ്ടാംകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഏതാനും ചില ജില്ലകളില്‍മാത്രമാണ് ഗണ്യമായ സ്വാധീനമുള്ളത്. അങ്ങനെയുള്ള എല്ലായിടത്തും ആ പാര്‍ടിക്കാര്‍ തമ്മിലടിച്ച് ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുകയാണ്. ലീഗിന്റെതന്നെ സമുന്നതരായ നേതാക്കളും പൊലീസും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ലീഗ് അണികളാല്‍ പരസ്യമായി കൈയേറ്റം ചെയ്യപ്പെടുന്നു. അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടി കോണ്‍ഗ്രസിനു മുന്നില്‍ നാണംകെടേണ്ടിവരുന്ന സ്ഥിതിയാണ് ലീഗിന്. ഇതിലൊക്കെ പ്രതിഷേധിച്ച് അണികള്‍ സമുന്നതനേതാവിന്റെ വസതിയിലേക്ക് മാര്‍ച്ചുചെയ്യുന്ന സ്ഥിതിവരെയായി. അക്ഷരാര്‍ത്ഥത്തില്‍ ലീഗിന്റെ അവസ്ഥ ദയനീയമാണ്.

പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിപ്പിക്കുന്ന ഈ ആഭ്യന്തരക്കുഴപ്പം മൂടിവയ്ക്കാന്‍ ലീഗ് കലാപത്തിന്റെ വഴി സ്വീകരിക്കുന്ന വാര്‍ത്തകളാണ് കണ്ണൂരില്‍നിന്നുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങളൊഴിഞ്ഞ് ശാന്തമായ കണ്ണൂരിനെ വീണ്ടും അക്രമഭൂമിയാക്കിയത് മുസ്ലിം ലീഗാണ്. അവര്‍ തുടങ്ങിവച്ച അക്രമം, സിപിഐ എമ്മിന്റെ ഉന്നതരായ നേതാക്കള്‍ക്കുനേരെയുള്ള വധശ്രമത്തില്‍വരെ എത്തി. പലയിടത്തായി അക്രമവും കൊള്ളിവയ്പും ഏറ്റുമുട്ടലും നടന്നു. പരിക്കേറ്റ് നിരവധിയാളുകള്‍ ഇന്നും ആശുപത്രിയിലാണ്. കൂട്ടത്തില്‍ ഒരാള്‍ മരണമടഞ്ഞു. മരിച്ചത് ലീഗുകാരനാണ് എന്നതുകൊണ്ട്, ആ മരണത്തിലേക്ക് നയിച്ച യഥാര്‍ഥ സംഭവങ്ങളാകെ തമസ്കരിച്ച് ഭാവനയില്‍ വിരിഞ്ഞ ചില കഥകളുമായി യുഡിഎഫും പൊലീസും യുഡിഎഫ് അനുകൂല മാധ്യമങ്ങളും രംഗത്തിറങ്ങുന്നതാണ് പിന്നെ കണ്ടത്. അങ്ങനെ പ്രചരിപ്പിച്ച ഒരു കഥയാണ്, "പാര്‍ടി കോടതി" എന്നത്. ഡസന്‍കണക്കിനാളുകളെ കൊല്ലാക്കൊലചെയ്തും കൊള്ളിവയ്പും കൊള്ളയും നടത്തിയും താലിബാനെ വെല്ലുന്ന പേക്കൂത്ത് നടത്തുന്ന ലീഗിനെ വെള്ളപൂശാന്‍ ഒരടിസ്ഥാനവുമില്ലാത്ത, തെളിവിന്റെ അംശംപോലുമില്ലാത്ത ഒരു കഥ പ്രചരിപ്പിക്കുകയാണ്. സിപിഐ എം നേതാക്കളെ ഗൂഢാലോചനക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ അതിനുപുറമെ നടക്കുന്നു.

