Wednesday, March 28, 2012

റിട്ടേണിങ് ഓഫീസര്‍ക്കു പിന്നാലെ നെയ്യാറ്റിന്‍കരയില്‍ മറ്റുദ്യോഗസ്ഥരെയും മാറ്റി

നെയ്യാറ്റിന്‍കര നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസറുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റി കോണ്‍ഗ്രസ് നേതാവിനെ കൊണ്ടുവന്നതിനു പിന്നാലെ ഇതര ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തകരെ നിയമിച്ചു. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉന്നതതല ഗൂഢാലോചന ഇതോടെ കൂടുതല്‍ വ്യക്തമായി. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫീസറുടെ ഓഫീസ് കോണ്‍ഗ്രസ് താവളമാക്കി മാറ്റാനാണ് തീരുമാനം.

ഗ്രാമവികസനവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം അസിസ്റ്റന്റ് ഡെവല്പ്മെന്റ് കമീഷണര്‍ (എഡിസി) ആണ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസര്‍. എഡിസിയായിരുന്ന ജി അനിലിനെ മാറ്റി കോണ്‍ഗ്രസ് സംഘടനയായ കെജിഒയു ആലപ്പുഴ ജില്ലാ സെക്രട്ടറി വിശ്വനാഥന്‍ ചെട്ടിയാരെ നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ഓഫീസിലെ രണ്ട് അസിസ്റ്റന്റുമാരെയും മാറ്റി പകരം കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയറ്റ് അസോസിയേഷന്‍ പ്രവര്‍ത്തകരെ നിയമിച്ചത്. സെക്രട്ടറിയറ്റില്‍ പൊതുഭരണവകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമാരായ എം അനില്‍ കുമാര്‍, എം എസ് ശബരീഷ് എന്നിവരെയാണ് ചൊവ്വാഴ്ച റിട്ടേണിങ് ഓഫീസറുടെ ഓഫീസിലേക്ക് കൊണ്ടുവന്നത്. ഇവിടെ നിന്ന് അസിസ്റ്റന്റുമാരായ എ ഷൈന്‍, ലാല്‍ കെ കൊച്ചയ്യന്‍ എന്നിവരെ മാറ്റി. ഷൈനിനെ തൃശൂര്‍ ജില്ലാ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസിലേക്കും ലാലിനെ സെക്രട്ടറിയറ്റില്‍ റെവന്യൂ വകുപ്പിലേക്കുമാണ് മാറ്റിയത്. ഷൈനിനെ സെക്രട്ടറിയറ്റില്‍ നിന്ന് തിരുവനന്തപുരം എഡിസി ഓഫീസിലേക്ക് മാറ്റിയിട്ട് നാലുമാസമായിട്ടേയുള്ളൂ. ലാലിനെ മാറ്റിയിട്ട് മൂന്നു മാസവും. ഒരു സെക്ഷന്‍ ഓഫീസറും രണ്ട് അസിസ്റ്റന്റുമാരുമാണ് എഡിസി ഓഫീസിലുള്ളത്. സെക്ഷന്‍ ഓഫീസറെയും മാറ്റാന്‍ തീരുമാനമായി. എന്നാല്‍ ഇതിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

നെയ്യാറ്റിന്‍കരയില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടക്കുന്നത് തടയാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളുടെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങള്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് റിട്ടേണിങ് ഓഫീസറുടെ ഓഫീസില്‍ പഴയ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെയുള്ള വരെ കുത്തിനിറയ്ക്കുന്നതിനു പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിയും ഗ്രാമവികസനവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ സി ജോസഫും കൂടിയാലോചിച്ചാണ് റിട്ടേണിങ് ഓഫീസറുടെ ചുമതലയുള്ള എഡിസിയെ മാറ്റി പകരക്കാരനെ കൊണ്ടുവന്നത്. അസിസ്റ്റന്റുമാരെ മാറ്റിയതാകട്ടെ മുഖ്യമന്ത്രി നേരിട്ടിടപെട്ടും.

deshabhimani 280312

1 comment:

  1. നെയ്യാറ്റിന്‍കര നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസറുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റി കോണ്‍ഗ്രസ് നേതാവിനെ കൊണ്ടുവന്നതിനു പിന്നാലെ ഇതര ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തകരെ നിയമിച്ചു. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉന്നതതല ഗൂഢാലോചന ഇതോടെ കൂടുതല്‍ വ്യക്തമായി. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫീസറുടെ ഓഫീസ് കോണ്‍ഗ്രസ് താവളമാക്കി മാറ്റാനാണ് തീരുമാനം.

    ReplyDelete