കണ്ണൂര്‍ ജില്ലയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിന് ഉള്ളതും ദൃഢപ്പെടുന്നതുമായ സ്വാധീനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണുണ്ടാകുന്നത്. അതില്‍ യുഡിഎഫ് നേതൃത്വവും പൊലീസും ഭരണതലത്തിലെ ഉന്നതരും ചില മാധ്യമങ്ങളും തീവ്രവാദ ശക്തികളും പങ്കാളികളാകുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലതന്നെ, ലീഗിന്റെ അക്രമ രാഷ്ട്രീയത്തെ സംരക്ഷിക്കാന്‍ രംഗത്തെത്തുകയാണ്. കോണ്‍ഗ്രസിന്റെ പതാക കീറിയെറിഞ്ഞ് കളയുന്ന ലീഗ്പോക്കറ്റുകളിലെ താലിബാന്‍ മാതൃക സഹിച്ച് ജീവിക്കുന്ന സ്വന്തം അണികളെപ്പോലും മറന്ന് കെപിസിസി അധ്യക്ഷന്‍ ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനുനേരെ നീട്ടുന്നു. സ്വന്തം പാളയത്തിലെ താലിബാനിസ്റ്റുകളെയും ഫാസിസ്റ്റുകളെയും കെട്ടിപ്പിടിച്ച് സിപിഐ എമ്മില്‍ ദൂഷ്യങ്ങള്‍ ആരോപിച്ച് പ്രചാരണത്തിനിറങ്ങുന്ന കോണ്‍ഗ്രസ്, ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഓര്‍ക്കുന്നത് നന്ന്.

സിപിഐ എം മതനിരപേക്ഷ സമീപനം വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികൊണ്ടുതന്നെ, രക്തം ചിന്തിക്കൊണ്ടുതന്നെ തെളിയിച്ച പാര്‍ടിയാണ്. ഒരു വര്‍ഗീയതയോടും സന്ധിചെയ്യാന്‍ തയ്യാറാകാത്ത പാര്‍ടിയുമാണ്. ഇല്ലാത്ത "പാര്‍ടികോടതി"യെക്കുറിച്ച് ആവര്‍ത്തിച്ചുപറഞ്ഞതുകൊണ്ടോ, അന്വേഷണ ഏജന്‍സികളെ ആയുധമാക്കിയതുകൊണ്ടോ, പൊലീസിനെ കയറൂരിവിട്ടതുകൊണ്ടോ സിപിഐ എം തളര്‍ന്നുപോകും എന്നത് മൗഢ്യചിന്തയാണെന്ന് ലീഗും യുഡിഎഫും ഓര്‍ക്കുന്നത് നന്ന്.

deshabhimani editorial 260312

1 comment:

  1. യുഡിഎഫിലെ രണ്ടാംകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഏതാനും ചില ജില്ലകളില്‍മാത്രമാണ് ഗണ്യമായ സ്വാധീനമുള്ളത്. അങ്ങനെയുള്ള എല്ലായിടത്തും ആ പാര്‍ടിക്കാര്‍ തമ്മിലടിച്ച് ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുകയാണ്. ലീഗിന്റെതന്നെ സമുന്നതരായ നേതാക്കളും പൊലീസും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ലീഗ് അണികളാല്‍ പരസ്യമായി കൈയേറ്റം ചെയ്യപ്പെടുന്നു. അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടി കോണ്‍ഗ്രസിനു മുന്നില്‍ നാണംകെടേണ്ടിവരുന്ന സ്ഥിതിയാണ് ലീഗിന്. ഇതിലൊക്കെ പ്രതിഷേധിച്ച് അണികള്‍ സമുന്നതനേതാവിന്റെ വസതിയിലേക്ക് മാര്‍ച്ചുചെയ്യുന്ന സ്ഥിതിവരെയായി. അക്ഷരാര്‍ത്ഥത്തില്‍ ലീഗിന്റെ അവസ്ഥ ദയനീയമാണ്.

    ReplyDelete